എസ്‌യുവിക്ക് 6.95 ലക്ഷത്തിന്റെ കൊതിപ്പിക്കുന്ന ഓഫർ, സുവർണാവസരം ഒരുക്കിയിരിക്കുന്നത് ഈ കമ്പനി
ലോകത്ത് തന്നെ ഏറ്റവും സുരക്ഷിതമായ വാഹന നിർമിക്കുന്നവരാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ. മൾട്ടി ആക്‌സിൽ ബസ് മുതൽ പാസഞ്ചർ കാറുകൾ വരെ നിർമിക്കുന്നതിൽ തങ്ങളുടെ വൈധഗ്ധ്യം തെളിയിച്ച ബ്രാൻഡ് ഇന്ത്യയിലെ ലക്ഷ്വറി വാഹന വിഭാഗത്തിലെ അതികായകൻമാരാണ്. ഇലക്ട്രിക്, പെട്രോൾ വാഹനങ്ങൾ ചൂടപ്പം പോലെ വിൽക്കുന്ന കമ്പനി ഉത്സവ സീസണിലും മികച്ച കച്ചോടം പിടിക്കാൻ ഒരുങ്ങുകയാണ്.
ഇതിന്റെ ഭാഗമായി ദീപാവാലി ആഘോഷങ്ങളോട് അനുബന്ധിച്ച് മോഡൽ നിരയിൽ സമാനതകളില്ലാത്ത ഓഫറുകളാണ് വോൾവോ ഇന്ത്യയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പുത്തൻ വോൾവോ കാർ വാങ്ങുമ്പോൾ ഏകദേശം 7 ലക്ഷം രൂപ വരെ വിലയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാവുന്നത്. 'ഫെസ്റ്റീവ് ഡിലൈറ്റ്' ഓഫറിന്റെ ഭാഗമായി ഏതെല്ലാം മോഡലുകളിൽ ഓഫർ ലഭ്യമാവുമെന്ന് പരിശോധിച്ചാലോ?

XC40 റീചാർജ് ഇവി, XC60 എസ്‌യുവി എന്നീ രണ്ട് മോഡലുകളിലാണ് വോൾവോ വലിയ ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. ഇതിൽ 1,78,500 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ഇലക്ട്രിക് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ കോംപ്ലിമെന്ററിയായി മൂന്ന് വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, മൂന്ന് വർഷത്തെ സമഗ്ര കാർ വാറണ്ടി, 3 വർഷത്തെ വോൾവോ കാർ സർവീസ് പ്ലാൻ എന്നിവയും വാഹനം വാങ്ങാനെത്തുന്നവർക്ക് കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
കഴിഞ്ഞില്ല ഇതുകൂടാതെ 4 വർഷത്തേക്ക് ഡിജിറ്റൽ സേവനങ്ങൾ, 8 വർഷത്തെ ബാറ്ററി വാറണ്ടി, 11 കിലോവാട്ട് വാൾ ബോക്‌സ് ചാർജർ, ട്രെ ക്രോണർ പ്രത്യേകാവകാശങ്ങൾ എന്നിവയും XC40 റീചാർജിലെ നേട്ടങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഇലക്ട്രിക് എസ്‌യുവിക്ക് നിലവിൽ ഓഫറുകളൊന്നുമില്ലാതെ ഇന്ത്യയിൽ 56.90 ലക്ഷം രൂപയാണ് വില വരുന്നത്. 1,78,500 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ഉപയോഗപ്പെടുത്തി 55.12 ലക്ഷം രൂപയിൽ ഇപ്പോൾ ഇവി വീട്ടിലെത്തിക്കാനാവും.

മറുവശത്ത് വോൾവോയുടെ XC60 ലക്ഷ്വറി എസ്‌യുവിയുടെ എക്സ്ഷോറൂം വില 67.85 ലക്ഷം രൂപയിൽ നിന്ന് 60.90 ലക്ഷം രൂപയായി കുറച്ചു. അതായത് ഏകദേശം 6.95 ലക്ഷം രൂപയുടെ വലിയ ഡിസ്‌കൗണ്ടാണ് സ്വിഡീഷ് വാഹന നിർമാതാക്കൾ ഈ മാസത്തേക്കായി ഒരുക്കിയിരിക്കുന്നത്. ഈ പ്രത്യേക വിലയ്ക്ക് പുറമെ വോൾവോയുടെ ലക്ഷ്വറി കാറിൽ അധിക ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല.
ഫെസ്റ്റീവ് ഡിലൈറ്റ് ഓഫറുകൾ സ്റ്റോക്ക് നിലനിൽക്കുന്നതുവരെ പരിമിത കാലത്തേക്ക് മാത്രമാണ് ലഭ്യമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ രണ്ട് എസ്‌യുവികൾ കൂടാതെ വോൾവോ ഇന്ത്യ നിലവിൽ ദീപാവലിക്ക് മറ്റ് കാറുകൾക്കൊപ്പം ഡിസ്‌കൗണ്ട് ഓഫറുകളോ മറ്റ് ആനുകൂല്യങ്ങളോ വാഗ്ദാനം ചെയ്യുന്നില്ല. ഉത്സവ സീസണിൽ മോഡലുകളുടെ വിൽപ്പന പരമാവധി വർധിപ്പിക്കാനാണ് ഇത്രയും വലിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

250 bhp പവറിൽ പരമാവധി 350 Nm torque വികസിപ്പിക്കുന്ന 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.0 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് 2023 XC60 ആഡംബര എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് വാഹനം വിപണിയിലെത്തുന്നത്. ഇനി മറുവശത്തേക്ക് വന്നാൽ XC40 റീചാർജ് വോൾവോയുടെ ഇന്ത്യയിലെ ആദ്യത്തെ ഇവി മോഡലാണ്.
402 bhp കരുത്തിൽ ഏകദേശം 660 Nm torque ഉത്പാദിപ്പിക്കുന്ന ഡ്യുവൽ-മോട്ടോർ സജ്ജീകരണവുമായി വരുന്ന ഇലക്ട്രിക് എസ്‌യുവിക്ക് വെറും 4.9 സെക്കൻഡിനുള്ളിൽ 0-100 വേഗതയിൽ എത്താൻ സാധിക്കും. അതേസമയം ഇവിയുടെ ഉയർന്ന വേഗത 180 കിലോമീറ്ററായി സ്വീഡിഷ് ബ്രാൻഡ് നിജപ്പെടുത്തിയിരിക്കുന്നു. XC40 റീചാർജ് അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറുകളിൽ ഒന്നുകൂടിയാണെന്നതും ശ്രദ്ധേയമാണ്.

ഒരു തവണ ചാർജ് ചെയ്താൽ പരമാവധി 418 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 78 kWh ബാറ്ററി പായ്ക്കാണ് വോൾവോ XC40 റീചാർജ് എസ്‌യുവിയിൽ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും ഇലക്ട്രിക് എസ്‌യുവിയുടെ സർട്ടിഫൈഡ് റേഞ്ച് ഏകദേശം 335 കിലോമീറ്ററാണെന്ന് വോൾവോ പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്. XC40 പെട്രോൾ പതിപ്പ് നിർത്തലാക്കിയതോടെയാണ് ബ്രാൻഡ് എസ്‌യുവിയുടെ ഓൾ-ഇലക്‌ട്രിക് പതിപ്പിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവിയിൽ 11kW കപ്പാസിറ്റിയുള്ള ഒരു വാൾബോക്‌സ് ചാർജറാണ് കമ്പനി സ്റ്റാൻഡേർഡായി നൽകുന്നത്. 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിംഗ് ഫീച്ചർ വരെ ഉപയോഗപ്പെടുത്താനാവും. അങ്ങനെ വെറും 33 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ഇവി റീചാർജ് ചെയ്യാൻ കഴിയും. വോൾവോയുടെ രണ്ടാമത്തെ ഇലക്ട്രിക് കാറായ C40 റീചാർജിന് ഉത്സവ സീസൺ ഓഫറുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.


Click it and Unblock the Notifications








