ജിംനി പുലിയാണെങ്കിൽ സിംഹം ഥാർ തന്നെ; കാരണങ്ങളുണ്ട് പറയാൻ...
ഇന്ത്യയിൽ ലൈഫ്-സ്റ്റൈൽ എസ്‌യുവികളുടെ ഡിമാന്റ് വൻതോതിൽ ഉയരുകയാണ്. രണ്ടാം തലമുറ മഹീന്ദ്ര ഥാറിന്റെ വരവാണ് വിപണി ഉണർത്തിയതെങ്കിൽ മാരുതി സുസുക്കി ജിംനി എത്തിയതോടെ ഇത് വേറെ ലെവലിലെത്തിയെന്ന് വേണം പറയാൻ. ഓൺ-റോഡിലും ഓഫ്-റോഡിലും രണ്ട് മോഡലുകൾക്കും ഒരേപോലെ മികച്ച പെർഫോമൻസ് കാഴ്ച്ചവെക്കാനാവും എന്നതാണ് ഹൈലൈറ്റ്.
അടുത്തിടെയാണ് മാരുതി സുസുക്കി ജിംനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരുന്ന വാഹനങ്ങളിൽ ഒന്നാണിതെന്ന് നിസംശയം പറയാം. ഇതുവരെ അത്ര പ്രായോഗികമല്ലാത്ത 3-ഡോർ ഓഫ്-റോഡ് വാഹനങ്ങളെ മാത്രം കണ്ടുപരിചയിച്ച ഇന്ത്യക്കാർക്ക് 5-ഡോർ ജിംനിയുടെ വരവ് തീർത്തും വിസ്‌മയമായിരുന്നു. എന്തായാലും ഇപ്പോൾ മാരുതിയുടെ ഷോറൂമുകളിൽ ജിംനി കാണാനും വാങ്ങാനും തിക്കുംതിരക്കുമാണ്.

പക്ഷേ ജിംനിയാണ് ഇനിയെല്ലാം എന്നു പറയുന്നവർക്കു മുന്നിലേക്ക് മഹീന്ദ്ര ഥാറിനെ കൊണ്ടുനിർത്തിയാൽ തീരാവുന്ന കേസേയുള്ളൂ. മാരുതി സുസുക്കിയുടെ ഓഫ്-റോഡറെ ചുറ്റിപ്പറ്റിയുള്ള എല്ലാ ഹൈപ്പുകളും മുകളിലാണ് മഹീന്ദ്രയുടെ സ്ഥാനമെന്ന് ചുമ്മാ പറയുന്നതല്ല. നിങ്ങളൊരു ലൈഫ്-സ്റ്റൈൽ സ്പോർട് യൂട്ടിലിറ്റി വാഹനം വാങ്ങാൻ പ്ലാനിടുകയാണെങ്കിൽ ജിംനിയെക്കാൾ ഥാറിനെ എന്തുകൊണ്ട് പരിഗണിക്കണം എന്ന് പറയാനുള്ള ചില കാരണങ്ങളും തെളിവുകളും ഇതാ...
ആദ്യത്തേത് തന്നെ രണ്ട് ഡീസൽ എഞ്ചിനുകളുടെ സാന്നിധ്യമാണ്. ജിംനി ഒരു പെട്രോൾ മാത്രമുള്ള എസ്‌യുവി ആണെങ്കിൽ, ഥാറിന് പെട്രോളും രണ്ട് ഡീസൽ എഞ്ചിനുകളും ഉണ്ട്. എസ്‌യുവികളും ഡീസൽ എഞ്ചിൻ കോമ്പിനേഷനും വേറെ സുഖമാണെന്ന് അറിയാല്ലോ. ജിംനിയുടെ വലിയ പോരായ്‌മകളിൽ ഒന്നും ഇതുതന്നെയാണ്. 1.5 ലിറ്റർ ഡീസലും 2.2 ലിറ്റർ ഡീസൽ എഞ്ചിനുമാണ് ഥാറിന്റെ പ്രത്യേകത.

ഥാറിന്റെ 1.5 ലിറ്റർ ഡീസൽ എഞ്ചിന് 116 bhp പവറോളം ഉത്പാദിപ്പിക്കാനാവുമ്പോൾ 2.2 ലിറ്റർ ഡീസൽ എഞ്ചിന് 128 bhp കരുത്തോളം നൽകാനാവും. രണ്ട് എഞ്ചിനുകൾക്കും 300 Nm torque ഔട്ട്പുട്ടാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മാരുതി സുസുക്കി ജിംനിക്ക് മുകളിൽ മഹീന്ദ്രയുടെ ഥാർ എസ്‌യുവി മോഡൽ വാങ്ങാൻ പറയാനുള്ള ആദ്യ കാരണങ്ങളിൽ ഒന്നായി ഇതുതന്നെ പറയാം.
എസ്‌യുവികൾ വാങ്ങുന്നതിനുള്ള പ്രധാന കാരണങ്ങളിൽ മറ്റൊന്ന് ഈ വാഹനങ്ങൾ നൽകുന്ന റോഡ് പ്രെസൻസ് എന്ന സംഗതിയാണ്. ഇതിന് അതീവ പ്രാധാന്യമാണുള്ളത്. മഹീന്ദ്ര ഥാർ വരുന്നത് കാണുമ്പോൾ തന്നെ ആ ഗാംഭീര്യം കിട്ടും. ഇന്ത്യയിൽ ത്രീ-ഡോർ വാഹനങ്ങൾ അധികമില്ലാത്തതിനാൽ ഇത് റോഡിലെ ആളുകളുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യും. മാത്രമല്ല, വീതിയും ഉയരവുമുള്ളതിനാൽ ജിംനിയേക്കാൾ റോഡ് പ്രെസൻസാണ് ഥാറിനുള്ളത്.

ഥാറിന്റെ വലിയ വിൽപ്പന പോയിന്റുകളിലൊന്ന് എല്ലായ്പ്പോഴും സോഫ്റ്റ്-ടോപ്പ് കൺവേർട്ടബിൾ വേരിയന്റുകളാണ്. ഈ ഓപ്ഷൻ നൽകുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വാഹനമാണിത്. കൂടാതെ ഫാക്ടറി ഫിറ്റഡ് ഹാർഡ്-ടോപ്പ് ഓപ്ഷനും എസ്‌യുവിയുടെ പ്രത്യേകതയാണ്. അത് പിന്നിലെ യാത്രക്കാരെ മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷിക്കുകയും സുരക്ഷിതവുമാക്കുന്നു. മറുവശത്ത്, ജിംനി ഹാർഡ്-ടോപ്പ് പതിപ്പിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത് എന്നത് ഒരു പോരായ്‌മയായി വേണമെങ്കിൽ കാണാം.
ഓഫ് റോഡിംഗിൽ ഏറെ സഹായകരമാവുന്ന മെക്കാനിക്കൽ റിയർ-ലോക്കിംഗ് ഡിഫറൻഷ്യൽ ഥാറിന് ഓപ്ഷണലായി ലഭിക്കുന്നുണ്ട്. ഇത് പിൻ വീലുകളിലേക്ക് 50:50 അനുപാതത്തിൽ പവർ വിഭജിക്കുന്നു. ഥാറിന്റെ ഫോർ വീൽ ഡ്രൈവ് വേരിയന്റുകളിൽ മാത്രമാണ് ഡിഫറൻഷ്യൽ വാഗ്ദാനം ചെയ്യുന്നത്. താരതമ്യപ്പെടുത്തുമ്പോൾ ജിംനിക്ക് ബ്രേക്ക് ലോക്കിംഗ് ഡിഫറൻഷ്യൽ മാത്രമേ ലഭിക്കൂ. അത് ഥാറിലും വാഗ്ദാനം ചെയ്യുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ മാരുതിക്ക് മുകളിൽ മഹീന്ദ്രക്ക് ആധിപത്യം സ്ഥാപിക്കുന്നു.

ജിംനിയുടെ ഔദ്യോഗിക അവതരണത്തിന് തൊട്ടുമുമ്പ് ഥാർ റിയർ വീൽ ഡ്രൈവ് അവതരിപ്പിക്കാൻ മഹീന്ദ്ര തീരുമാനിച്ചത് വലിയ നേട്ടങ്ങളിൽ ഒന്നാണ്. ഇതിനർഥം ഥാറിന്റെ പ്രാരംഭ വില ഇപ്പോൾ ജിംനിയേക്കാൾ കുറവാണെന്നാണ് അർഥം. മാത്രമല്ല, എല്ലാവരും ഓഫ് റോഡിങ്ങിന് വേണ്ടി ഥാർ വാങ്ങുന്നില്ലെന്നതും പ്രത്യേകം ഓർമിക്കാം. ചിലർ ഥാർ വാങ്ങുന്നത് തന്നെ റോഡ് അപ്പീലിന് വേണ്ടിയാണ്.
ഇത്തരം കാര്യങ്ങൾ നോക്കുമ്പോൾ മാരുതി ജിംനിയേക്കാൾ മികവ് മഹീന്ദ്ര ഥാറിന് ഉണ്ടെന്ന് മനസിലാക്കാം. എങ്കിലും രണ്ട് വാഹനങ്ങൾക്കും അവരവരുടേയായ ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്നതും യാഥാർഥ്യമാണ്. പ്രായോഗികത കൂടുതൽ മാരുതി സുസുക്കി ജിംനിക്കാണെങ്കിലും മേൽപറഞ്ഞതു പോലുള്ള ചില കാര്യങ്ങളിൽ ഥാർ മികവുറ്റു നിൽക്കുന്നുണ്ടെന്നത് യാഥാർഥ്യം തന്നെയാണ്.


Click it and Unblock the Notifications








