കോട്ടയാണ് ഉരുക്കുകോട്ട! വിൽപനയിൽ മാരുതി ഒന്നാമനാവാനുള്ള പ്രധാന കാരണങ്ങൾ?
പുതിയതായാലും പഴയതായാലും കണ്ണുംപൂട്ടി വാങ്ങാനാവുന്ന കാറുകളാണ് മാരുതി സുസുക്കിയുടേത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളെന്ന നേട്ടവുമായി കമ്പനി കുതിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. വിൽപ്പനയുടെ കാര്യത്തിൽ കമ്പനിയെ വെല്ലാൻ എതിരാളികൾക്കായിട്ടില്ലെന്നു മാത്രമല്ല ഇതിനു പിന്നിലെ വിജയമന്ത്രം എന്തെന്ന് കണ്ടുപിടിക്കുന്നതിലും മറ്റ് ബ്രാൻഡുകൾ പരാജയമാണ്.
കുറഞ്ഞ മെയിന്റനെൻസും കിടിലൻ മൈലേജും ചേർത്താണ് കമ്പനി ഇപ്പോഴും ആളെപിടിക്കുന്നതന്ന് വേണമെങ്കിൽ പറയാം. സേഫ്റ്റിയില്ലായ്‌മയെല്ലാം പറഞ്ഞ് എതിരാളികൾ വിമർശിക്കാറുണ്ടെങ്കിലും ഒരു സാധാരണക്കാരൻ കാർ വാങ്ങാൻ തീരുമാനിച്ചാൽ ആദ്യമോടിയെത്തുക മാരുതിയുടെ ഷോറൂമിലേക്കാവും. ഇന്ത്യക്കാരുടെ പൾസറിഞ്ഞ് വാഹനം പുറത്തിറക്കാൻ ഇത്രയും മിടുക്കുള്ളവർ വേറെയുണ്ടോന്ന് വരെ സംശയിക്കാം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓരോ മാസവും ലക്ഷക്കണക്കിന് കാറുകളാണ് കമ്പനി ആഭ്യന്തര വിപണിയിലും മറ്റ് വിദേശ വിപണികളിലുമായി വിറ്റഴിക്കുന്നത്. സുരക്ഷയുടെ കാര്യത്തിൽ ഉപഭോക്താക്കൾ ആശങ്കകൾ ഉന്നയിക്കാറുണ്ടെങ്കിലും ഇന്നും നമ്പർ വണ്ണായി മാരുതി തുടരാൻ കാരണങ്ങൾ പലതുണ്ട്. ഹ്യുണ്ടായിയും ടാറ്റയുമെല്ലാം ബദലായുണ്ടെങ്കിലും ഇത്രയും ആളുകൾ മാരുതി തെരഞ്ഞെടുക്കാൻ ചില റീസണുകളുണ്ട്. ഒന്നാമനായി മാരുതി തുടരാനുള്ള പ്രധാന കാരണങ്ങൾ നമുക്കൊന്ന് ചികഞ്ഞുനോക്കിയാലോ.
ഡീലർഷിപ്പ്: ഇന്ത്യയിലെ ഏതൊരു വണ്ടിക്കമ്പനിക്കും സ്വപ്നം പോലും കാണാനാത്തത്ര വലിയ ഡീലർഷിപ്പ് ശൃംഖലയാണ് മാരുതിയുടെ വജ്രായുധം. 2022 നവംബറിൽ മാരുതി 3500 ഡീലർഷിപ്പ് എന്ന നേട്ടത്തിൽ എത്തിയിരുന്നു. ഇത് വിൽപ്പന വർധിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഈ ഓരോ ഡീലർഷിപ്പും പ്രതിമാസം 2 കാറുകൾ പോലും വിറ്റഴിച്ചാൽ പോലും കമ്പനിക്ക് 7,000 യൂണിറ്റ് വിൽപ്പന കിട്ടും. ഇത് വിപണിയിലെ മറ്റ് കമ്പനികളുടെ മൊത്തത്തിലുള്ള കണക്കുകൾ മാത്രമാണെന്നതും രസകരമായ കാര്യമാണ്.

സർവീസ്: ഒരു വാഹനം വാങ്ങിയാൽ ഏറ്റവും പ്രധാനമായി ചെയ്യേണ്ടൊരു കാര്യമാണ് കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യുക എന്നത്. രാജ്യത്തിന്റെ ഏതുകോണിലും മാരുതിക്ക് സർവീസ് സെന്ററുണ്ടാവും. രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിൽ പോലും വിജയകരമായി സർവീസ് സെന്ററുകൾ പ്രവർത്തിപ്പിക്കുന്നവരാണ് കമ്പനി. ഡീലർഷിപ്പുകൾ പോലെ തന്നെ സർവീസ് നെറ്റ്‌വർക്കും ഇത്രത്തോളമുള്ള മറ്റൊരു വാഹന നിർമാതാക്കൾ ഇന്ത്യയിൽ ഇല്ലെന്നു വേണം പറയാൻ.
കാറുകൾ തികച്ചും വിശ്വസനീയമാണെന്നതിനാൽ അധികം പണികളൊന്നും കിട്ടാതെ കുറഞ്ഞ ചെലവിൽ കൊണ്ടുനടക്കാനുമാവും. പൊതുവെ മെയിന്റനെൻസ് ഏവർക്കും തലവേദന നൽകുന്ന ഒന്നാണല്ലോ. മാരുതി കാറുകളുടെ വിജയവും ഇവിടെയാണ്. ടാറ്റ മോട്ടോർസ് ഏറെ പഴികേൾക്കുന്നൊരു രംഗവും സർവീസിന്റേതാണെന്ന് ഏവർക്കുമറിയാം. മാരുതി കാറുകൾ ലളിതമായി നിർമിക്കുന്നവയാണ്. ആയതിനാൽ ഏത് ചെറിയ വർക്ക്‌ഷോപ്പിൽ കൊണ്ടുപോയാലും നന്നാക്കിയെടുക്കാം. പ്രാദേശിക മെക്കാനിക്കുകളിൽ ഭൂരിഭാഗം ആളുകൾക്കും മാരുതി കാറുകളുടെ മെക്കാനിക്കൽ സംവിധാനങ്ങളെ കുറിച്ച് നന്നായി അറിയാവുന്നവരുമാണ്.

സ്പെയർ പാർട്‌സുകളുടെ ലഭ്യത: ഏറെക്കാലും മുമ്പ് നിർത്തലാക്കിയ 800, സെൻ ഹാച്ച്ബാക്കുകളുടെ സ്പെയർ പാർട്സുകൾ വരെ ഇപ്പോളും വിപണിയിൽ സുലഭമാണ്. ആയതിനാൽ ഇക്കാര്യത്തിലും ടെൻഷനൊന്നും വേണ്ട. മാത്രമല്ല പാർട്‌സുകൾക്ക് തീവിലയില്ലെന്നതും മാരുതി കാറുകളുടെ ഉടമകൾക്ക് ആശ്വസിക്കാനാവുന്ന കാര്യമാണ്. വേണമെങ്കിൽ ഓൺലൈനിൽ വരെ വണ്ടിയുടെ ഏത് പാർട്‌സും വാങ്ങാൻ ഇന്നാവും.
കൂടുതൽ മോഡലുകൾ: ഏറ്റവും കൂടുതൽ കാറുകൾ ഇന്ത്യൻ വിപണിയിലെത്തിക്കുന്ന കമ്പനിയും മാരുതി സുസുക്കിയാണ്. അരീന, നെക്‌സ ഡീലർഷിപ്പുകളിലായി വ്യാപിച്ചുകിടക്കുന്ന 15-ലധികം മോഡലുകൾ മാരുതിക്ക് ഇന്നുണ്ട്. ഇതിനു പുറമെ ജിംനിയും ഇന്നോവ ഹൈക്രോസിന്റെ പുനർനിർമിത പതിപ്പും കൂടെ ഷോറൂമുകളിലേക്ക് എത്തുന്നതോടെ ലൈനപ്പ് കൂടുതൽ സ്ട്രോംഗാവും. ഈ മോഡലുകൾക്കെല്ലാം വളരെ മത്സരാധിഷ്ഠിത വിലയുണ്ടെന്നതും ആളുകളെ ആകർഷിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് ഇന്ത്യ പോലെ വിലയുടെ കാര്യത്തിൽ ഇത്രയും ഉത്കണ്ഠയുള്ളൊരു രാജ്യത്ത്.


Click it and Unblock the Notifications








