ഒന്ന് ചാർജ് ചെയ്‌താൽ 410 കി.മീ. ചുറ്റിയടിക്കാം, ടാറ്റയെ തറപറ്റിക്കാൻ ഈ ഇലക്‌ട്രിക് കാർ എത്തുമോ?
ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് കാറുകൾ ട്രെൻഡിംഗ് ആയെങ്കിലും ആഗോള തലത്തിലേതു പോലെ തെരഞ്ഞെടുക്കാൻ ഒരുപാട് ഓപ്ഷനുകളൊന്നുമില്ലെന്നത് ശരിക്കും നിരാശപ്പെടുത്തുന്ന കാര്യമാണ്. പക്ഷേ പതിയെ നമ്മുടെ നിരത്തുകളിലേക്കും ഇവികൾ കടന്നുവരുന്നുണ്ടെന്ന് വേണം പറയാൻ. ആഗോള വാഹന ഭീമൻമാരെല്ലാം കിടുക്കാച്ചി മോഡലുകളെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാനുള്ള വലിയ പദ്ധതികളെല്ലാം അണിയറയിൽ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
എംജി കോമെറ്റ് ഇവിയെല്ലാം എത്തിയത് ഇതിനുള്ള ഉദാഹരണം മാത്രമാണ്. ആഗോള വിപണിയിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ പോകുന്ന ഇലക്ട്രിക് കാറുകളിലെ അടുത്ത പ്രമുഖനാണ് BYD സീഗൾ. ചൈനയിലാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ബ്രാൻഡ് അടുത്ത വർഷത്തോടെ ഇത് നമ്മുടെ നിരത്തുകളിലേക്കും എത്തിക്കും. പ്രാഥമികമായി ഇന്തോനേഷ്യയിൽ ഈയിടെ സമാരംഭിച്ച വുലിംഗ് ബിങ്കുവോ ഇവിയുടെ എതിരാളിയാണ് സീഗൾ ഇവി.

വുലിംഗ് ബിങ്കുവോ ഇന്ത്യയിലേക്കും എത്തിയാൽ കാര്യങ്ങൾ കൂടുതൽ രസകരമാവും. എംജി കോമെറ്റിനേക്കാൾ പ്രായോഗികമായ ഇലക്‌ട്രിക് കാറായതിനാലാണ് ഈയൊരു അഭിപ്രായം വന്നിരിക്കുന്നത്. പക്ഷേ ഇവിടെയെത്തുമ്പോൾ എംജി ബ്രാൻഡിന് കീഴിലായിരിക്കും പുറത്തിറക്കുക. ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളിലേക്കുള്ള പരിവർത്തനം വേഗത്തിലായിരിക്കുന്നതിനാൽ വളരെയധികം സാധ്യതകളാണ് തെളിയുന്നത്.
ടാറ്റയും മഹീന്ദ്രയും പോലുള്ള തദ്ദേശീയ ഇന്ത്യൻ ബ്രാൻഡുകൾ ഈ വിഭാഗത്തിൽ കൂടുതൽ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതും ഇതിനുള്ള തെളിവാണ്. ഹ്യുണ്ടായി, കിയ, BYD, എംജി തുടങ്ങിയ മറ്റ് ബ്രാൻഡുകൾ പുതിയതും താങ്ങാനാവുന്നതുമായ ഇലക്ട്രിക് വാഹനങ്ങളുമായി കളംനിറയാനാണ് ശ്രമിക്കുന്നത്. ഇവിടെ ബജറ്റ് ഫ്രണ്ട്ലി ഇവികളാണ് കൂടുതൽ ക്ലിക്കാവാൻ സാധ്യതയേറെയുള്ളത്.

നിലവിൽ 3-ഡോർ കോമെറ്റ് ഇവിയുടെ സമീപകാല ലോഞ്ചിലൂടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന മുഖ്യധാരാ ഇലക്ട്രിക് കാർ പട്ടം സ്വന്തമാക്കാനും എംജി മോട്ടോർസിനായിരുന്നു. കമ്പനി ഇന്ത്യക്കായി ബിങ്കുവോ ഇവി പരിഗണിക്കുകയാണെങ്കിൽ ടാറ്റ ടിയാഗോ ഇവി, സിട്രൺ eC3, ടിഗോർ ഇവി എന്നിവയ്ക്ക് ഇതൊരു മികച്ച എതിരാളിയാകും. കോമെറ്റിനേക്കാൾ കൂടുതൽ പ്രായോഗികമായ മോഡൽ എന്ന നിലയിൽ ആളുകൾക്ക് കൂടുതൽ അടുക്കാനും കഴിയും.
ഇന്തോനേഷ്യയിൽ വുലിംഗ് ബിങ്കുവോ ഇവിക്ക് 19 ലക്ഷം രൂപയോളമാണ് വില വരുന്നത്. കോമെറ്റിനെ പോലെ കൂടുതൽ പ്രാദേശികവത്ക്കരിച്ചാൽ നല്ലൊരു വിലയ്ക്ക് വണ്ടിയെ ഇവിടെയും പരിഗണിക്കാനാവുന്നതാണ്. ഇതിന് 3,950 mm നീളവും 1,708 mm വീതിയും 1,580 mm ഉയരവും 2,560 mm വീൽബേസും ഉണ്ട്. വരാനിരിക്കുന്ന BYD സീഗലിനേക്കാൾ വലുതാണ് ഈ ഇവിയെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഡിസൈനിലേക്ക് വന്നാൽ ഇന്തോനേഷ്യയിൽ മൗസ് ഗ്രീൻ, ഗാലക്സി ബ്ലൂ, മിൽക്ക് ടീ എന്നീ കളർ ഓപ്ഷനുകളിലാണ് മോഡൽ സ്വന്തമാക്കാനാവുന്നത്. ഹെഡ്‌ലൈറ്റുകളിലും ടെയിൽ ലൈറ്റുകളിലും X-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ സിഗ്നേച്ചർ, സ്ലീക്ക് പ്രൊജക്ടർ ഹെഡ്‌ലൈറ്റ്, വളഞ്ഞതും മിനിമൽ ഷീറ്റ് മെറ്റൽ ഡീറ്റൈലിംഗ്, വാട്ടർ സ്പ്ലാഷ് ഡിസൈൻ 15 ഇഞ്ച് വീൽ കവറുകൾ എന്നിവയാണ് കാറിനെ അഴകുറ്റതാക്കുന്നത്. മൊത്തത്തിൽ മികച്ചതും ആകർഷകവുമായ രൂപമാണ് കാറിനുള്ളത്.
ഇൻ്റീരിയറിലേക്ക് കയറിയാൽ ഇന്ത്യയിൽ പുറത്തിറക്കിയ എംജി കോമെറ്റ് ഇവിയുമായി കുറച്ച് സാമ്യങ്ങൾ കാണാൻ കഴിയും. ഒരേ ഹൗസിംഗിൽ ഇരട്ട 10 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേകൾ, പോഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, ഗിയർ സെലക്ട് ഡയൽ എന്നിവ കോമെറ്റിലേതിനു സമാനമാണ്. കീ ഫോബ് പോലും സമാനമാണെന്നതും രസകരമാണ്. ലെതറെറ്റ് ധരിച്ച ഡാഷ്‌ബോർഡും ക്ലാഡിംഗും സ്റ്റിച്ചിംഗും ഉള്ള വലിയ ഡോർപാഡുകളും കാറിലുണ്ട്.

ചാർജിംഗ് അനുയോജ്യതയുള്ള രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് മോഡൽ വിപണിയിലെത്തുന്നത്. ആദ്യത്തേത് 31.9 kWh ശേഷിയിൽ 41 bhp പവർ നൽകുന്ന മോട്ടോറാണ്. ഇതിന് പൂർണ ചാർജിൽ 333 കിലോമീറ്റർ വരെ റേഞ്ച് നൽകാനും സാധിക്കും. രണ്ടാമത്തേത് 37.9 kWh ശേഷിയിൽ 68 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന മോട്ടോറാണ്. ഇവിടെ സിംഗിൾ ചാർജിൽ 410 കിലോമീറ്റർ റേഞ്ചാണ് വുലിംഗ് ബിങ്കുവോ ക്ലെയിം ചെയ്‌തിരിക്കുന്നത്.
വുലിംഗ് ബിങ്കുവോ ഇവി ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരുന്നത് എംജി മോട്ടോർ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കമ്പനിക്ക് ഇന്ത്യയിലെ തങ്ങളുടെ ഇവി നിര കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടാറ്റ മോട്ടോർസുമായുള്ള മത്സരം കൊഴുപ്പിക്കുന്നതിനുമായി ഇത്തരം മോഡലുകളെ റീബാഡ്‌ജ് ചെയ്‌ത് എളുപ്പത്തിൽ അവതരിപ്പിക്കാനാവും. അങ്ങനെയെങ്കിൽ താങ്ങാനാവുന്ന വിലയുള്ള മറ്റൊരു മാസ്മാർക്കറ്റ് ഇവിയും നമുക്ക് സ്വന്തമാവും.


Click it and Unblock the Notifications








