ഷോറൂമുകൾ നിറയ്ക്കാൻ രണ്ട് പുത്തൻ ബൈക്കുകൾ നാളെ എത്തും, യമഹയെ ഇനി പിടിച്ചാൽ കിട്ടൂല്ലാ...
സൂപ്പർബൈക്കുകളെന്നു കേട്ടാൽ പലർക്കും ആദ്യം ഓർമ വരുന്ന പേരുകൾ ഡ്യുക്കാട്ടി, കവസാക്കി, ബിഎംഡബ്ല്യു എന്നെല്ലാമായിരിക്കും. പക്ഷേ ലോകത്തിൽ തന്നെ ഏറ്റവും മികച്ച സ്പോർട്‌സ് മോട്ടോർസൈക്കിളുകളും പ്രീമിയം ബൈക്കുകളും പുറത്തിറക്കുന്നവരാണ് യമഹയെന്ന് പലരും മറന്നുപോയ സംഭവമാണ്. ഇന്ത്യയിൽ കൂടുതൽ ബജറ്റ് ഓറിയന്റഡ് മോഡലുകൾ പുറത്തിറക്കുന്നതിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ജാപ്പനീസ് ബ്രാൻഡിന്റെ ഉന്നവും സാധാരണക്കാരാണ്.
എന്നാൽ കാലം മാറിയതോടെ കോലവും മാറാനുള്ള തയാറെടുപ്പിലാണ് യമഹ ഇപ്പോൾ. ഹോണ്ട, ഹീറോ എന്നീ എതിരാളികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്ത്യയില്‍ പ്രീമിയം ബൈക്കുകൾ കൊണ്ടുവരുന്നതിന് എന്തോ യമഹ മടികാണിച്ചവരാണ് കമ്പനി. ഇതിനുള്ള മറുപടി ഇന്ത്യക്കാർ പതിയെ വിൽപ്പന കണക്കുകളിലും കാണിച്ച് തുടങ്ങിയപ്പോഴാണ് പ്ലാൻ മാറ്റിപ്പിടിക്കാൻ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ തീരുമാനിച്ചത്.

സൂപ്പർബൈക്കുകൾ പോലും ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന വിപണിയാണ് ഇന്ത്യയുടേത്. ഇന്ത്യയില്‍ അടുത്ത കാലത്തായി പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള പ്രചാരം ഏറി വരുന്ന സാഹചര്യം മുതലെടുക്കാനായി രണ്ട് പ്രീമിയം മോട്ടോർസൈക്കിളുകളെ കൊണ്ടുവരാൻ യമഹ ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്വിൻ-സിലിണ്ടർ R3, സ്ട്രീറ്റ് പതിപ്പായ MT-03 മോഡലുകൾ ഡിസംബറിൽ എത്തുമെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കാത്തിരുന്ന രണ്ട് ബൈക്കുകളും നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 2020-ന്റെ തുടക്കത്തിൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതിനോട് അനുബന്ധിച്ചാണ് യമഹ R3 ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചത്. ഇപ്പോൾ രണ്ടാംവരവിന് ഒരുങ്ങുമ്പോൾ പ്രതീക്ഷകളും വാനോളമാണ്. എന്നാൽ ഇതാദ്യമായാണ് MT03 നേക്കഡ് പ്രീമിയം മോട്ടോർസൈക്കിൾ രാജ്യത്ത് എത്തുന്നത്.

ചെറിയ പതിപ്പായ MT-15 തീർത്ത വിസ്‌മയം മറ്റൊരു തലത്തിലെത്തിക്കാൻ പുതിയ ട്വിൻ സിലിണ്ടർ മോഡലിനാവുമെന്നാണ് സൂചന. R3, MT-03 എന്നിവ ഒരേ പ്ലാറ്റ്ഫോം പങ്കിടുന്നതിനാൽ രണ്ട് മോട്ടോർസൈക്കിളുകളിലെയും എഞ്ചിൻ, ഷാസി, ട്രാൻസ്മിഷൻ, സസ്പെൻഷൻ എന്നിവ ഒന്നുതന്നെയാണ്. YZF-R3 , MT-03 എന്നിവ ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ഡിസൈനിന്റെ കാര്യത്തില്‍ വ്യത്യസ്തമാണ്.
യമഹ R3 ഒരു ഫുള്‍ ഫെയര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്കായാണ് വരുന്നതെങ്കില്‍ MT-03 അതിന്റെ നേക്കഡ് സ്ട്രീറ്റ്‌ഫൈറ്ററാണ്. 41.4 bhp കരുത്തിൽ പരമാവധി 29.6 Nm torque ഉത്പാദിപ്പിക്കുന്ന 321 സിസി, ലിക്വിഡ് കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ് മോട്ടോർസൈക്കിളുകൾക്ക് കരുത്ത് പകരുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്തിയാൽ സസ്പെൻഷൻ നിർവഹിക്കുന്നത് മുന്നിൽ അപ് സൈഡ് ഡൌൺ ഫോർക്കുകളും (USD) പിന്നിൽ മോണോഷോക്കും ആണ്. മുന്നിലും പിന്നിലും സിംഗിൾ ഡിസ്‌കാണ് ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും ഓഫറിലുണ്ട്. 17 ഇഞ്ച് അലോയ് വീലുകളാണ് ഇരുവശത്തുമുള്ളത്. അതിനാൽ പുതിയ ടയറുകൾ എല്ലായിടത്തും ലഭ്യമാവുകയും ചെയ്യും.
R3, MT-03 എന്നിവയ്‌ക്കൊപ്പം യമഹ ഫാൻസി ഫീച്ചറുകളൊന്നും വാഗ്ദാനം ചെയ്യുന്നില്ല. ഇതെല്ലാം ഉപഭോക്താക്കൾ എങ്ങനെ ഉൾക്കൊള്ളുമെന്ന് കണ്ടറിയണം. രണ്ട് മോട്ടോർസൈക്കിളുകളും എൽഇഡി ലൈറ്റിംഗും റൈഡർക്ക് എല്ലാ അടിസ്ഥാന വിവരങ്ങളും കാണിക്കുന്ന എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വരുന്നത്. കവസാക്കി നിഞ്ച 300, കെടിഎം RC 390, അപ്രീലിയ RS 457 എന്നിവയ്‌ക്കെതിരെയാണ് R3 മത്സരിക്കുക.

ലോ-സെറ്റ് ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകളും റിയര്‍-സെറ്റ് ഫൂട്ട്പെഗുകളും ഫുള്‍ ഫെയേർഡ് ബൈക്കിന് കട്ട അഗ്രസീവ് ലുക്ക് നല്‍കുന്നുണ്ട്. യമഹയുടെ വലിയ സൂപ്പര്‍സ്‌പോര്‍ട്ട് നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡലുകളുടെ അനുകരണം ഇവയില്‍ കാണാം. പക്ഷേ ഫീച്ചറുകളുടെ അഭാവം തിരിച്ചടിയായേക്കാമെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ വില നിർണയത്തിലൂടെ ഇവയെ മറികടക്കാനാവുമെന്ന വിശ്വാസത്തിലാണ് യമഹ.
എങ്കിലും മോട്ടോർസൈക്കിളുകൾ ഒരു CBU അല്ലെങ്കിൽ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് ആയിട്ടായിരിക്കും ഇന്ത്യയിലെത്തുക. അതിനർഥം ഇവയ്ക്ക് ഉയർന്ന വിലയുണ്ടായിരിക്കുമെന്നാണ്. യമഹ R3-യുടെ പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില ഏകദേശം 4 ലക്ഷം രൂപയാണ്. അതേസമയം MT-03 ഏകദേശം വില 3.80 ലക്ഷം രൂപ റേഞ്ചിലും വരുമെന്നാണ് വിശ്വാസം. മോഡലുകൾക്ക് ആവശ്യത്തിന് ഡിമാൻഡ് ഉണ്ടായാൽ ഭാവിയിൽ സിബിയുവിന് പകരം മോട്ടോർസൈക്കിളുകൾ സികെഡി ആയി കൊണ്ടുവരാൻ യമഹ തയാറാവും. അങ്ങനെ വിലയും കുറക്കാനാവും.


Click it and Unblock the Notifications








