ഇനിയിപ്പോ വാഗൺആറുമായി താരതമ്യത്തിന് നിൽക്കേണ്ട! 6 എയര്‍ബാഗും ഹൈടെക് ഫീച്ചറുകളുമായി 'പുതിയ C3'
ഇന്ത്യൻ വിപണിയിൽ കൂടുതൽ കരുത്താർജിക്കാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ (Citroen). ബസാൾട്ടിന്റെ വരവോടെ ഇമേജ് മൊത്തത്തിൽ മാറിയ ബ്രാൻഡിന് പുതുശ്വാസം കിട്ടിയപോലെയാണ്. 7.99 ലക്ഷം രൂപയ്ക്ക് ഇത്രയും വലിയൊരു കൂപ്പെ എസ്‌യുവി രാജ്യത്ത് എത്തുന്നത് ഇതാദ്യമായാണ്. എന്നാൽ ഇക്കൂടെ തങ്ങളുടെ നിരയിലുള്ള ചെറുകാറായ C3 ഹാച്ച്ബാക്കിനെയും ഒന്ന് മിനുക്കിയെടുക്കാൻ സിട്രൺ തയാറായിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ വരുന്ന മോഡലിൽ ആളുകൾ കാത്തിരുന്ന നവീകരണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. മുമ്പുണ്ടായിരുന്ന ആ കുറവുകളൊക്കെ അങ്ങ് നികന്നുവെന്ന് സാരം.
രണ്ട് വർഷം മുമ്പ് വിപണിയിലെത്തിയ സിട്രൺ C3 ഹാച്ച്ബാക്കിന് എതിരാളികളെ അപേക്ഷിച്ച് ഒരുപാട് ഫീച്ചറുകള്‍ കുറവായിരുന്നു. നിർമാണത്തിൽ ചെലവ് കുറയ്ക്കാൻ എടുത്ത തീരുമാനങ്ങളെല്ലാം പാളിപ്പോവുകയായിരുന്നുവെന്ന് വേണം പറയാൻ. എസ്‌യുവി രൂപമുണ്ടായിട്ടും ഹാച്ച്ബാക്കായി മാർക്കറ്റ് ചെയ്‌ത തന്ത്രമെല്ലാം പാടെ പാളിപ്പോയി. എന്നാൽ ഇപ്പോൾ കൊണ്ടുവരുന്ന മാറ്റങ്ങളെല്ലാം പതിയെ ആളുകളിലേക്ക് അടുക്കാൻ C3 മോഡലിനെ സഹായിച്ചേക്കും.

2024 സിട്രൺ C3 ഹാച്ചിലെ പ്രധാന പരിഷ്ക്കാരങ്ങൾ എന്തെല്ലാമെന്ന് വിശദമായി പറഞ്ഞുതരാം. നവീകരണങ്ങൾക്കൊപ്പം മുമ്പത്തെ വിലയേക്കാൾ ഏകദേശം 30,000 രൂപയോളം കാറിന് ഇനി മുതൽ അധികമായി മുടക്കേണ്ടിയും വന്നേക്കും. നിലവിൽ 6.16 ലക്ഷം രൂപ മുതൽ 9.42 ലക്ഷം രൂപ വരെയാണ് കാറിന്റെ വില നിലവാരം വരുന്നത്. 6-സ്പീഡ് ഓട്ടോമാറ്റിക്' ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സുള്ള C3 ഷൈൻ പ്യുവർടെക് 110 ഓട്ടോമാറ്റിക് വേരിയൻ്റിനുള്ള വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഫീൽ വേരിയന്റിൽ നിന്ന് സിട്രൺ ടർബോ പെട്രോൾ ഓപ്ഷൻ നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോൾ C3 ഹാച്ച്ബാക്കിന്ഫെ ടോപ്പ്-സ്പെക്ക് ഷൈൻ ട്രിമ്മിൽ മാത്രമാണ് ടർബോ പെട്രോൾ മാനുവൽ, ടർബോ പെട്രോൾ ഓട്ടോമാറ്റിക് കോമ്പിനേഷനുകൾ ലഭ്യമാവുന്നത്. ഇനി വേരിയന്റ് തിരിച്ചുള്ള വിലകൾ എങ്ങനെയെന്നും പറഞ്ഞു തരാം. C3 ബേസ് ലൈവ് പ്യുർടെക് 82 മാനുവൽ വേരിയൻ്റിന് 6.16 ലക്ഷം, ഫീലിന് 7.47 ലക്ഷം, ഷൈൻ പതിപ്പിന് 8.09 ലക്ഷം എന്നിങ്ങനെയാണ് പുതുക്കിയ വില.

സിട്രൺ C3 ഷൈൻ വൈബ് പായ്ക്കിന് 8.21 ലക്ഷം, ഷൈൻ ഡ്യുവൽ ടോണിന് 8.24 ലക്ഷം, ഷൈൻ ഡ്യുവൽ ടോൺ വൈബ് പായ്ക്കിന് 8.36 ലക്ഷം, ഷൈൻ ടർബോ ഡ്യുവൽ ടോണിന് 9.29 ലക്ഷം, ഷൈണ ടർബോ ഡ്യുവൽ ടോൺ വൈബ് പായ്ക്കിന് 9.41 ലക്ഷം രൂപ എന്നിങ്ങനെ ഇപ്പോഴത്തെ എക്സ്ഷോറൂം വില വരുന്നത്. ഇനി കാറിലേക്ക് കൊണ്ടുവന്ന ഏറ്റവും പുതിയ ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കാം.
എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, 6 എയർബാഗുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 6 എയർബാഗുകൾ (ഫീൽ, ഷൈൻ ട്രിമ്മുകൾ എന്നിവയിൽ മാത്രം), ഒരു ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എസി സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഇലക്‌ട്രോണിക് ആയി മടക്കാവുന്ന ORVM എന്നീ ഫാൻസി ഫീച്ചറുകളാണ് 2024 സിട്രൺ C3 ഹാച്ച്ബാക്കിൽ അവതരിപ്പിച്ചിരിക്കുന്നത്.

വിപണിയിൽ എത്തിയ കാലം മുതൽ C3-യിൽ നിലനിന്നിരുന്ന ചില എർഗണോമിക് പിഴവുകളും സിട്രൺ പരിഹരിച്ചിട്ടുണ്ട്. പവർ വിൻഡോ കൺട്രോളുകൾ ഇപ്പോൾ ഡോർ സൈഡിലേക്ക് മാറ്റിയിട്ടുണ്ട്. ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്‌റ്റർ തുടങ്ങിയ ഫീച്ചറുകളാൽ സമ്പന്നമായ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴും മുൻനിരയിലേക്ക് എത്താനായിട്ടില്ലെങ്കിലും പതിയ ക്ലച്ചുപിടിക്കാനാവുമെന്നാണ് അനുമാനം.
പോരാത്തതിന് വാഗൺആർ പോലുള്ള കാറുകളുമായി ഇനിയൊരു താരതമ്യത്തിനും ഇടകൊടുക്കാനും C3 തയാറല്ല. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോഡ് ചാര്‍ജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് സിട്രൺ C3 ഹാച്ചിന്റെ ഹൃദയം.
ഇതിൽ മാനുവൽ ട്രാൻസ്മിഷനുമായി മാത്രം വരുന്ന NA യൂണിറ്റിന് 82 bhp പവറിൽ പരമാവധി 115 Nm torque ഉത്പാദിപ്പിക്കാൻ കഴിയും. മറുവശത്ത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ ടർബോ മോഡൽ 110 bhp കരുത്തിൽ 205 Nm torque വരെ നൽകും.


Click it and Unblock the Notifications








