മാരുതിയുടെ ഹൈബ്രിഡ് എസ്‌യുവി ഉണ്ടായിട്ടും എല്ലാർക്കും ക്രെറ്റ മതി, 6 മാസത്തിൽ വാങ്ങിയത് 1 ലക്ഷം ആളുകൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന എസ്‌യുവി ഏതെന്ന് ചോദിച്ചാൽ മുമ്പ് ഹ്യുണ്ടായി ക്രെറ്റയ്ക്കൊപ്പം (Hyundai Creta) പലരും ടാറ്റ നെക്സോണിന്റെ (Tata Nexon) പേര് കൂടി ചിലപ്പോൾ പറഞ്ഞേക്കുമായിരുന്നു. എന്നാൽ ആ സംശയമൊക്കെ മാറ്റി രാജ്യത്ത് ഏറ്റവും വിറ്റഴിയുന്ന സ്പോർട് യൂട്ടിലിറ്റി വാഹനമെന്ന നേട്ടം ക്രെറ്റ സ്വന്തമാക്കിയിട്ട് മാസങ്ങളായി. സാക്ഷാൽ മാരുതി സുസുക്കിയും ടൊയോട്ടയും ഹോണ്ടയും ടാറ്റയുമെല്ലാം കിണഞ്ഞ് ശ്രമിച്ചിട്ടും ഇക്കാര്യത്തിൽ ഹ്യുണ്ടായിയെ വീഴ്ത്താനാവുന്നില്ലെന്നതാണ് യാഥാർഥ്യം. ഇതിന്റെ രഹസ്യമെന്തെന്ന് ചോദിച്ചാൽ ആർക്കും കൃത്യമായി ഒരു ഉത്തരം പറഞ്ഞുതരാൻ സാധിച്ചേക്കുകയുമില്ല.
കൃത്യമായ ഇടവേളകളിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ ഹ്യുണ്ടായി കാണിക്കുന്ന മിടുക്ക് തന്നെയാണ് ഒരുകാര്യം. അടുത്തിടെ ക്രെറ്റയ്ക്ക് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കൊണ്ടുവന്ന് അമ്പരിപ്പിച്ച ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പുതിയൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ജനപ്രിയ മിഡ്-സൈസ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചതിന് ശേഷം ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കിയതാണ് സംഭവം.

2024 ജനുവരിയിൽ പുറത്തിറക്കിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വെറും 6 മാസത്തിനുള്ളിലാണ് 1 ലക്ഷം വിൽപ്പനയെന്ന നേട്ടം കൈപ്പിടിയിലാക്കിയതെന്ന് സാരം. രാജ്യത്ത് പ്രതിദിനം 550 ക്രെറ്റകൾ വിറ്റഴിക്കപ്പെടുന്നതായാണ് കണക്കുകൾ. ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവി ഏതെന്നുള്ളതിന് ഉത്തരമായില്ലേ... ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷയായ 'സെൻഷ്യസ് സ്പോർട്ടിനെസ്' അടിസ്ഥാനമാക്കിയാണ് ക്രെറ്റ പണികഴിപ്പിച്ചിരിക്കുന്നത്.
E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിൽ വിപണിയിൽ എത്തുന്ന ഹ്യുണ്ടായി ക്രെറ്റയ്ക്ക് 11 ലക്ഷം രൂപ മുതൽ 20.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അത്ര വിലക്കുറഞ്ഞ വാഹനം ഒന്നുമല്ലാഞ്ഞിട്ടും ചൂട് പൊറോട്ട പോലെയാണ് എസ്‌യുവി വിറ്റഴിയുന്നത് എന്നത് കണക്കിലെടുക്കുമ്പോൾ സംഗതി കളറാവുന്നുണ്ട്. ക്രെറ്റയുടെ ജനപ്രീതിയുടെ പ്രധാന കാരണം എസ്‌യുവിയുടെ ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറാണ്.

ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് പാനലിനുമായി കൊണ്ടുവന്ന ഡ്യുവൽ ഡിസ്‌പ്ലേകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, പനോരമിക് സൺറൂഫ്, ഒരു ലെവൽ 2 ADAS സ്യൂട്ട് എന്നിവയെല്ലാം സെഗ്മെന്റിലെ മറ്റൊരു മോഡലുകളിലും കിട്ടാത്ത ഫീച്ചറുകളാണ്. ഇതെല്ലാം ക്രെറ്റയെ അതിൻ്റെ ക്ലാസിലെ ഏറ്റവും ഫീച്ചർ സമ്പന്നമായ വാഹനങ്ങളിൽ ഒന്നാക്കി മാറ്റുന്നുമുണ്ട്.
കാർ വാങ്ങുമ്പോൾ സേഫ്റ്റിയും പ്രധാന പരിഗണനയിലുള്ള ഇന്ത്യക്കാരെ തൃപ്ത്തിപ്പെടുത്താനാവുന്ന തരത്തിലാണ് ഹ്യുണ്ടായി തങ്ങളുടെ മിഡ്-സൈസ് എസ്‌യുവിയെ ഒരുക്കിയിട്ടുള്ളത്. 6 എയർബാഗുകൾ, ഒരു ബ്ലൈൻഡ് വ്യൂ മോണിറ്റർ, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ് കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ പോലുള്ള സവിശേഷതകളെല്ലാം മോഡലിലുണ്ട്.

ഡിസൈൻ, ടെക്നോളജി, പെർഫോമൻസ് എന്നിവയെല്ലാം കുറഞ്ഞ വിലയിൽ സ്വന്തമാക്കാമെന്നതാണ് ഹ്യുണ്ടായി ക്രെറ്റയെ ജനപ്രിയമാക്കിയത്. ഇനി എക്സ്റ്റീരിയറിലേക്ക് നോക്കിയാൽ മുൻവശത്തെ ഗ്രില്ലും എൽഇഡി ഹെഡ്‌ലാമ്പുകളുമുള്ള ബോൾഡും ആധുനികവുമായ രൂപംതന്നെയാണ് ആദ്യം വാഹനത്തിലേക്ക് ആകർഷിക്കുക. ഒപ്പമുള്ള ഗംഭീര റോഡ് പ്രസൻസും കൂടിയവുമ്പോൾ സംഗതി കളറാവുന്നു.
1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ ഇന്ത്യയിലെത്തുന്നത്. ഈ മൂന്ന് എഞ്ചിനുകളിലും വൈവിധ്യമാർന്ന ഗിയർബോക്‌സ് കോമ്പിനേഷനുകൾ കൂടിയാവുമ്പോൾ ആരും വീണുപോവും. 6 സ്പീഡ് മാനുവൽ, ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (IVT), 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT), 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് എസ്‌യുവിയിലെ ട്രാൻസ്മിഷൻ ചോയ്‌സുകൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








