7 പേർക്ക് സുഖമായി പോവാം, കാത്തിരുന്ന കാരെൻസിന്റെ വേരിയന്റ് എത്തി, കൂട്ടിന് കണ്ണുതള്ളുന്ന വേറെ മാറ്റങ്ങളും
ഇന്ത്യൻ വിപണിയിലെ എംപിവി സെഗ്മെന്റിൽ വന്നിറങ്ങി തീപ്പൊരിയായ മോഡലാണ് കിയ കാരെൻസ്. മറാസോയിലൂടെ മഹീന്ദ്രയ്ക്ക് നേടാനാവാതെ പോയത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ കാരെൻസിലൂടെ നേടിയെടുത്തുവെന്ന് വേണം പറയാൻ. അടിക്കടി മോഡൽ നിരയിൽ പരിഷ്ക്കാരം നടപ്പിലാക്കുന്ന ബ്രാൻഡ് ദേ ജനപ്രിയനിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്.
കാരെൻസിന്റെ 2024 മോഡലിനെ വിപണിയിൽ അവതരിപ്പിച്ചുകൊണ്ടാണ് കിയ പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുന്നത്. എംപിവി മോഡലിലേക്ക് 9 പുതിയ വേരിയന്റുകൾ അവതരിപ്പിച്ചുകൊണ്ട് കൊറിയൻ വാഹന നിർമാതാക്കൾ കാരെൻസ് ലൈനപ്പിനെ അടിമുടി പൊളിച്ചെഴുതിയിരിക്കുകയാണ്. അങ്ങനെ മൊത്തത്തിലുള്ള വേരിയന്റുകളുടെ എണ്ണം 30 ആയി ഉയർത്തി.

2024 മോഡൽ കിയ കാരെൻസിലെ പ്രധാന മാറ്റങ്ങളിൽ ഒരു പുതിയ ഡീസൽ എഞ്ചിൻ-മാനുവൽ ഗിയർബോക്‌സ് കോമ്പോ, നിരവധി അധിക ഫീച്ചറുകൾ, പുതിയ എക്സ്റ്റീരയർ കളർ ഓപ്ഷൻ എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. കാരെൻസ് ബേസ് മോഡലിന്റെ വില 10.52 ലക്ഷം രൂപയായി തുടരുകയാണെങ്കിലും പുതുതായി കൊണ്ടുവന്ന വേരിയന്റുകളുടെ എക്സ്ഷോറൂം വില 12.12 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.
അതേസമയം എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളോടെ അപ്‌ഡേറ്റ് ചെയ്‌ത കിയ കാരെൻസിന്റെ ടോപ്പ് എൻഡ് X-ലൈൻ വേരിയൻ്റിന് 19.67 ലക്ഷം രൂപ എക്‌സ്ഷോറൂം രൂപ വിലവരും. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആദ്യമായി എംപിവിയിലേക്ക് അവതരിപ്പിച്ച X-ലൈൻ പതിപ്പിൻ്റെ ഫീച്ചർ ലിസ്റ്റും കമ്പനി മെച്ചപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിൻഡോകളും നിയന്ത്രിക്കുന്നതിനുള്ള വോയ്‌സ് കമാൻഡുകളും ഡാഷ്‌ക്യാമും അവതരിപ്പിച്ചതാണ് ടോപ്പ് എൻഡ് വേരിയന്റിനെ വേറിട്ടുനിർത്തുന്നത്.

നേരത്തെ 6 സീറ്റർ ഓപ്ഷനിൽ മാത്രം വിറ്റിരുന്ന X-ലൈനിൽ 7 സീറ്റ് കോൺഫിഗറേഷനും കിയ ചേർത്തിട്ടുണ്ട്. കൂടാതെ കാരെൻസിന്റെ ഈ സ്പോർട്ടിയർ പതിപ്പിൽ വാഗ്ദാനം ചെയ്തിരുന്ന പഴയ 120W ചാർജറിന് പകരം പുതിയ 180W ചാർജർ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെടുത്താനും കമ്പനി തയാറായിട്ടുണ്ട്. എംവിയിടുടെ എല്ലാ വേരിയൻ്റുകളിലും ഈ ഫീച്ചർ ഇപ്പോൾ സ്റ്റാൻഡേർഡ് ആണെന്ന കാര്യവും കിയ ഇന്ത്യ പ്രത്യേകം ഓർമപ്പെടുത്തിയിട്ടുണ്ട്.
പലരും കാത്തിരുന്ന ഡീസൽ-മാനുവൽ കോമ്പിനേഷൻ തിരികെ വന്നിട്ടുണ്ടെന്നതാണ് ഹൈലൈറ്റ്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുന്ന പുതിയ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് കിയ കാരെൻസിലേക്ക് ചേർത്തിരിക്കുന്നത്. U2 1.5 VGT ഡീസൽ മാനുവൽ ഓപ്ഷൻ ആറ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിൽ ലഭ്യമാകും. പ്രീമിയം, പ്രീമിയം (O), പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെയുള്ള വേരിയന്റുകളിലാണ് ഈ കോമ്പിനേഷൻ കിട്ടുന്നത്.

മറ്റ് വേരിയന്റുകളിലും കിയ കൂടുതൽ ഫീച്ചറുകൾ ചേർത്തിട്ടുണ്ട്. 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി ഗിയർബോക്‌സുകളിൽ ലഭ്യമായ പ്രസ്റ്റീജ് പ്ലസ് (O) ട്രിമ്മിലേക്ക് സൺറൂഫ്, എൽഇഡി മാപ്പ് ലാമ്പ്, റൂം ലാമ്പ് എന്നിവ അവതരിപ്പിച്ചതാണ് ഇതിൽ ഹൈലൈറ്റ്. കാരെൻസിന്റെ പ്രസ്റ്റീജ് (O) ഇപ്പോൾ ആറ് സീറ്റുകളും ഏഴ് സീറ്റ് കോൺഫിഗറേഷനുകളും സ്വന്തമാക്കാനും അവസരമുണ്ട്.
അതോടൊപ്പം തന്നെ ലെതറെറ്റ് ഗിയർ നോബ്, പുഷ്-ബട്ടൺ സ്റ്റാർട്ടോടുകൂടിയ സ്മാർട്ട് കീ, എൽഇഡി റിയർ കോമ്പിനേഷൻ ലാമ്പ്, എൽഇഡി ഡിആർഎല്ലുകൾ, പൊസിഷനിംഗ് ലാമ്പ് എന്നിവയും അധികമായി കിട്ടും. കീലെസ് എൻട്രി, 8-സ്പീക്കർ ഓഡിയോ സിസ്റ്റം, സ്റ്റിയറിംഗ് വീലുകളിൽ മൗണ്ടഡ് കൺട്രോൾ, ഷാർക്ക് ഫിൻ ആൻ്റിന, ബർഗ്ലാർ അലാറങ്ങൾ, മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകൾ തുടങ്ങിയ സവിശേഷതകളും കാരെൻസിന്റെ പ്രീമിയം (O) ട്രിമ്മിൽ ഒരുക്കിയിട്ടുണ്ട്.

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ യൂണിറ്റ് എന്നിവ ഉൾപ്പെടുന്ന മൂന്ന് എഞ്ചിൻ ചോയ്‌സുകളോടെയാണ് കിയ കാരെൻസ് വാഗ്ദാനം ചെയ്യുന്നത്. U2 1.5 VGT ഡീസൽ എഞ്ചിന് ഇപ്പോൾ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിന് പുറമെ പുതിയ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സും ലഭിക്കുന്നുണ്ട്. ഇത് 113 bhp കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ഇതിന് കഴിയും.
കാഴ്ച്ചയിൽ പുതുമ കൊണ്ടുവരാനുള്ള ശ്രമവും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കാരെൻസ് X-ലൈൻ വേരിയന്റ് ഒഴികെയുള്ള എല്ലാ ട്രിമ്മുകളിലും കിയ പ്യൂറ്റർ ഒലിവ് കളർ ഓപ്ഷൻ അവതരിപ്പിച്ചതാണ് ഇതിൽ ശ്രദ്ധേയം. കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയിലാണ് ഇതേ നിറം ആദ്യമായി അവതരിപ്പിച്ചത്. മൊത്തത്തിൽ കാരെൻസ് വാങ്ങുന്നവർക്ക് ഇപ്പോൾ 8 സിംഗിൾ-ടോൺ, 3 ഡ്യുവൽ-ടോൺ, X-ലൈൻ ട്രിമ്മിൽ മാത്രമായി ലഭ്യമായ മാറ്റ്-ഗ്രേ നിറം എന്നിവ തെരഞ്ഞെടുക്കാനാകും.


Click it and Unblock the Notifications








