മൈലേജ് 25.72 കിലോമീറ്റര്‍! ഇന്ത്യയിലെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാര്‍ ഇപ്പോള്‍ ഓഫറില്‍ വാങ്ങാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. നാലാം തലമുറയില്‍ എത്തി നില്‍ക്കുന്ന ഈ മോഡല്‍ സാധാരണക്കാര്‍ക്കും പണക്കാര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട വാഹനമാണ്. അടുത്ത കാലത്തായി മാരുതി സുസുക്കിയുടെ ചെറുകാര്‍ വില്‍പ്പന കുറഞ്ഞപ്പോള്‍ കമ്പനിക്ക് ആശ്വാസമായത് ന്യൂജെന്‍ സ്വിഫ്റ്റായിരുന്നു. പുറത്തിറങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ കാറിന് ധാരാളം ബുക്കിംഗുകള്‍ ലഭിച്ചു. വിപണിയില്‍ എത്തിയ ആദ്യ മാസം തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായി 2024 മാരുതി സ്വിഫ്റ്റ് മാറി. ഹാച്ച്ബാക്കിന്റെ വില്‍പ്പന വീണ്ടും ഉയര്‍ത്താനായി ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വണ്ടിക്ക് ഇപ്പോള്‍ ഓഫര്‍ ഇട്ടിട്ടുണ്ട്.
പുറത്തിറക്കിയതിന് ശേഷം ഇതാദ്യമായാണ് മാരുതി സുസുക്കി പുതിയ തലമുറ സ്വിഫ്റ്റിന് പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ ഈ കാര്‍ വാങ്ങുന്നവര്‍ക്ക് ഏകദേശം 10000 മുതല്‍ 15000 രൂപ വരെയാണ് കമ്പനി ഡിസ്‌കൗണ്ട് ഓഫര്‍ നല്‍കുന്നത്. ഈ ഹാച്ച്ബാക്ക് കാറിന്റെ എല്ലാ വേരിയന്റികളിലും 15000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ്. പുതിയ തലമുറ സ്വിഫ്റ്റ തന്നെ വേണ്ട എന്നുണ്ടെങ്കില്‍ ആനുകൂല്യങ്ങള്‍ കൂടും.

മുന്‍തലമുറ മാരുതി സുസുക്കി സ്വിഫ്റ്റിന് ഈ മാസം കമ്പനി 35,000 രൂപ വരെയാണ് കിഴിവ് നല്‍കുന്നത്. പെട്രോള്‍ വേരിയന്റുകള്‍ക്കാണ് പരമാവധി കിഴിവ് ലഭിക്കുക. അതേസമയം പഴയ സ്വിഫ്റ്റിന്റെ സിഎന്‍ജി വേരിയന്റുകള്‍ 15,000 രൂപ ഡിസ്‌കൗണ്ടില്‍ ലഭ്യമാണ്. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി മുന്‍തലമുറ മോഡല്‍ മാത്രമേ വാങ്ങാന്‍ സാധിക്കൂ. കാരണം 2024 സ്വിഫ്റ്റ് സിഎന്‍ജി വേരിയന്റുകള്‍ ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല. അത് വൈകാതെ വിപണിയില്‍ എത്തുമെന്നാണ് സൂചന.
തലമുറ മാറ്റത്തെ കുറിച്ച് കേട്ട് തുടങ്ങിയപ്പോള്‍ മുതല്‍ ന്യൂജെന്‍ സ്വിഫ്റ്റ് തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിരുന്നു. വിദേശ വിപണികളില്‍ ഹൈബ്രിഡ് പവര്‍ട്രെയിനുമായി വരുന്ന സ്വിഫ്റ്റിന് 40 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് കിട്ടിയില്ല. പതിവ് പോലെ വിലകുറയ്ക്കാന്‍ വേണ്ടി വണ്ടി ഇന്ത്യയിലെത്തിയപ്പോള്‍ ഹൈബ്രിഡ് അടക്കം പല പ്രധാന സവിശേഷതകളും നഷ്ടപ്പെടുത്തി. എന്നിരുന്നാലും മാരുതി സ്വിഫ്റ്റ് ബുക്കിംഗിലും റെക്കോഡുകള്‍ ഇട്ടു.

മെയ് 1 മുതല്‍ ഈ ഹാച്ച്ബാക്കിന്റെ ഓര്‍ഡറുകള്‍ കമ്പനി സ്വീകരിച്ചു തുടങ്ങിയിരുന്നു. വെറും 8 ദിവസം കൊണ്ട് പതിനായിരത്തിലധികം ഉപഭോക്താക്കള്‍ സ്വിഫ്റ്റ് കാര്‍ ബുക്ക് ചെയ്തു. ബുക്കിംഗ് ജാലകം ഇപ്പോഴും തുറന്നിരിക്കുന്നു. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ മുന്‍കൂറായി അടച്ച് കാര്‍ റിസര്‍വ് ചെയ്യാം.
LXI, VXI, VXI (O), ZXI, ZXI പ്ലസ് വേരിയന്റുകളിലും പേള്‍ ആര്‍ട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, സിസ്ലിംഗ് റെഡ് നോവല്‍ ഓറഞ്ച് എന്നിവയുള്‍പ്പെടെ ആകര്‍ഷകമായ നിരവധി നിറങ്ങളിലും ഈ കാര്‍ ലഭ്യമാണ്. ഈ കാറില്‍ 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം.6.49 ലക്ഷം മുതലാണ് 2024 സ്വിഫ്റ്റിന്റെ വില ആരംഭിക്കുന്നത്. 9.65 ലക്ഷം രൂപയാണ് ടോപ് സ്‌പെക് വേരിയന്റിന്റെ വില. എക്സ്ഷോറൂം വിലകളാണിത്.

പുതിയ 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ Z-സീരീസ് പെട്രോള്‍ എഞ്ചിനാണ് ഈ സ്വിഫ്റ്റ് കാറിന് കരുത്തേകുന്നത്. വേരിയന്റുകളെ ആശ്രയിച്ച് 5-സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം. പുതിയ എഞ്ചിന്‍ ലഭിച്ചതോടെ പവര്‍ ഔട്ട്പുക്ക് ചെറുതായി കുറഞ്ഞെങ്കിലും സ്വിഫ്റ്റിന്റെ മൈലേജ് കൂടിയിട്ടുണ്ട്. ലിറ്ററിന് 24.8 മുതല്‍ 25.72 കിലോമീറ്റര്‍ വരെയാണ് ന്യൂജെന്‍ സ്വിഫ്റ്റിന്റെ ഇന്ധനക്ഷമത അവകാശപ്പെടുന്നത്.
സ്വിഫ്റ്റ് മാത്രമല്ല അതിന്റെ സെഡാന്‍ സഹോദരനായ ഡിസയറിനും ഈ മാസം ഓഫറുണ്ട്. കോംപാക്ട് സെഡാന്റെ ഓട്ടോമാറ്റിക് വേരിയന്റുകളില്‍ 30,000 രൂപ വരെയും മാനുവലില്‍ 25,000 രൂപ വരെയും കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഡിസയര്‍ സിഎന്‍ജി വേരിയന്റില്‍ ഓഫറുകളൊന്നുമില്ല. ഉത്സവ സീസണില്‍ അടുത്ത തലമുറ ഡിസയര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. മുകളില്‍ പറഞ്ഞ ഓഫറുകള്‍ സ്ഥലത്തിനും സ്‌റ്റോക്കിന്റെ ലഭ്യതയ്ക്കും അനുസരിച്ച് വ്യത്യാസപ്പെടുമെന്ന കാര്യം കൂടി മാന്യ വായനക്കാര്‍ ചേര്‍ത്ത് വായിക്കണം.


Click it and Unblock the Notifications








