ആഡംബരത്തിൽ ആറാടാം... സെലിബ്രിറ്റകൾ വാങ്ങാൻ പോവുന്ന അടുത്ത കാർ ഇതായിരിക്കും!
ആഡംബര കാറുകളെന്ന് കേട്ടാൽ തന്നെ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന പേരുകളിൽ ആദ്യത്തേതാവും ബിഎംഡബ്ല്യുവിന്റേത്. വിദേശത്തെന്ന പോലെ തന്നെ അവരുടെ മോഡലുകളെല്ലാം നമ്മുടെ ഇന്ത്യൻ നിരത്തുകളിലും പുറത്തിറക്കാൻ ജർമൻ ലക്ഷ്വറി ബ്രാൻഡ് പ്രത്യേകം താത്പര്യം കാണിക്കാറുണ്ട്. 3 സീരീസ്, M2, M3 തുടങ്ങിയ മോഡലുകൾ പുതുക്കിയ ശേഷം ഇപ്പോഴിതാ ബിഎംഡബ്ല്യു ഏറ്റവും പുതിയ നാലാംതലമുറ X3 എസ്‌യുവിയും വിപണിയേലേക്ക് എത്തിച്ചിരിക്കുകയാണ്. ഇന്ത്യയിൽ അധികം വൈകാതെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന വാഹനം ഇപ്പോൾ ആഗോളതലത്തിലാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.
ഒരു പുതിയ പ്ലാറ്റ്‌ഫോമിന് പുറമെ അകത്തും പുറത്തും വമ്പൻ പരിഷ്ക്കാരങ്ങൾ നേടുന്ന 2025 ബിഎംഡബ്ല്യു X3 എസ്‌യുവിയിലുള്ള ഫീച്ചറുകൾ കണ്ടാൽ പോലും കണ്ണുതള്ളും. രണ്ട് വേരിയന്റുകളിലായി എത്തുന്ന X3 മോഡലിന്റെ 30 xDrive പതിപ്പിന് 50,675 ഡോളറാണ് വില വരുന്നത്. അതേസമയം ടോപ്പ് എൻഡ് X3 M50 xDrive മോഡലിന് 65,275 ഡോളറും നൽകേണ്ടിവരും. അതായത് ഏകദേശം 42 ലക്ഷം മുതൽ 55 ലക്ഷം രൂപ വരെയാണ് വരുമെന്ന് സാരം.

പക്ഷേ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ ഏറ്റവും പുതിയ നാലാംതലമുറ X3 എസ്‌യുവിക്ക് ഏകദേശം 70 ലക്ഷം രൂപയ്ക്ക് മുകളിൽ വില വരാൻ സാധ്യതയുണ്ട്. ഇനി ഡിസൈനിലേക്ക് നോക്കിയാൽ പഴയകാല ബിഎംഡബ്ല്യു എസ്‌യുവികളുടെ ചാരുതി നിലനിർത്തിക്കൊണ്ടാണ് പുതുതലമുറ വാഹനത്തെ ജർമൻ ബ്രാൻഡ് പണികഴിപ്പിച്ചിരിക്കുന്നത്. എങ്കിലും കമ്പനിയുടെ ആധുനിക ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് 2025 മോഡൽ X3 ഡിസൈൻ ചെയ്തിരിക്കുന്നത്.
വലിയ ഇലുമിനേറ്റഡ് ബിഎംഡബ്ല്യു കിഡ്‌നി ഗ്രിൽ, രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ലോവർ ബമ്പർ, എൽഇഡി ഹെഡ്‌ലൈറ്റിനുള്ളിൽ L-ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകളും ടേൺ ഇൻഡിക്കേറ്ററുകളും പോലുള്ള വിശദാംശങ്ങളാണ് രൂപത്തെ അഴകുറ്റതാക്കുന്നത്. 2025 ബിഎംഡബ്ല്യു X3 എസ്‌യുവിക്ക് സ്റ്റാൻഡേർഡായി 19 ഇഞ്ച് അലോയ് വീലുകൾ ലഭിക്കുമ്പോൾ 20 അല്ലെങ്കിൽ 21 ഇഞ്ചിലേക്ക് മാറാനുള്ള ഓപ്ഷനും കമ്പനി നൽകുന്നുണ്ട്.

അകത്തളത്തിൽ രസകരമായ ഡോർ പാഡ് ഘടകങ്ങൾക്കൊപ്പം ഭംഗിയായി സ്ഥാപിച്ചിരിക്കുന്ന ഡാഷ്‌ബോർഡും സെൻ്റർ കൺസോൾ ഡിസൈനുകളുമാണ് ആഡംബര എസ്‌യുവിയെ കിടിലമാക്കുന്നത്. ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ്, കർവ്ഡ് ഡ്യുവൽ സ്‌ക്രീനുകൾ എന്നിവയും ഇന്റീരിയറിനെ വേറെ ലെവലാക്കുന്നുണ്ട്. ബിഎംഡബ്ല്യുവിൻ്റെ ഏറ്റവും പുതിയ iDrive 9 സിസ്റ്റം, ഹീറ്റഡ് സ്‌പോർട്‌സ് സീറ്റുകൾ, ഓപ്‌ഷണൽ അൽകൻ്റാര അപ്‌ഹോൾസ്റ്ററി, 1,900 ലിറ്റർ വരെ വികസിപ്പിക്കാവുന്ന 891 ലിറ്റർ ബൂട്ട് സ്‌പേസ് എന്നിവയും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.
2025 ബിഎംഡബ്ല്യു X3 എസ്‌യുവിക്ക് മൊത്തത്തിൽ 4.75 മീറ്റർ നീളവും 1.92 മീറ്റർ വീതിയും 1.66 മീറ്റർ ഉയരവും 2.86 മീറ്റർ നീളമുള്ള വീൽബേസുമുണ്ട്. നിലവിലെ മോഡലിനേക്കാൾ 3.3 സെൻ്റിമീറ്റർ നീളവും 2.8 സെൻ്റിമീറ്റർ വീതിയും കൂടുതലുണ്ടെങ്കിലും മുൻഗാമിയേക്കാൾ 2.54 സെൻ്റിമീറ്റർ ഉയരം കുറവാണ് വാഹനത്തിന്. ബേസ് X3 30 xDrive വേരിയന്റ് 11 കളർ ഓപ്ഷനുകളിലും X3 M50 xDrive പതിപ്പ് 10 നിറങ്ങളിലുമാണ് തെരഞ്ഞെടുക്കാനാവുക.

ബിഎംഡബ്ല്യു X3 30 xDrive വേരിയൻ്റിൽ 2.0 ലിറ്റർ 4-സിലിണ്ടർ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. 48V മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണവുമായി വരുന്ന ഇതിന് 255 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 8-സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്‌സും xDrive AWD സജ്ജീകരണത്തോടുകൂടിയും വരുന്ന മോഡലിന് പരമാവധി 209 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനാവുക.
X3 എസ്‌യുവിയുടെ M50 xDrive വേരിയന്റിന് വലിയ 3.0 ലിറ്റർ i6 സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് തുടിപ്പേകാൻ എത്തുന്നത്. ഇത് 393 bhp പവറിൽ 582 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. 8-സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്‌സ്, xDrive AWD സെറ്റപ്പ്, അഡാപ്റ്റീവ് M സ്‌പോർട്ട് സസ്‌പെൻഷൻ, M സ്‌പോർട്ട് ഡിഫറൻഷ്യൽ, വേരിയബിൾ സ്‌പോർട് സ്റ്റിയറിങ് എന്നിവ പ്രത്യേകമായി നൽകിയിരിക്കുന്ന മോഡലിന് 250 കിലോമീറ്ററാണ് പരമാവധി വേഗമായി പറയുന്നത്.
ഓപ്ഷണൽ പെർഫോമൻസ് ടയറുകളും X3 എസ്‌യുവിയുടെ M50 xDrive വേരിയന്റിന് പ്രത്യേകമായി നൽകിയിട്ടുണ്ട്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പുതിയ X3 ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലാംതലമുറ ആവർത്തനത്തിന്റെ പ്രധാന എതിരാളികളിൽ മെർസിഡീസ് ബെൻസ് GLC, ഔഡി Q5 എന്നിവയാണ് അണിനിരക്കുന്നത്. വിപണിയിൽ പുതിയ 5 സീരീസ് LWB അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിഎംഡബ്ല്യു ഇന്ത്യ.


Click it and Unblock the Notifications








