31.23 ലക്ഷത്തിന്റെ മെറിഡിയൻ ഇനി 24.99 ലക്ഷത്തിന് വാങ്ങാം, ജീപ്പിന്റെ വലിയ എസ്‌യുവിക്ക് വില കുറച്ചു
എല്ലാവരും വാങ്ങാൻ ആഗ്രഹിക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണ് (SUV) ജീപ്പിന്റേത് (Jeep). എന്നാൽ ബജറ്റ് കൈയിൽ ഒതുങ്ങില്ലല്ലോയെന്ന വിചാരം കാരണം മറ്റ് ബ്രാൻഡുകളിലേക്കും മോഡലുകളിലേക്കും പോവുന്നവരാവും ഇന്നധികവും. എന്നാൽ ഇത്തരക്കാരെ വിട്ടുകളയാതിരിക്കാൻ മെറിഡയന്റെ ഏറ്റവും പുതിയ 2025 ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്കൻ മുതലാളി. അതും ആരും കൊതിക്കുന്ന വിലയിൽ ഗംഭീര ചില പരിഷ്ക്കാരങ്ങളുമായാണ് ആശാൻ കടന്നുവന്നിരിക്കുന്നത്. ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് പ്ലസ്, ലിമിറ്റഡ് (O), ഓവർലാൻഡ് എന്നീ നാല് വകഭേദങ്ങളിൽ എസ്‌യുവി ഇത്തവണ സ്വന്തമാക്കാൻ സാധിക്കും.
താത്പര്യമുള്ളവർക്ക് 50,000 രൂപ ടോക്കൺ തുക അടച്ച് പുതുക്കിയ മോഡൽ ബുക്ക് ചെയ്‌തിടാം. ഈ മാസം അവസാനത്തോടെ, അതായത് ദീപാവലിയോടെ എസ്‌യുവിയുടെ ഡെലിവറികൾ ആരംഭിക്കുമെന്നാണ് ജീപ്പ് ഉറപ്പുനൽകിയിരിക്കുന്നത്. എസ്‌യുവിയുടെ ഏറ്റവും പുതിയ ആവർത്തനത്തിൻ്റെ വില 24.99 ലക്ഷം മുതൽ 36.49 ലക്ഷം രൂപ വരെയാണെന്ന് കേട്ടാൽ പലരും ഞെട്ടിത്തരിച്ച് പോവും. അതേ മുമ്പത്തേക്കാളും വിലക്കുറവിൽ വാഹനം വീട്ടിലെത്തിക്കാൻ അവസരമുണ്ട്.

അതെങ്ങനെയാണെന്ന് പറഞ്ഞുതരാം. മുൻഗാമിയായതിൽ നിന്ന് വ്യത്യസ്തമായി ഇനി മുതൽ ജീപ്പ് മെറിഡിയൻ 5, 7 സീറ്റർ ഓപ്ഷനുകളിൽ വാങ്ങാനാവും. അങ്ങനെ വില കുറയ്ക്കാനും അമേരിക്കൻ സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കൾക്ക് സാധിച്ചത്. അപ്‌ഡേറ്റിനൊപ്പം എസ്‌യുവിക്ക് ഇപ്പോൾ കുറച്ച് പുതിയ ഫീച്ചറുകൾ ലഭിക്കുന്നണ്ട്. അതേസമയം മുമ്പത്തെ അതേ ഡിസൈൻ നിലനിർത്തിയിട്ടുണ്ടെങ്കിലും അങ്ങിങ്ങായി ചില നവീകരണങ്ങൾ കാണാം.
ഡിസൈനിലേക്ക് വന്നാൽ മുകളിൽ പറഞ്ഞതുപോലെ മെറിഡിയൻ്റെ ഡിസൈൻ എല്ലാ വശങ്ങളിൽ നിന്നും അതിൻ്റെ മുൻഗാമിക്ക് സമാനമായി തുടരുകയാണ് ചെയ്‌തിരിക്കുന്നത്. ഇൻ്റീരിയർ ലേഔട്ടും നിലനിർത്തിയപ്പോൾ അപ്ഹോൾസ്റ്ററിയുടെ നിറം മാറ്റിയാണ് പുതുമകൊണ്ടുവരാൻ ശ്രമിച്ചിരിക്കുന്നത്. ലോ-സ്‌പെക് ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് പ്ലസ് ട്രിമ്മുകൾ സീൽ ഗ്രേ അപ്‌ഹോൾസ്റ്ററിയോടെയാണ് വരുന്നത്.

അതേസമയം മെറിഡിയന്റെ ലിമിറ്റഡ് (O) വേരിയന്റുകൾ പുതിയ വിക്കർ ബീജ് കളർ ഓപ്ഷനൊപ്പം ലഭിക്കും. എസ്‌യുവിയുടെ ലോഞ്ചിറ്റ്യൂഡ് ട്രിം മാത്രമേ അഞ്ച് സീറ്റ് ഫോർമാറ്റിൽ ലഭിക്കൂവെന്നാണ് ജീപ്പ് വ്യക്തമാക്കിയിരിക്കുന്നത്. മറ്റെല്ലാ ട്രിമ്മുകളും മൂന്ന്-വരി കോൺഫിഗറേഷനിൽ 7-സീറ്റർ ഓപ്ഷനിൽ വാഗ്ദാനം ചെയ്യുന്നത് തുടരും. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സ്യൂട്ടാണ് ഫീച്ചർ അപ്ഗ്രേഡിൽ എടുത്തു പറയേണ്ട കാര്യം.
ടോപ്പ്-സ്പെക്ക് ഓവർലാൻഡ് വേരിയൻ്റിൽ മാത്രമാണ് ഈ അധിക സേഫ്റ്റി ഫീച്ചർ ലഭിക്കുകയെന്ന് മാത്രം. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, സ്മാർട്ട് ബീം അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, കൂട്ടിയിടി ലഘൂകരണ ബ്രേക്കിംഗ് തുടങ്ങിയ ഫീച്ചറുകളാണ് ജീപ്പ് മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റിലെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സ്യൂട്ടിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.

ഫ്രീസ്റ്റാൻഡിംഗ് 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ് സ്റ്റാൻഡേർഡ് ആണെങ്കിലും വലിയ 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ലിമിറ്റഡ് (O), ഓവർലാൻഡ് ട്രിമ്മുകളിൽ മാത്രമേ ലഭ്യമാകൂ. ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് പ്ലസ് ട്രിമ്മുകൾ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററുമായാണ് വരുന്നത്. ലോഞ്ചിറ്റ്യൂഡ് പ്ലസ് ട്രിം മുതൽ പനോരമിക് സൺറൂഫിനൊപ്പം എസ്‌യുവിയും ലഭിക്കും.
ലെതർ സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജർ, പിൻ സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവയാണ് എസ്‌യുവിയിലെ മറ്റ് പ്രധാന ഫീച്ചറുകളായി എടുത്തു പറയാനാവുന്നത്. 9 സ്പീക്കർ ആൽപൈൻ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ്, കണക്റ്റഡ് ഫീച്ചറുകളുടെ യുകണക്റ്റ് സ്യൂട്ട് എന്നിവയും വാഹനത്തിലെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടും. സുരക്ഷാ ഫീച്ചറുകളിലേക്ക് നോക്കിയാൽ ADAS ടെക്കിന് പുറമെ മെറിഡിയന് സ്റ്റാൻഡേർഡായി എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകളും ആറ് എയർബാഗുകളും ലഭിക്കുന്നുണ്ട്.
2.0 ലിറ്റർ, നാല് സിലിണ്ടർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിൻ തന്നെയാണ് 2025 മോഡൽ മെറിഡയനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 168 bhp പവറിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡും പ്ലസ് എന്നിവ 4x2 ഓപ്ഷനിൽ വരുമ്പോൾ എസ്‌യുവിയുടെ ലിമിറ്റഡ് (O), ഓവർലാൻഡ് വേരിയൻ്റുകൾക്ക് 4x4 ഡ്രൈവ് ലഭ്യമാവും.
കൂടാതെ ഓവർലാൻഡ് ഒഴികെയുള്ള എല്ലാ വേരിയൻ്റുകളിലും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒമ്പത് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലും സ്വന്തമാക്കാം. ഇനി വേരിയന്റ് തിരിച്ചുള്ള വില നിർണയം നോക്കിയാൽ 2025 ജീപ്പ് മെറിഡിയൻ ലോഞ്ചിറ്റ്യൂഡ് 4x2 മാനുവലിന് 24.99 ലക്ഷവും ലോഞ്ചിറ്റ്യൂഡും പ്ലസ് 4x2 മാനുവലിന് 27.50 ലക്ഷവും, ലിമിറ്റഡ് (O) 4x2 മാനുവലിന് 30.49 ലക്ഷവും ഓവർലാൻഡിന് 36.49 ലക്ഷവുമാണ് വരുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications








