ഇനി ഗ്രാൻഡ് വിറ്റാര എന്തുപറയും? 27 കി.മീ. മൈലേജുള്ള എംജിയുടെ ഹൈബ്രിഡ് എസ്‌യുവി
ഇന്ത്യൻ വിപണിയിൽ ഹെക്‌ടറിലൂടെ വന്ന് ജനമനസുകളിൽ കുടിയേറി പാർത്തവരാണ് എംജി മോട്ടോർ. ബ്രിട്ടീഷ് പൈതൃകമുള്ള വാഹന നിർമാതാക്കളായ കമ്പനി പിന്നീട് പുറത്തിറക്കിയ ഹെക്‌ടർ പ്ലസ്, ഗ്ലോസ്റ്റർ, ZS ഇവി, ആസ്റ്റർ, കോമെറ്റ് ഇവി തുടങ്ങിയ മോഡലുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇതിൽ ADAS പോലുള്ള കാര്യങ്ങൾ സാധാരണക്കാരിലേക്കും കൈമാറിയ മുതലായിരുന്നു ആസ്റ്റർ. ഇതുമാത്രമല്ല, AI അധിഷ്‌ഠിത സൌകര്യങ്ങളും ഒരുക്കിയ ഇന്ത്യയിലെ ആദ്യത്തെ മിഡ്-സൈസ് എസ്‌യുവി കൂടിയായിരുന്നു ഈ മോഡൽ. അങ്ങനെ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ വാഹനത്തിന് തരക്കേടില്ലാതെ പേരും പ്രശസ്‌തിയും നേടിയെടുക്കാനുമായി.
ഇപ്പോഴിതാ ആസ്റ്ററിന്റെ 2025 മോഡലിലേക്ക് ഹൈബ്രിഡ് എഞ്ചിൻ കൊണ്ടുവന്ന് കൂടുതൽ കളറാക്കിയിരിക്കുകയാണ് എംജി. എന്നാൽ ഇന്ത്യയിലല്ല, വിദേശ വിപണിക്കായി പുറത്തിറക്കുന്ന ZS എന്ന മോഡലിലേക്കാണ് ഈ സംഗതി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇവിടെ ആസ്റ്റർ എന്ന പേരിലാണ് വിപണനം ചെയ്യുന്നതെങ്കിലും ICE എഞ്ചിനുള്ള മോഡൽ വിദേശത്ത് ZS ആയാണ് കമ്പനി വിപണനം ചെയ്യുന്നത്.

പുതിയ എംജി ZS ഹൈബ്രിഡ് സമഗ്രമായ ഡിസൈൻ പരിഷ്ക്കാരങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും സഹിതമാണ് വരവ് അറിയിച്ചിരിക്കുന്നത്. മിനുക്കിയ ഡിസൈൻ ഭാഷ്യവുമായി വരുന്ന ഈ മോഡൽ അധികം വൈകാതെ തന്നെ ഇന്ത്യൻ നിരത്തുകളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലുക്കിലേക്ക് നോക്കിയാൽ തന്നെ മനസിലാക്കാം മുൻഗാമിയേക്കാൾ മികച്ച രൂപമാണ് ഇപ്പോൾ എസ്‌യുവി ആവാഹിച്ചിരിക്കുന്നതെന്ന്.
പരിഷ്ക്കരിച്ച വീൽ ആർച്ചുകളും പുതിയ അലോയ് വീലുകളും ഒഴികെ കാറിന്റെ മൊത്തത്തിലുള്ള രൂപം ഏതാണ്ട് സമാനമാണ്. താഴത്തെ ഭാഗത്ത് വലിയ ഗ്രിൽ, ഷാർപ്പ് സ്റ്റൈൽ റാപ്പ്എറൗണ്ട് എൽഇഡി ഹെഡ്‌ലാമ്പുകൾ, റീഡിസൈൻ ചെയ്ത എയർ ഇൻടേക്കുകളുള്ള പുത്തൻ ഫ്രണ്ട് ബമ്പർ എന്നിവയ്‌ക്കൊപ്പം എംജി ZS എസ്‌യുവിയുടെ സ്റ്റൈലിംഗ് ഇപ്പോൾ കൂടുതൽ സ്‌പോർട്ടിയറായിട്ടുണ്ട്. പുതിയ എൽഇഡി ടെയിൽ ലൈറ്റുകൾ, പുതുക്കിയ ബമ്പർ, ടെയിൽഗേറ്റ് എന്നിവയുൾപ്പെടെയുള്ള പിൻഭാഗത്തും മാറ്റങ്ങൾ എത്തിയിട്ടുണ്ട്.

പഴയ ബിഎംഡബ്ല്യു X1 മോഡലിന്റെ പിൻഭാഗവുമായി പുത്തൻ ആസ്റ്ററിനുള്ള സാമ്യവും അസാധാരണമാണ്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും കിടിലമാക്കി തന്നെയാണ് എംജി ഒരുക്കിയെടുത്തിരിക്കുന്നത്. 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളും 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേയും അടങ്ങുന്ന ഇരട്ട സ്‌ക്രീനുകൾ ഉൾപ്പെടെ ശ്രദ്ധേയമായ മാറ്റങ്ങൾ അകത്തളത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
വയർലെസ് ചാർജിംഗ് പാഡ്, പുതിയ എയർ വെൻ്റുകൾ, പുതുക്കിയ സ്റ്റിയറിംഗ് വീൽ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, കീലെസ് എൻട്രി, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഇക്കോ, സ്‌പോർട്ട്, നോർമൽ എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ, മൂന്ന് റീജൻ മോഡുകൾ എന്നിവയാണ് എംജി എസ്‌യുവിയിലെ സവിശേഷതകൾ. ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, സ്റ്റിയറിംഗ് വീൽ, ആറ് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 360 ഡിഗ്രി ക്യാമറ എന്നിവയും വാഹനത്തിന് ലഭിക്കുന്നുണ്ട്.

എംജി ZS ഹൈബ്രിഡിന്റെ എഞ്ചിനിലാണ് വലിയ മാറ്റം വരുന്നത്. വാഹന നിർമാതാക്കളുടെ നിരയിലെ MG3-യിൽ നിന്ന് കടമെടുത്ത 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. എഞ്ചിൻ 101 bhp പവറിൽ പരമാവധി 250 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ 100 kW കരുത്തുള്ള ഇലക്ട്രിക് മോട്ടോറുമായി വാഹനം ജോടിയാക്കിയിട്ടുമുണ്ട്.
അങ്ങനെ മൊത്തത്തിൽ ഹൈബ്രിഡ് കാറിന്റെ സംയോജിത പവർ 192 bhp കരുത്തിൽ 465 Nm torque ആയി മറുകയും ചെയ്യുന്നുണ്ട്. ഹൈബ്രിഡിനായി 1.83 kWh ബാറ്ററി പായ്ക്കാണ് എംജി ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നീ ADAS സേഫ്റ്റി ഫീച്ചറുകളും പുതിയ എംജി ZS ഹൈബ്രിഡിലുണ്ട്.
എസ്‌യുവിക്ക് ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നുതോടൊപ്പം എല്ലാ യാത്രക്കാർക്കും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റും ലഭിക്കും. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നീ രണ്ട് ഹൈബ്രിഡ് എസ്‌യുവികളോട് ഏറ്റുമുട്ടാൻ ഹൈബ്രിഡ് പവർട്രെയിനുമായി ഇന്ത്യൻ വിപണിയിലേക്കും എംജി ആസ്റ്റർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ രാജ്യത്ത് എംജിയുടെ വിൽപ്പന കുതിച്ചുയരാനും സാധ്യതയുണ്ട്.


Click it and Unblock the Notifications








