ബേസ് വേരിയന്റിൽ പോലും ADAS, കിയയുടെ പുത്തൻ ഫാമിലി കാറിന്റെ വേരിയന്റും ഫീച്ചറുകളും കണ്ടാൽ വാങ്ങിപ്പോവും
സെൽറ്റോസിലൂടെ ഇന്ത്യക്കാരുടെ മനസിലേക്ക് കുടിയേറി പാർത്തവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. ഹ്യുണ്ടായിയുടെ തായ്‌വേരുള്ള ബ്രാൻഡാണെങ്കിലും ഇതിന്റെ യാതൊരു സപ്പോർട്ടുമില്ലാതെ വളർന്ന് പന്തലിക്കാൻ കിയക്കായി. അതുവരെ നമുക്കൊന്നും അത്ര കണ്ടുപരിചിതമല്ലാത്ത ഡിസൈനും ഫീച്ചറുകളുമെല്ലാമായാണ് മിഡ്-സൈസ് എസ്‌യുവിയെ കമ്പനി പുറത്തിറക്കിയത്. പിന്നീട് വാഹനം വാങ്ങാൻ ആളുകളുടെ കൂട്ടത്തല്ലായി. ആദ്യ മോഡൽ ഹിറ്റായതോടെ രണ്ടാമനായി കമ്പനി കൊണ്ടുവന്നത് ഒരു പ്രീമിയം എംപിവിയായിരുന്നു. കാർണിവൽ എന്നറിയപ്പെട്ട മിടുക്കൻ ശരിക്കും യാത്രകൾക്ക് പുതിയമാനം സമ്മാനിച്ചു. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ടോപ്പ് എൻഡ് വേരിയന്റുകളുമായി മത്സരിച്ച വണ്ടി വേഗം തന്റെ സ്ഥാനം നേടിയെടുത്തു.
അങ്ങനെ കേരള മുഖ്യമന്ത്രി സാക്ഷാൽ പിണറായി വിജയൻ വരെ തന്റെ ഔദ്യോഗിക വാഹനമാക്കി കിയ കാർണിവലിനെ തെരഞ്ഞെടുത്തതും ചരിത്രമാണ്. മൊത്തത്തിൽ കാർണിവൽ ഉഷാറാക്കിയതോടെ പലരുടേയും ഇഷ്‌ട മോഡലുകളിൽ ഒന്നായി കിയ എംപിവി മാറി. അത്തരമൊരു വേളയിൽ പെട്ടന്ന് വാഹനത്തിന്റെ വിൽപ്പന അവസാനിപ്പിച്ചുകൊണ്ട് കൊറിയക്കാർ ഞെട്ടിച്ചു. എന്നാൽ കാർണിവലിന്റെ പുതുതലമുറ ആവർത്തനത്തെ പുറത്തിറക്കാനാണ് ഈയൊരു നീക്കം നടത്തിയതെന്ന് കിയ വ്യക്തമാക്കിയതോടെ ആളുകളെല്ലാം ഹാപ്പിയായി.

എന്നാൽ വണ്ടി ഇങ്ങെത്താൻ അൽപം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ 2024 ഒക്‌ടോബർ മൂന്നിന് പുതിയ കാർണിവലിനെ അവതരിപ്പിക്കുമെന്നും കമ്പനി ഔദ്യോഗിക അറിയിപ്പും പുറത്തുവിട്ടു. ഇപ്പോൾ ഇന്ത്യയിലേക്ക് വരാനിരിക്കുന്ന മോഡലിന്റെ ഔദ്യോഗിക ചിത്രങ്ങൾ പങ്കുവെച്ച് ഹൈപ്പും കൂട്ടിയിരിക്കുകയാണ് ബ്രാൻഡ്. താത്പര്യമുള്ളവർക്ക് 2 ലക്ഷം രൂപ ടോക്കൺ തുക നൽകി പ്രീമിയം എംപിവി പ്രീ-ബുക്കും ചെയ്‌തിടാം.
ഓൺലൈനായോ രാജ്യത്തുടനീളമുള്ള കിയ ഡീലർഷിപ്പുകളിലോ വഴിയാണ് ബുക്കിംഗ് സ്വീകരിക്കുന്നത്. പ്രാദേശികമായി അസംബിൾ ചെയ്യാൻ പദ്ധതിയുണ്ടെങ്കിലും പുതിയ കിയ കാർണിവൽ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റ് (CBU) വഴിയാണ് ഇന്ത്യയിലെത്തിക്കുന്നത്. ലിമോസിൻ, ലിമോസിൻ പ്ലസ് എന്നിങ്ങനെ 2 വേരിയന്റുകളിലായിരിക്കും ഏറ്റവും പുതിയ കാർണിവലിനെ വിപണനത്തിന് എത്തിക്കുക. രണ്ടിലും ലഭിക്കുന്ന ഫീച്ചറുകളും മറ്റ് വിവരങ്ങളും ഒന്ന് നോക്കിയാലോ?.
ലിമോസിൻ: 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കറുപ്പിൽ ഒരുക്കിയിരിക്കുന്ന ടൈഗർ നോസ് ഗ്രിൽ, ഓട്ടോ ഫംഗ്‌ഷനോടുകൂടിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഉള്ള റിയർ സ്‌പോയിലർ, 2 സിംഗിൾ-പേൻ സൺറൂഫുകൾ, ബോഡി കളർ ഡോർ ഹാൻഡിലുകൾ, ക്രോം ആക്‌സൻ്റുകളും പവർഡ് സ്ലൈഡിംഗ് ഡോറുകൾ എന്നിവയാണ് കിയ കാർണിവൽ ലിമോസിൻ വേരിയന്റിൽ വരുന്ന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.
ലിമോസിന്റെ അകത്തളത്തിൽ 4-വേ ലംബർ സപ്പോർട്ടുള്ള 12-വേ പവർഡ് ഡ്രൈവർ സീറ്റ്, 8-വേ പവർഡ് പാസഞ്ചർ സീറ്റ്, മുൻ സീറ്റുകൾക്ക് വെൻ്റിലേഷനും ഹീറ്റിംഗ് ഫംഗ്ഷൻ, രണ്ടാം നിരയിൽ സ്ലൈഡിംഗ് ഉള്ള ക്യാപ്റ്റൻ സീറ്റുകൾ, റീക്ലൈനിംഗ് ഫംഗ്‌ഷൻ, മൂന്നാം നിരയിൽ 60:40 സ്‌പ്ലിറ്റ് ഫോൾഡിംഗ് സിങ്കിംഗ് സീറ്റുകൾ, സൺ-ബ്ലൈൻഡുകൾ, ഇല്യൂമിനേറ്റഡ് ഗ്ലൗസ് ബോക്‌സ്, 64 കളർ ആംബിയൻ്റ് ലൈറ്റിംഗ്, 3-സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളാണ് കിയ ഒരുക്കിയിരിക്കുന്നത്.

ഇതോടൊപ്പം 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ ഉള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 8 സ്പീക്കർ സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാർ ടെക്, ഡ്രൈവിംഗ് മോഡുകൾ, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ്, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയും കാർണിവലിന്റെ ലിമോസിൻ വേരിയന്റിന് ലഭിക്കുന്നു.
സേഫ്റ്റിയുടെ കാര്യത്തിലേക്ക് നോക്കിയാൽ 8 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, നാല് ഡിസ്‌ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഫ്രണ്ട് കൊളിഷൻ വാണിംഗ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സ്യൂട്ടും കിയ കാർണിവൽ ലിമോസിൽ ഒരുക്കിയിട്ടുണ്ട്.

ലിമോസിൻ പ്ലസ്: ലിമോസിനിൽ ലഭ്യമാക്കിയിട്ടുള്ളതിൽ നിന്നും അധികമായി മുൻവശത്തും പിന്നിലും മാറ്റ് ക്രോം സ്‌കിഡ് പ്ലേറ്റുകൾ, എൽഇഡി റിയർ ഫോഗ് ലാമ്പുകൾ, പാഡിൽ ലാമ്പുകൾ, സ്‌മാർട്ട് പവർഡ് ടെയിൽഗേറ്റ് എന്നിവ മാത്രമാണ് വ്യത്യാസങ്ങൾ ഉള്ളത്. ലിമോസിൻ വേരിയൻ്റിലെ ലെവൽ 2 ADAS ഉൾപ്പെടെയുള്ള സുരക്ഷാ ഫീച്ചറുകൾ ലിമോസിൻ പ്ലസിനും ലഭിക്കുന്നുണ്ട്.ടോപ്പ് എൻഡ് വേരിയൻ്റിൻ്റെ പ്രധാന ഹൈലൈറ്റുകൾ ഹീറ്റഡ് വെൻ്റിലേഷൻ ഉള്ളതും മസാജ് ഫംഗ്ഷനുകളുള്ളതുമായ രണ്ടാം നിര സീറ്റുകളാണ്.
ചാരിക്കിടക്കുമ്പോൾ ലെഗ് സപ്പോർട്ടും ഇതിൽ ഉൾപ്പെടുന്നു. 11 ഇഞ്ച് അഡ്വാൻസ്ഡ് ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ചാർജർ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, 12 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവയും അധികമായി മുടക്കുന്ന പൈസയ്ക്ക് ലഭിക്കും. ലിമോസിൻ പ്ലസ് വേരിയൻ്റിന് കൂടുതൽ പ്രീമിയം ലുക്ക് ടാൻ ഇൻ്റീരിയറും ലഭിക്കുന്നു. മെക്കാനിക്കലായി 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.2 ലിറ്റർ ഡീസൽ എഞ്ചിനാവും കിയ കാർണിവലിൽ ലഭിക്കുക.


Click it and Unblock the Notifications








