കാറുമല്ല, ബൈക്കുമല്ല! യാത്രാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാൻ ' ഇലക്‌ട്രിക് ട്രൈക്ക്' ഒറ്റ ചാർജിൽ 400 കി.മീ. റേഞ്ച
ഇലക്ട്രിക് വാഹനലോകം ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുകയാണ്. അനേകം വൈവിധ്യമാർന്ന മോഡലുകളാൽ ഇവി രംഗം സമ്പന്നമാണെങ്കിലും പുതിയ കണ്ടുപിടുത്തങ്ങളുമായി രസകരമാവുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ബാഡ് ബോയ് എന്ന രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ട്രൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഒരു സ്റ്റാർട്ടപ്പ് കമ്പനി. റേസ് കാറിന്റെ അഡ്രിനാലിൻ റഷും സൂപ്പർബൈക്കിന്റെ ത്രില്ലും ചേർന്ന മികച്ച മിശ്രിതമാണ് ട്രൈക്കുകൾ. ഇനിയും ലളിതമായി പറഞ്ഞാൽ ട്രൈക്ക് അടിസ്ഥാനപരമായി ഒരു മുച്ചക്ര വാഹനമാണ്. എന്നാൽ ഓട്ടോറിക്ഷയുമല്ല കാറുമല്ല ബൈക്കുമല്ലാത്തൊരു വാഹനമാണിത്. വേണമെങ്കിൽ ഒരുതരം പേടകമെന്ന് വിളിച്ചാലും തെറ്റില്ല കേട്ടോ.
ഓട്ടോറിക്ഷയിൽ ഒരു വീൽ മുന്നിലും രണ്ട് വീലുകൾ പിന്നിലുമാണ് കൊടുത്തിരിക്കുന്നതെങ്കിൽ ബാഡ് ബോയ് ടൈക്കിന് മുൻവശത്ത് രണ്ട് വീലുകളും പിന്നിൽ ഒന്നുമാണ് കമ്പനി കൊടുത്തിരിക്കുന്നത്. മോട്ടോർസൈക്കിളുകളുടെയും കാറുകളുടെയും പ്രായോഗികത സംയോജിപ്പിച്ചാണ് വാഹനം രൂപകൽപ്പന ചെയ്‌തിരിക്കുന്നതും. എന്നാൽ പരമ്പരാഗത ഇരുചക്ര ബൈക്കിനേക്കാൾ മികച്ച സ്ഥിരതയും ട്രൈക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ ഉൽപ്പന്നം യാത്രാ സംവിധാനങ്ങളെ പുനർനിർവചിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നു. നിലവിൽ ഒരു പ്രോട്ടോടൈപ്പായാണ് പരിചയപ്പെടുത്തിയിരിക്കുന്നതെങ്കിലും അധികം വൈകാതെ ബാഡ് ബോയ് യാഥാർഥ്യമാവുമെന്നാണ് ബ്രാൻഡ് പറയുന്നത്. ട്രൈക്ക് വിപണിയിലെത്തുമ്പോൾ ഏകദേശം 15 ലക്ഷം രൂപയോളം വില വന്നേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടുങ്ങിയ ഷാസിയും ഭാരം കുറഞ്ഞതുമായ നിർമാണവുമുള്ള മോഡൽ ഫ്യൂച്ചറിസ്റ്റിക് റിവേഴ്സ് ട്രൈക്ക് ഡിസൈൻ സ്വീകരിച്ചിരിക്കുന്നത് ആളുകളെ ആകർഷിക്കാൻ പ്രാപ്‌തമാണ്.
മുൻവശത്ത് ഇൻ്റർഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളോട് കൂടിയ ഒരു സുഗമമായ ഹെഡ്‌ലാമ്പ് സജ്ജീകരണവും ഡ്യുവൽ-ടോൺ കളർ ഫിനിഷും കൂടിയാവുമ്പോൾ ബാഡ് ബോയ് ട്രൈക്ക് നിരത്തുകളിൽ വേറിട്ട കാഴ്ച്ചയായിരിക്കും സമ്മാനിക്കുക. കൂടാതെ അതിൻ്റെ ടാൻഡം സീറ്റിംഗ് കോൺഫിഗറേഷനും അടിപൊളിയാണ്. പൂർണമായും യുവാക്കൾക്ക് വേണ്ടിയാണ് ബാഡ് ബോയ് ട്രൈക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും പറയാം.

വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ബാഡ് ബോയ് ട്രൈക്കിന് മൊത്തത്തിൽ 4000 മില്ലീമീറ്റർ നീളം, 1400 മില്ലീമീറ്റർ വീതി, 1200 മില്ലീമീറ്റർ ഉയരം 2800 മില്ലീമീറ്റർ വീൽബേസ് 180 എംഎം മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണുള്ളത്. അതായത് ഏകദേശം സ്കോഡ സ്ലാവിയ സെഡാന്റെ ഗ്രൗണ്ട് ക്ലിയറൻസാണ് ഈ വാഹനത്തിനുള്ളതെന്ന് സാരം. 4.6 മീറ്ററാണ് ടേണിംഗ് റേഡിയസാണ് ട്രൈക്കിനുള്ളതെന്നും കമ്പനി പറയുന്നു.
ബാഡ് ബോയ് പ്രോട്ടോടൈപ്പിൽ ഒരു ഇലക്ട്രിക് പവർട്രെയിനാണ് കൊടുത്തിരിക്കുന്നത്. ആയതിനാൽ വെറും 4.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ മോഡലിനാവുമെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. അങ്ങനെ നോക്കുമ്പോൾ മോട്ടോർസൈക്കിളുകളേക്കാൾ ശരിക്കും വേഗതയുള്ളതാണീ വണ്ടി. മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗത പുറത്തെടുക്കാനും ട്രൈക്കിനാവും.

ഇവിക്ക് രണ്ട് വ്യത്യസ്ത റൈഡിംഗ് മോഡുകൾ ലഭിക്കുന്നുണ്ട്. അതിൽ ഒന്ന് റിലാക്‌സ്ഡ് ക്രൂയിസിങ്ങിനും മറ്റൊന്ന് അഡ്രിനാലിൻ-റഷിംഗിനും വേണ്ടിയാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. ബാറ്ററി പായ്ക്കിൻ്റെ വലുപ്പത്തെക്കുറിച്ചോ മോട്ടോർ ഔട്ട്പുട്ടുകളെക്കുറിച്ചോ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ഇവി ഏകദേശം 400 കിലോമീറ്റർ റേഞ്ച് വരെ സിംഗിൾ ചാർജിൽ നൽകുമെന്നാണ് റിപ്പോർട്ടുകൾ.
ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ സാധാരണ എസി ചാർജിംഗ് വഴി ബാറ്ററി ചാർജാവാൻ ഏകദേശം 7 മുതൽ 8 മണിക്കൂർ സമയം വരെ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫാസ്റ്റ് ചാർജിംഗ് ബാഡ് ബോയ് ട്രൈക്കിന്റെ ഭാഗമാവുമോയെന്നും ഇപ്പോൾ വ്യക്തമല്ല. ബാഡ് ബോയ് ട്രൈക്കിന്റെ മെക്കാനിക്കൽ വശത്തെ ഒരു പ്രധാന ആകർഷണം 45-ഡിഗ്രി ടിൽറ്റിംഗ് മെക്കാനിസമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








