പഞ്ച് ഇവിയെ പൊളിക്കാൻ വരുന്ന ഇലക്‌ട്രിക് എസ്‌യുവി; 401 കി.മീ. റേഞ്ചുള്ള എംജിയുടെ തുറുപ്പുഗുലാൻ
നിലവിൽ ഇന്ത്യയിൽ മാത്രമല്ല, ലോക രാജ്യങ്ങളിലെല്ലാം ഇലക്‌ട്രിക് വാഹനങ്ങൾ ചുവടുറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. അമേരിക്കൻ ആധിപത്യത്തെ മറികടന്ന് ചൈനീസ് വാഹന നിർമാതാക്കളാണ് ഇപ്പോൾ ലോക രാജ്യങ്ങൾ വാഴുന്നത്. ടെസ്‌ലയെ പിന്തള്ളി BYD അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ ഇവി ബ്രാൻഡായി മാറുകയും ചെയ്‌തിരുന്നു. ഇന്ത്യയിൽ ചൈനീസ് വണ്ടികളെ അധികം പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും എംജിക്ക് രാജ്യത്ത് പ്രത്യേക പിന്തുണ കിട്ടിയിട്ടുണ്ട്.
അടുത്തിടെ എംജിയുടെ പ്രധാന ഓഹരി ജെഎസ്‌ഡബ്ല്യു സ്വന്തമാക്കിയതോടെ ഒരുപരിധി വരെ ഇന്ത്യൻ ബ്രാൻഡായി മാറാനും കമ്പനിക്കായി. ഇപ്പോൾ ടാറ്റ മോട്ടോർസ് അരങ്ങുവാഴുന്ന ഇലക്ട്രിക് വാഹന വിഭാഗത്തിൽ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നതും എംജി മോട്ടോർസാണ്. ZS ഇവി, കോമെറ്റ് ഇവി എന്നിങ്ങനെ രണ്ട് വൈദ്യുത വാഹനങ്ങൾ മാത്രമാണ് ബ്രാൻഡിനുള്ളതെങ്കിലും വിൽപ്പന മോശമില്ലാത്ത രീതിയിൽ പിടിക്കുന്നുണ്ടെന്ന് വേണം പറയാൻ.

ഇപ്പോഴിതാ നിലവിൽ ഇന്ത്യയിൽ ലഭ്യമായ എംജി കോമെറ്റ് ഇവിയുടെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള യെപ് പ്ലസ് എന്ന കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ചിരിക്കുകയാണ് ബോജുൻ. SAIC എന്ന മാതൃകമ്പനിയുടെ കീഴിൽ വരുന്ന വ്യത്യസ്‌ത ബ്രാൻഡുകളാണ് എംജി, ബോജുൻ എന്നിവ. ആയതിനാൽ ഇവി മോറിസ് ഗരാജസിന്റെ ലോഗോയിൽ റീബാഡ്‌ജ് ചെയ്‌ത് എത്താൻ സാധ്യതയുണ്ട്.
2024 മാർച്ചോടെ ചൈനയിൽ പുതിയ യെപ് പ്ലസ് എന്ന കോംപാക്‌ട് 5 ഡോർ ഇലക്‌ട്രിക് എസ്‌യുവി വിൽപ്പനയ്‌ക്കെത്തും. ചെറിയ 3-ഡോർ യെപ്പിനേക്കാൾ പ്രായോഗികമാണെന്ന് വേണം പറയാൻ. ഇന്ത്യയിലെത്തിയാൽ ടാറ്റ പഞ്ച് ഇവിയുമായാവും മത്സരം. മൂന്ന് ഡോർ പതിപ്പിൽ നിന്നും 5-ഡോറുകൾ ഉൾക്കൊള്ളിക്കാൻ വാഹനത്തിന്റെ നീളം വർധിപ്പിച്ചിട്ടുണ്ട്. അങ്ങനെ മൊത്തത്തിൽ 3.4 മീറ്റർ നീളവും 1,760 mm വീതിയും 1,726 mm ഉയരവുമാണ് വണ്ടിക്കുള്ളത്.

ഡിസൈനിലേക്ക് നോക്കിയാൽ ഡിഫൻഡർ ലക്ഷ്വറി എസ്‌യുവിയുടെ സ്റ്റൈൽ, ബ്ലാക്ക്ഡ്-ഔട്ട് സി-പില്ലർ, പുതിയ അലോയ് വീലുകൾ എന്നിവയിൽ മാറ്റങ്ങളുണ്ടെങ്കിലും യെപ്പും യെപ് പ്ലസും ഡിസൈനിന്റെ കാര്യത്തിൽ ഏതാണ്ട് സമാനമാണ്. 3-ഡോറിൽ ലഭ്യമായ പിൻവാതിൽ എൽസിഡി സ്‌ക്രീനിന്റെ അഭാവവും ഈ പുത്തൻ ഇലക്ട്രിക് വണ്ടിയെ വേറിട്ടു നിർത്തുന്നുണ്ട്. ബോക്‌സി രൂപത്തിലുള്ള ഇവി ജിംനിയിൽ നിന്ന് വരെ സ്റ്റൈൽ കടമെടുത്തിട്ടുണ്ടെന്ന് തോന്നിയേക്കാം.
ഹെഡ്‌ലൈറ്റുകൾക്ക് പോർഷ പോലുള്ള ഗ്രാഫിക്‌സ് ഉണ്ട്. അതോടൊപ്പം സ്ലാബ് സൈഡഡ് സ്‌റ്റൈലിംഗും ഷാർപ്പ് ഹെഡ്‌ലൈറ്റ് യൂണിറ്റുകൾ വരെ പോർഷ കാറുകൾക്ക് സമാനമാണ്. ബോജുൻ ഇതുവരെ യെപ് പ്ലസ് കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവിയുടെ ബാറ്ററി സ്പെസിഫിക്കേഷനുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കുഞ്ഞൻ മോഡലിലെ 28.1kWh ബാറ്ററിയേക്കാൾ വലിയ യൂണിറ്റുമായി വരുമെന്ന് ഉറപ്പാണ്.

യെപ് പ്ലസിന് എന്തായാലും 401 കിലോമീറ്റർ റേഞ്ചോളം വാഗ്‌ദാനം ചെയ്യുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം യെപ്പ് CLTC സൈക്കിളിൽ 303 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്. റിയർ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന 102 bhp മോട്ടോറിൽ നിന്നാണ് വാഹനത്തിന് പവർ വരുന്നത്. ബോജുൻ ഇവിക്ക് പരമാവധി 150 കിലോമീറ്റർ വേഗത വരെ കൈവരിക്കാനാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.
ബോജുന്റെ യെപ് ഇവി എസ്‌യുവികളും എംജി കോമെറ്റ് ഇവിയും ഒരേ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ (GSEV) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും 2023 മധ്യത്തോടെ എംജി മോട്ടോർ ഇന്ത്യ യെപ്പിന്റെ ഡിസൈൻ ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ടെന്നതും കണക്കിലെടുക്കുമ്പോൾ ഇവി നമ്മുടെ നിരത്തുകളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025-ഓടെ ലോഞ്ച് ഉണ്ടാവുമെന്ന അഭ്യൂഹങ്ങളും ഇപ്പോൾ എയറിലുണ്ട്.

5-ഡോർ പതിപ്പിനു പകരം സിറ്റി യാത്രകൾക്ക് അനുയോജ്യമായ യെപ് 3-ഡോർ മോഡൽ ആയിരിക്കാനാണ് സാധ്യത. എംജി കോമറ്റ് ഇവി അധിഷ്ഠിത എസ്‌യുവിയുടെ പ്രധാന എതിരാളി അടുത്തിടെ പുറത്തിറക്കിയ ടാറ്റ പഞ്ച് ഇവിയായിരിക്കും. എന്തായാലും ഈയൊരു വർഷം ടാറ്റയുടെ വൈദ്യുത വാഹനത്തിന് എതിരാളികളില്ലാതെ അരങ്ങ് വാഴാനാവും. എന്നാൽ അടുത്ത വർഷത്തോടെ എംജി യെപ് വരുന്നതോടെ കാര്യങ്ങൾ മാറിമറിയാനാണ് സാധ്യത.


Click it and Unblock the Notifications








