വാങ്ങിയതോർന്ന് ദുഖിക്കേണ്ടി വരില്ല, 10 ലക്ഷം കൈയിലുണ്ടേൽ ഈ കിടിലൻ കാറുകളുടെ മുതലാളിയാവാം
കാർ വാങ്ങുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് ഈ അടുത്തകാലത്തായി ഉണ്ടായിരിക്കുന്നത്. അതിനാൽ ഓരോ വർഷവും ഇന്ത്യയിൽ പുതിയ കാറുകളുടെ വരവിന് യാതൊരു പഞ്ഞവുമില്ലെന്ന് വേണം പറയാൻ. വാഹനങ്ങൾ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത സംഗതിയായതോടെ നിരത്തുകളിലും തിരക്കേറി വരികയാണ്. ഒരു എൻട്രി ലെവൽ കാറിൽ നിന്നും അടുത്തൊരു വാഹനം വാങ്ങാൻ പ്ലാൻ ചെയ്യുന്നവരും ഏറെയാണ്. അല്ലെങ്കിൽ 10 ലക്ഷം രൂപ കൈയിൽ വെച്ചിട്ട് പുതിയ നല്ലൊരു വണ്ടി വാങ്ങാൻ നടക്കുന്നവരും നമുക്ക് ചുറ്റിനുമുണ്ടാവും. ഇവരുടെയെല്ലാം മനസിലുള്ള പ്രധാന ആശങ്ക മുടക്കുന്ന പൈസ ഒരിക്കലും നഷ്‌ടമാവരുതേ എന്നാവും.
ബജറ്റ് സെഗ്‌മെൻ്റിൽ തന്നെ ഫീച്ചറുകളാൽ സമ്പന്നമായ കാറുകളുടെ ആറാട്ടാണ് ഇപ്പോഴുള്ളത്. അതിനാൽ വണ്ടി വാങ്ങാൻ പ്ലാനിട്ടാൽ ഏത് വാങ്ങുമെന്ന കൺഫ്യൂഷനടിക്കുകയും ചെയ്യും. 10 ലക്ഷം രൂപ വരെയുള്ള ബജറ്റിൽ നല്ല ഒന്നാന്തരം മോഡലുകൾ ഇന്ന് സുലഭമായുണ്ട് താനും. വാങ്ങിയതിനെ ഓർത്ത് ദുഖിക്കേണ്ടി വരില്ലെന്ന് ഗ്യാരണ്ടി പറയാൻ പറ്റുന്ന ചില മോഡലുകളെ പരിചയപ്പെട്ടാലോ?

മാരുതി ഡിസയർ: മുമ്പ് ഈ പേര് പറഞ്ഞാൽ ട്രോള് കിട്ടുമായിരുന്നെങ്കിലും ഏറ്റവും പുതുതലമുറ ഡിസയർ വന്നതോടെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. ഇന്ന് 10 ലക്ഷം രൂപ ബജറ്റിൽ കണ്ണുംപൂട്ടി വാങ്ങാൻ പറ്റിയ ഏറ്റവും നല്ല കാർ മാരുതി ഡിസയർ ആണെന്ന് പറയാം. പുതിയ ഡിസൈൻ, ഒന്നാന്തരം ഫീച്ചറുകൾ എന്നിവ മാത്രമല്ല. പുത്തൻ ത്രീ സിലിണ്ടർ എഞ്ചിനും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമാണ് മാരുതിയുടെ കോംപാക്‌ട് സെഡാനിൽ ഒരുക്കിയിരിക്കുന്നത്.
പുതിയ ഡിസയറിലെ 1.2 ലിറ്റർ 3-സിലിണ്ടർ, Z-സീരീസ് NA പെട്രോൾ എഞ്ചിന് 81 bhp പവറിൽ 112 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മാനുവൽ, എഎംടി ഗിയർബോക്സുകൾക്കുള്ള ഓപ്ഷനുകളും യഥേഷ്‌ടം തെരഞ്ഞെടുക്കാം. 7.91 ലക്ഷം രൂപ മുതലാണ് കാറിന്റെ ഓൺ-റോഡ് വില ആരംഭിക്കുന്നത്. ടോപ്പ് എൻഡിന് 10 ലക്ഷത്തിന് മുകളിൽ പോവുമെങ്കിലും മാന്യമായ ഫീച്ചറുകളുള്ള മിഡിൽ വേരിയന്റുകൾ 10 ലക്ഷത്തിന് മുറ്റത്തെത്തിക്കാനാവും.

നിസാൻ മാഗ്നൈറ്റ്: ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവിയാണ് മാഗ്നൈറ്റ്. അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എത്തിയതോടെ കൂടുതൽ പ്രീമിയം ആവാനും വാഹനത്തിനായിട്ടുണ്ട്. ഡിസൈനിൻ്റെ കാര്യത്തിൽ കാര്യമായ പരിഷ്ക്കാരങ്ങൾ ഇല്ലെങ്കിലും ചില പോരായ്‌മകളെല്ലാം കമ്പനി നികത്തിയിട്ടുണ്ട്. പോരാത്തതിന് 360-ഡിഗ്രി ക്യാമറയും റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണും ലഭിക്കുന്ന ഫീച്ചർ ലോഡഡ് എസ്‌യുവിയാണിത്. 7.04 ലക്ഷം രൂപ മുതലാണ് മാഗ്നൈറ്റിന് വരുന്ന ഓൺ-റോഡ് വില.
ടാറ്റ ആൾട്രോസ്: 10 ലക്ഷം രൂപ ബജറ്റിൽ നല്ല നിർമാണ നിലവാരമുള്ള കാറാണ് നോക്കുന്നതെങ്കിൽ മറ്റൊരു ആലോചനയില്ലാതെ ടാറ്റ ആൾട്രോസ് തന്നെ വാങ്ങാം. ടാറ്റയുടെ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്ക് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് കരസ്ഥമാക്കിയിട്ടുണ്ട്. സുരക്ഷ മാത്രമല്ല, ഇൻ്റീരിയറിലെ ഫിറ്റും ഫിനിഷും പോലും കിടിലമാണ്. എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിൽ പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ ഓപ്ഷനുകളും ആൾട്രോസിലുണ്ട്. 7.68 ലക്ഷം മുതലാണ് മോഡലിന് മുടക്കേണ്ടി വരുന്നത്.

സിട്രൺ C3: നേരത്തെയുണ്ടായിരുന്ന കുറ്റങ്ങളും കുറവുകളുമെല്ലാം നികത്തി C3 ഇപ്പോൾ കൂടുതൽ മിടുക്കനായിട്ടുണ്ട്. ആയതിനാൽ 10 ലക്ഷം രൂപയിൽ താഴെ വാങ്ങാൻ കഴിയുന്ന നല്ലൊരു കാറാണിത്. അടിപൊളി സസ്പെൻഷനും സ്പോർട്ടി എഞ്ചിനും നല്ല യാത്രാ സുഖവും ഒത്തുചേരുന്ന മാജിക്കാണ് ഈ കുഞ്ഞനിൽ സിട്രൺ ഒരുക്കിവെച്ചിരിക്കുന്നത്. 7.42 ലക്ഷം രൂപ മുതലാണ് C3 മോഡലിനായി മുടക്കേണ്ടി വരുന്ന വില.
ഹ്യുണ്ടായി എക്സ്റ്റർ: ഡാഷ്-ക്യാം, അലക്‌സ ഹോം 2 കാർ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, സ്‌മാർട്ട് കീലെസ് എൻട്രി എന്നിവയും അതിലേറെയും ഉള്ള സെഗ്‌മെൻ്റിലെ ഏറ്റവും ഫീച്ചർ ലോഡഡ് എസ്‌യുവികളിൽ ഒന്നാണിത്. 10 ലക്ഷത്തിന് നല്ലൊരു വേരിയന്റ് തെരഞ്ഞെടുക്കുകയാണെങ്കിൽ നിരാശപ്പെടേണ്ടിയേ വരില്ല. സിറ്റി ഡ്രൈവുകൾക്കെല്ലാം മികച്ച രീതിൽ കൊണ്ടുനടക്കാനുമാവും. ഹ്യുണ്ടായിയുടെ ചെറിയ എസ്‌യുവിക്ക് നിലവിൽ 7.21 ലക്ഷം രൂപ മുതലാണ് ഓൺ-റോഡ് വില വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








