സെലിബ്രിറ്റികളെ മോഹിപ്പിക്കാൻ ബിഎംഡബ്ല്യുവിന്റെ പുതിയ ലക്ഷ്വറി സെഡാൻ
ഇന്ത്യയിൽ ആഡംബര കാറുകളുടെ സാധ്യതകൾ വളരെ വേഗത്തിലാണ് വളരുന്നത്. അതിനാൽ തന്നെ പുത്തൻ കാറുകൾ പുറത്തിറക്കി പരമാവധി ലാഭം കൊയ്യുകയാണ് ബ്രാൻഡുകളെല്ലാം. ഇപ്പോഴിതാ ബിഎംഡബ്ല്യു 620d M സിഗ്നേച്ചർ മോഡൽ ഇന്ത്യക്കായി പുറത്തിറക്കിയിരിക്കുകയാണ്. 78.90 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിലാണ് ലക്ഷ്വറി സെഡാൻ അരങ്ങത്ത് എത്തിയിരിക്കുന്നത്.
മുമ്പ് ഇന്ത്യയിൽ 620d M സ്പോർട്ട് പെട്രോൾ വേരിയൻ്റിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂവെങ്കിൽ ഇനി മുതൽ ബിഎംഡബ്ല്യു 6 സീരീസിന് ഒരു പുതിയ ഡീസൽ എഞ്ചിൻ കൂടെയുണ്ടാവും എന്നതാണ് പ്രത്യേകത. കൂടുതൽ വൈവിധ്യമാർന്ന ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കാൻ ഈ നീക്കം ബിഎംഡബ്ല്യുവിനെ സഹായിക്കും എന്നതിൽ സംശയമൊന്നും വേണ്ട.

ആഡംബര സെഡാനായുള്ള ബുക്കിംഗ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും 620d M സ്പോർട്ട് വാങ്ങാൻ താൽപ്പര്യമുള്ള ആളുകൾക്ക് രാജ്യത്തെ എല്ലാ ബിഎംഡബ്ല്യു ഇന്ത്യ ഡീലർഷിപ്പുകളിലും കാർ ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മിനറൽ വൈറ്റ്, ടാൻസാനൈറ്റ് ബ്ലൂ, സ്കൈസ്‌ക്രാപ്പർ ഗ്രേ, കാർബൺ ബ്ലാക്ക് എന്നിങ്ങനെ നാല് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് വാഹനം വാങ്ങാനാവുന്നത്.
ക്യാബിനിനുള്ളിൽ പ്രത്യേക സ്റ്റിച്ചിംഗോടുകൂടിയ നാച്ചുറൽ ലെതർ ഡക്കോട്ട കോഗ്നാക് അപ്ഹോൾസ്റ്ററിയാണ് സെഡാനിൽ ബ്രാൻഡ് ഒരുക്കിയിട്ടുള്ളത്. സോഫ്റ്റ്-ക്ലോസ് ഡോറുകൾ, ഫുൾ-ഇലക്‌ട്രിക് അഡ്ജസ്റ്റ്‌മെൻ്റോടുകൂടിയ മുൻവശത്തെ 'കംഫർട്ട് സീറ്റുകൾ', മെമ്മറി ഫംഗ്‌ഷൻ, ലംബർ സപ്പോർട്ട്, പിൻ സീറ്റുകൾക്കുള്ള പ്രത്യേക ബാക്ക്‌റെസ്റ്റ് കുഷ്യനുകൾ എന്നിവയെല്ലാമാണ് അധികമായി കിട്ടുന്ന ഫീച്ചറുകൾ.

റിമോട്ട് കൺട്രോൾ പാർക്കിംഗ്, കീലെസ് എൻട്രി, ഓട്ടോമാറ്റിക് ലോക്കിംഗ്, പവർഡ് ടെയിൽഗേറ്റ്, രണ്ട് 10.25 ഇഞ്ച് സ്‌ക്രീനുകൾ അടങ്ങുന്ന റിയർ സീറ്റ് എൻ്റർടൈൻമെന്റ് പ്രൊഫഷണൽ, ബിഎംഡബ്ല്യു ഡിസ്‌പ്ലേ കീ, 4 സോൺ ക്ലൈമറ്റ് കൺട്രോൾ, ഹർമൻ കാർഡൺ 16-സ്പീക്കർ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സൺബ്ലൈൻഡുകൾ എന്നിവയാണ് ഏറ്റവും പുതിയ ബിഎംഡബ്ല്യു M സ്പോർട്ട് സിഗ്നേച്ചർ മോഡലിൽ ഒരുക്കിയിരിക്കുന്ന പ്രധാന സവിശേഷതകൾ.
പാർക്ക് അസിസ്റ്റുള്ള റിയർവ്യൂ ക്യാമറ, റിമോട്ട് കൺട്രോൾ പാർക്കിംഗ്, വയർലെസ് ചാർജർ, സെൻ്റർ കൺസോളിൽ സംയോജിപ്പിച്ച സ്മാർട്ട്‌ഫോൺ ഹോൾഡർ, പാഡിൽ ഷിഫ്റ്ററുകൾ തുടങ്ങിയ സവിശേഷതകളും സെഡാനിൽ ഉണ്ട്. സേഫ്റ്റിയുടെ കാര്യത്തിലും ആള് പുലിയാണെന്ന് വേണം പറയാൻ. ആറ് എയർബാഗുകൾ, ഇബിഡിയുള്ള ഉള്ള എബിഎസ് പോലുള്ള അടിസ്ഥാന കാര്യങ്ങളെല്ലാം ലക്ഷ്വറി കാറിന്റെ ഭാഗമാണ്.
കഴിഞ്ഞില്ല, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക് കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നതാണ് 6 സീരീസ് ജിടി M സ്‌പോർട് സിഗ്നേച്ചറിലെ സുരക്ഷ സവിശേഷതകൾ എന്നും ബിഎംഡബ്ല്യു പറയുന്നു. 620d M മറ്റ് 6 സീരീസ് GT വേരിയൻ്റുകളുടെ അതേ 2.0 ലിറ്റർ, 4-സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്.
ഇത് 190 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 6 സീരീസ് ജിടിക്ക് വെറും 7.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നും ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു പറയുന്നു. കംഫർട്ട്, കംഫർട്ട് പ്ലസ്, സ്‌പോർട്ട്, ഇക്കോ പ്രോ, അഡാപ്റ്റീവ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും ഇതിലുണ്ട്.
7.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സെഡാന് കഴിയും. ബിഎംഡബ്ല്യു 6 സീരീസ് ജിടിയുടെ പെട്രോൾ വേരിയൻ്റുകൾക്ക് 73.50 ലക്ഷം മുതൽ 76.90 ലക്ഷം രൂപ വരെയും ഡീസൽ വേരിയൻ്റുകൾക്ക് 75.50 ലക്ഷം മുതൽ 78.90 ലക്ഷം രൂപ വരെയുമാണ് ഇപ്പോഴത്തെ എക്സ്ഷോറൂം വില വരുന്നത്. ഇന്ത്യയിൽ മെർസിഡീസ് ബെൻസ് E-ക്ലാസ്, ഔഡി A6 എന്നിവയാണ് 620d M സ്പോർട്ടിന്റെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications








