ജർമനിയിൽ നിന്നും 516 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് കാർ വരുന്നു, ബുക്കിംഗ് തുടങ്ങിയിട്ടുണ്ടെന്ന് കമ്പനി
ഇന്ത്യയിൽ ഇലക്‌ട്രിക് വാഹന വിപണി കുതിച്ചുയരുമ്പോൾ വണ്ടിക്കമ്പനികളെല്ലാം ശ്രദ്ധ ഈ രംഗത്തേക്ക് കൊടുക്കുകയാണ്. ആഡംബര വാഹന വിപണിയിൽ പോലും ഇപ്പോൾ ഇവികളാണ് കളംനിറഞ്ഞു നിൽക്കുന്നത്. ജർമൻ ലക്ഷ്വറി കാർ മെർസിഡീസ് ബെൻസ് (Mercedes Benz), ബിഎംഡബ്ല്യു (BMW) പോലുള്ള കമ്പനികളെല്ലാം വലിയ ലാഭമാണ് വൈദ്യുത കാറുകളിൽ നിന്നുമുണ്ടാക്കുന്നത്.
i7 ലക്ഷ്വറി സെഡാൻ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ആഡംബര വാഹനമായി മാറിക്കഴിഞ്ഞപ്പോൾ രാശി തെളിഞ്ഞത് ബിഎംഡബ്ല്യുവിനാണ്. ഇപ്പോൾ ഇതിന്റെ വിജയത്തിനു ശേഷം ബിഎംഡബ്ല്യു ഓൾ-ഇലക്‌ട്രിക് i5 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിനോടകം ഓൺലൈനിലും ഡീലർഷിപ്പുകളിലും ബുക്കിംഗ് ആരംഭിച്ച കമ്പനി 5 സീരീസ് സെഡാനെ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാണ് (CBU) രാജ്യത്ത് എത്തിക്കുക.

ഇന്ത്യയിൽ ഓൾ-ഇലക്‌ട്രിക് i5 സെഡാന്റെ M60 xDrive എന്ന പതിപ്പാണ് കമ്പനി വിപണനം ചെയ്യുക. പുതിയ തലമുറ ബിഎംഡബ്ല്യു 5 സീരീസ് അടിസ്ഥാനമാക്കിയുള്ള ഹൈ-പെർഫോമൻസ് ഇവിയാണിത് എന്നതും പണക്കാരെ ആകർഷിക്കുന്ന കാര്യമാണ്. കൂടാതെ സ്റ്റാൻഡേർഡ് i5 മോഡലിനേക്കാൾ ശക്തമായ ഡ്യുവൽ മോട്ടോർ സജ്ജീകരണവും ഇതിലുണ്ടെന്നതാണ് മറ്റൊരു ഹൈലൈറ്റ്. പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും വില പ്രഖ്യാപനവും മറ്റ് കാര്യങ്ങളും എപ്പോൾ ഉണ്ടാവുമെന്ന സ്ഥിരീകരണം ബിഎംഡബ്ല്യു നൽകിയിട്ടില്ല.
ഒരു സമ്പൂർണ ഇറക്കുമതിയായി ഇന്ത്യയിലേക്ക് എത്തുന്നതിനാൽ എന്തായാലും വില കുറവൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഡിസൈനിലേക്ക് നോക്കിയാൽ M60 വേരിയന്റിന് കറുപ്പിലൊരുങ്ങിയിരിക്കുന്ന കിഡ്‌നി ഗ്രിൽ എലമെൻ്റ്, കൂടുതൽ അഗ്രസീവ് റിയർ ഡിഫ്യൂസർ എന്നിങ്ങനെയുള്ള കുറച്ച് അധിക സ്‌റ്റൈലിംഗ് ഘടകങ്ങൾ ലഭിക്കുന്നുണ്ട്. ഇന്റീരിയർ ലേഔട്ട് 5 സീരീസിന് സമാനമാണ്.

12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഡിസ്പ്ലേയും 14.9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീനുമാണ് അകത്തളത്തെ പ്രധാന ആകർഷണം. ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ലിനക്സ് സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കി ഏറ്റവും പുതിയ iDrive 8.5 ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിപ്പിക്കുകയും ഗെയിമിംഗ്, വീഡിയോ പ്ലേബാക്ക് പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുവെന്നാണ് ബിഎംഡബ്ല്യു പറയുന്നത്.
ആംബിയൻ്റ് ലൈറ്റിംഗ്, ഫോർ-വേ പവർ ലംബർ സപ്പോർട്ടുള്ള ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, മൈക്രോ ഫിൽട്ടറുള്ള ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് കാറിലെ മറ്റ് സവിശേഷതകൾ. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ ബിഎംഡബ്ല്യു 5 സീരീസ് സെഡാന് ആക്റ്റീവ് ഡ്രൈവിംഗ് അസിസ്റ്റന്റും റിവേഴ്‌സ് ക്യാമറയും പോലുള്ള സവിശേഷതകളാണ് ലഭിക്കുന്നത്. i5 M60 xDrive ഒരു ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സെറ്റപ്പ് ഉപയോഗിക്കുന്നതിനൊപ്പം ഓൾ-വീൽ ഡ്രൈവ് സംവിധാനവും സ്റ്റാൻഡേർഡായി തന്നെ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

81.2kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്ന കാറിന് പരമാവധി 593 bhp കരുത്തിൽ 795 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. i5 M60 ഹൈ-പെർഫോമൻസ് കാറിന് വെറും 3.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവുമെന്നാണ് ബിഎംഡബ്ല്യു പറയുന്നത്. അതേസമയം ഉയർന്ന വേഗത 230 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.
സിംഗിൾ ചാർജിൽ 516 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ ഇവി പ്രാപ്‌തമാണെന്നതും ഹൈലൈറ്റാണ്. കൂടാതെ ചാർജിംഗിലും ആള് പുലിയാണ്. സ്റ്റാൻഡേർഡായി 11kW എസി ചാർജറാണ് ആഡംബര കാറിനൊപ്പം ബിഎംഡബ്ല്യു നൽകുന്നത്. ഓപ്ഷണൽ ഓൺബോർഡ് ചാർജർ ഉപയോഗിച്ച് ഇത് 22kW ആയി വർധിപ്പിക്കാനും അവസരമുണ്ട്. കൂടാതെ, ഇലക്ട്രിക് സെഡാന് 205kW DC ചാർജിംഗ് ശേഷിയും ലഭിക്കുന്നുണ്ട്. ഇതുവഴി ബിഎംഡബ്ല്യു ഇലക്ട്രിക് കാർ വെറും 30 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യാനാവും.

ബിഎംഡബ്ല്യു i5 M60 xDrive ഇവിയുടെ വിലകൾ അറിയാനായുള്ള കാത്തിരിപ്പാണ് ഇനിയുള്ളത്. ലോഞ്ച് ചെയ്യുമ്പോൾ ഇതിന് നേരിട്ടുള്ള എതിരാളികളുണ്ടാകില്ലെന്നത് മാർക്കറ്റ് പിടിക്കാൻ സഹായിക്കുന്ന കാര്യമാണ്. ഏകദേശം ഒരു കോടി രൂപയിലധികം എക്സ്ഷോറൂം വിലയുണ്ടാവുമെന്നാണ് സൂചന. 2024 മെയ് മുതൽ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ ഡെലിവറി ആരംഭിക്കുമെന്നും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








