സെലിബ്രിറ്റികളുടെ കാശ് വാരാൻ ബിഎംഡബ്ല്യു, കൊണ്ടുവന്നിരിക്കുന്നത് ഇടിവെട്ട് ലക്ഷ്വറി എസ്‌യുവി
ആഡംബര കാർ വിഭാഗത്തിലെ മുടിചൂടാ മന്നനായി വിലസുന്നവരാണ് ബിഎംഡബ്ല്യു. ബെൻസ് കഴിഞ്ഞാൽ മലയാളികൾക്ക് പോലും ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡും ഇതാണ്. ചൂടപ്പംപോലെ വണ്ടികൾ വിറ്റഴിക്കുന്ന കമ്പനി കൃത്യമായ ഇടവേളകളിൽ പുതിയ മോഡലുകളുമായി വിപണിയിൽ എത്താറുണ്ട്. വലിയ പണക്കാർക്കിടയിലും സെലിബ്രിറ്റികൾക്കിടയിലും ഇത്രയും ഫാൻബേസുള്ള ജർമൻ വാഹന നിർമാതാക്കൾ വേറെയില്ലെന്ന് വേണമെങ്കിലും പറയാം.
ഇപ്പോഴിതാ ബിഎംഡബ്ല്യു ഇന്ത്യ തങ്ങളുടെ ജനപ്രിയ X3 എസ്‌യുവിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലിനെയും ആഭ്യന്തര വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ്. ബിഎംഡബ്ല്യു X3 ഷാഡോ എഡിഷൻ എന്നറിയപ്പെടുന്ന ഈ ലക്ഷ്വറി കാറിന് 74.90 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഈ എക്സ്ക്ലൂസീവ് പതിപ്പ് xDrive20d M സ്പോർട്ട് ട്രിമ്മിൽ ലഭ്യമാണെന്നും കമ്പനി പ്രത്യേകം പറയുന്നു.

സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് നിരവധി എക്സ്റ്റീരിയർ സവിശേഷതകളുമായാണ് ബിഎംഡബ്ല്യു X3 xDrive20d M സ്‌പോർട് ഷാഡോ എഡിഷൻ വന്നിരിക്കുന്നത്. അതിൽ ബ്ലാക്ക്ഡ് ഔട്ട് കിഡ്നി ഗ്രിൽ, ഹൈ-ഗ്ലോസ് ബ്ലാക്ക് ടെയിൽ പൈപ്പുകൾ, ഹൈ-ഗ്ലോസ് ബ്ലാക്ക് വിൻഡോ ഗ്രാഫിക്സ്, റൂഫ് റെയിലുകൾ, കിഡ്നി ഫ്രെയിമും ബാറുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. ഇതുകൂടാതെ 19 ഇഞ്ച് വൈ-സ്‌പോക്ക് 887 M അലോയ് വീലുകളും എസ്‌യുവിയെ അഴകുറ്റതാക്കുന്നുണ്ട്.
എക്സ്റ്റീരിയറിലേതു പോലെ തന്നെ ഇന്റീരിയറിലും നവീകരണങ്ങൾ കാണാനാവും. ഷാഡോ എഡിഷനിൽ മൾട്ടി-ഫംഗ്ഷൻ സ്പോർട് സ്റ്റിയറിംഗ് വീൽ, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക് സീറ്റ് അഡ്ജസ്റ്റ്മെൻ്റ്, ലെതർ വെർണാസ്ക അപ്ഹോൾസ്റ്ററി എന്നിവയെല്ലാമാണ് മേടികൂട്ടാനായി സമ്മാനിച്ചിരിക്കുന്നത്. ക്യാബിനിൽ പനോരമിക് ഗ്ലാസ് റൂഫും വെൽക്കം ലൈറ്റ് കാർപെറ്റും ഒപ്പം ആംബിയന്റ് ലൈറ്റിംഗ് എന്നിവയും എസ്‌യുവിയിലുണ്ട്.

ഇലക്‌ട്രോപ്ലേറ്റഡ് കൺട്രോളുകൾ, 3-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റോളർ സൺബ്ലൈൻഡുകൾ എന്നിവയും ബിഎംഡബ്ല്യു X3 ഷാഡോ എഡിഷന്റെ പ്രത്യേകതകളാണ്. ബിഎംഡബ്ല്യു ഓപ്പറേറ്റിംഗ് സിസ്റ്റം 7.0 ഉള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും അകത്തളത്തെ കിടിലമാക്കുന്നുണ്ട്. ഈ സിസ്റ്റം 3D നാവിഗേഷൻ, ബിഎംഡബ്ല്യു ജെസ്റ്റർ കൺട്രോൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നീ ഫീച്ചറുകളേയും സപ്പോർട്ട് ചെയ്യുന്നുണ്ട്.
കൂടാതെ, വാഹനത്തിൽ 16 സ്പീക്കറുകളുള്ള 464W ഹർമാൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റവും ഇമ്മേഴ്‌സീവ് ഓഡിയോ അനുഭവത്തിനായി വ്യക്തിഗതമായി ക്രമീകരിക്കാവുന്ന ബാലൻസിംഗും ജർമൻ ആഡംബര വാഹന നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇനി എഞ്ചിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് ബിഎംഡബ്ല്യു X3 xDrive20d M സ്‌പോർട് ഷാഡോ എഡിഷന് കരുത്തേകുന്നത്.

എട്ട് സ്പീഡ് ഓട്ടോമാറ്റിക് സ്റ്റെപ്ട്രോണിക് സ്പോർട് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 190 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പെർഫോമൻസിലേക്ക് വന്നാൽ ലക്ഷ്വറി എസ്‌യുവിക്ക് 7.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും ബിഎംഡബ്ല്യു പറയുന്നു. അതേസമയം മണിക്കൂറിൽ 213 കിലോമീറ്റർ വേഗതയാണ് പരമാവധി പുറത്തെടുക്കാനാവുന്നത്.
ഇലക്ട്രോണിക് കൺട്രോൾഡ് ഓട്ടോമാറ്റിക് ഡിഫറൻഷ്യൽ ബ്രേക്കുകൾ/ലോക്കുകൾ (ADB-X), എക്സ്റ്റൻഡഡ് ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (DTC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് പെർഫോമൻസിനായി ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയും ബിഎംഡബ്ല്യു X3 xDrive20d M സ്‌പോർട് ഷാഡോ എഡിഷന്റെ മെക്കാനിക്കൽ ഫീച്ചറുകളാണ്. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ കൊടുക്കുന്ന വിലയ്ക്കുള്ള മുതലുണ്ട് വാഹനം എന്ന് മനസിലാക്കാം.
സേഫ്റ്റി ഫീച്ചറുകളിലേക്ക് വന്നാൽ പുതിയ ഷാഡോ എഡിഷനിൽ ആറ് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റോടുകൂടിയ ആൻ്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) വിത്ത് ബ്രേക്ക് അസിസ്റ്റ്, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (DTC), കോർണറിംഗ് ബ്രേക്ക് കൺട്രോൾ (CBC) ഉൾപ്പെടെയുള്ള ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ (DSC) എന്നീ സവിശേഷതകളെല്ലാം കോർത്തിണക്കി സുരക്ഷിതവുമായ ഡ്രൈവിംഗ് അനുഭവമാണ് പുതിയ ബിഎംഡബ്ല്യു X3 ഷാഡോ എഡിഷൻ വാഗ്‌ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








