ക്രെറ്റ ഇവിയെ മുളയിലെ നുള്ളാൻ 400 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവി, അതും കുറഞ്ഞ വിലയിൽ
ഇലക്‌ട്രിക് വാഹന രംഗത്ത് ടെസ്‌ലക്ക് വരെ വെല്ലുവിളിയായവരാണ് BYD എന്നറിയപ്പെടുന്ന ബിൽഡ് യുവർ ഡ്രീംസ് എന്ന ചൈനീസ് ബ്രാൻഡ്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമാതാക്കളായി മാറിയ കമ്പനി ഇന്ത്യയിലും അറിയപ്പെടുന്നവരാണ്. e6, അറ്റോ 3 പോലുള്ള ഗംഭീര ഇവികൾ പുറത്തിറക്കി കൈയടി നേടാനും ഇവർക്കായിട്ടുണ്ട്.
ചൈനീസ് കാർ നിർമാതാക്കളായ BYD തങ്ങളുടെ മാതൃരാജ്യത്ത് ഒരു ചെറിയ ഇലക്ട്രിക് എസ്‌യുവിയെ പുറത്തിറക്കാൻ പോവുകയാണ്. അതും ഹ്യുണ്ടായി ക്രെറ്റയുടെ വലിപ്പമുള്ള മോഡലാണ് ഇപ്പോൾ അണിയറയിൽ പണിതീർത്തിരിക്കുന്നതെന്നാണ് വിവരം. അറ്റോ 2 എന്നുപേരിട്ടിരിക്കുന്ന മോഡൽ ഈ വർഷം അവസാനത്തോടെ ലോഞ്ച് ചെയ്യും. ഇതിനു മുന്നോടിയായി ചൈനീസ് ഹോമോലോഗേഷൻ ഫയലിംഗിൽ ഈ ചെറിയ ഇ-എസ്‌യുവി വെളിപ്പെടുത്തിയിട്ടുണ്ട്.

പുത്തൻ അറ്റോ 2 ഇലക്ട്രിക് എസ്‌യുവി ആഗോള വിപണിയിൽ ജീപ്പ് അവഞ്ചറിനും ഹ്യുണ്ടായി കോന ഇവിക്കും എതിരാളിയാകുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഇന്ത്യയിലെത്തുമ്പോൾ വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവിയെ പൊളിച്ചടുക്കുകയും ചെയ്യും. ജനപ്രിയമായ എസ്‌യുവിയുടെ പുതിയ ഇലക്ട്രിക് പതിപ്പ് കൊണ്ടുവന്ന് ഹ്യുണ്ടായി ക്രെറ്റ റേഞ്ച് വിപുലീകരിക്കാന്‍ പോകുന്ന വിവരം ഇതിനോടകം ഏവരും അറിഞ്ഞ കാര്യമാണ്.
ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാവാൻ പോവുന്ന ക്രെറ്റ ഇവിക്ക് എന്തായാലും അറ്റോ 2 ഇലക്ട്രിക് എസ്‌യുവിയുടെ വരവ് തിരിച്ചടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നിലവിലുള്ള അറ്റോ 3 യുവാൻ പ്ലസ് എന്ന് ചൈനയിൽ പേരിട്ടിരിക്കുന്നതിനാൽ BYD അറ്റോ 2 ചൈനയിൽ യുവാൻ അപ്പ് ആയി വിൽക്കും. ഫ്രണ്ട്-വീൽ ഡ്രൈവ് ലേഔട്ട് ഫീച്ചർ ചെയ്യുന്ന പുതിയ ഇലക്ട്രിക് എസ്‌യുവി BYD-യുടെ പുതിയ മൂന്നാം തലമുറ ഇലക്ട്രിക് കാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇ-പ്ലാറ്റ്ഫോം 3.0 എന്നാണ് അറിയപ്പെടുന്നത്. ഇത് ഡോൾഫിൻ ഹാച്ച്ബാക്കിനും അറ്റോ 3 ക്രോസ്ഓവറിനും ഇടയിലായിരിക്കും കമ്പനി സ്ഥാപിക്കുക. ഇന്ത്യയിൽ വരുമ്പോൾ കൂടുതൽ താങ്ങാനാവുന്ന വിലയിൽ അറ്റോ 3 മോഡലിന് താഴെയായി ഇടംപിടിക്കും. എന്നിരുന്നാലും നമ്മുടെ വിപണിയിൽ ലോഞ്ച് ചെയ്യുന്നതിനെ കുറിച്ചുള്ള സൂചനകളൊന്നും ബ്രാൻഡ് നൽകിയിട്ടില്ല. ചൈനയിൽ മാത്രമല്ല BYഇലക്ട്രിക് എസ്‌യുവി 2025-ഓടെ യൂറോപ്യൻ വിപണികളിലും വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.
ഇലക്‌ട്രിക് എസ്‌യുവി ലെഫ്റ്റ് ഹാൻഡ്, റൈറ്റ് ഹാൻഡ് ഡ്രൈവ് ഫോർമാറ്റിൽ വരുന്നതിനാൽ അതിവേഗം വളരുന്നതിനാൽ ഇന്ത്യയിലും അനായാസം കൊണ്ടുവരാനാവും. മാരുതി സുസുക്കി eVX, ഹ്യുണ്ടായി ക്രെറ്റ ഇവി, ടാറ്റ കർവ്, ഹോണ്ട എലിവേറ്റ് ഇവി, ടൊയോട്ട അർബൻ എസ്‌യുവി എന്നിവയുൾപ്പെടെ 5 പുതിയ ഇലക്ട്രിക് എസ്‌യുവികളുടെ വരവിന് ഈ സെഗ്‌മെൻ്റ് സാക്ഷ്യം വഹിക്കാൻ പോവുകയാണ്.

പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് പുതിയ BYD അറ്റോ 2 ഇലക്ട്രിക് എസ്‌യുവിക്ക് 4310 mm നീളവും 1830 mm വീതിയും 1675 mm ഉയരവും ഉണ്ടാവും. ഇത് അറ്റോ 3 ഇവിയേക്കാൾ 140 mm ചെറുതാക്കുന്ന കാര്യമായതിനാൽ നികുതിയിളവും ബ്രാൻഡിന് നേടാനാവും. ചൈനയുടെ വ്യവസായ, വിവര സാങ്കേതിക മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 94 bhp അല്ലെങ്കിൽ 174 bhp കരുത്തുള്ള ഇലക്ട്രിക് മോട്ടോറുമായാവും വാഹനം വരിക.
ഇത് BYD ഡോൾഫിന് ഹാച്ച്ബാക്കിന് സമാനമാണ്. ചൈനീസ് വാഹന നിർമാതാക്കളുടെ ലിഥിയം അയൺ ഫോസ്ഫേറ്റ് ബ്ലേഡ് ബാറ്ററിയാണ് ഇലക്ട്രിക് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഇതിന് ഒന്നുകിൽ 32kWh അല്ലെങ്കിൽ 45.1kWh ബാറ്ററി പായ്ക്കുകൾ നൽകാനാവും. അങ്ങനെയെങ്കിൽ യഥാക്രമം 300 കി.മീ., 400 കി.മീ. വരെ റേഞ്ച് വാഗ്ദാനം ചെയ്യാനും സാധിക്കും. ഇലക്ട്രിക് മോട്ടോറും ബാറ്ററി സ്പെസിഫിക്കേഷനും അനുസരിച്ച് പുതിയ BYD അറ്റോ 2 ഇലക്ട്രിക് എസ്‌യുവിക്ക് ഏകദേശം 1430 കിലോഗ്രാം, 1540 കിലോഗ്രാം ഭാരവും ഉണ്ടാകും.
ഒരിക്കല്‍ ഇലോണ്‍ മസ്‌ക് ചിരിച്ചു തള്ളിയ ചൈനീസ് കാര്‍ നിര്‍മാതാക്കളായിരുന്നു BYD എന്നതും ചരിത്രമാണ്. ഇതേ കമ്പനി അമേരിക്കൻ ബ്രാൻഡിനെ മറികടന്ന് ലോകത്തെ ഏറ്റവും വില്‍പനയുള്ള വൈദ്യുതകാര്‍ നിര്‍മാണ കമ്പനിയായി 2023-ൽ മാറിയത് ടെസ്‌ലക്ക് വലിയ തിരിച്ചടിയായിരുന്നു. നിലവിൽ ഇന്ത്യയിലും വലിയ സ്വീകാര്യത നേടി കുതിക്കുമ്പോൾ ചൈനീസ് ബ്രാൻഡിന്റെ ഭാവി ശോഭനീയമാണ്. അറ്റോ 2 പോലുള്ള വാഹനങ്ങൾ താങ്ങാനാവുന്ന വിലയിൽ കൂടുതൽ ഇവി രാജ്യത്ത് എത്തിച്ചാൽ തലവര തന്നെ മാറും.


Click it and Unblock the Notifications








