നെക്സോൺ ഇവിയുടെ കച്ചോടം ഗോവിന്ദ! കുറഞ്ഞ വിലയിൽ 468 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിയുമായി BYD
സംഭവം ചൈനയെന്ന് പറഞ്ഞ് കളിയാക്കുമെങ്കിലും നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല കാര്യങ്ങളും അങ്ങ് ചൈനയിൽ (China) നിന്നുള്ളതാവും. വാഹന വിപണിയുടെ കാര്യമെടുത്താലും ചിലർക്കെങ്കിലും ചൈനീസ് ഉൽപ്പന്നങ്ങളോട് പുച്ഛമായിരിക്കും. പക്ഷേ ഇലക്ട്രിക് കാറുകൾ എങ്ങനെ നിർമിക്കണമെന്ന് ശരിക്കും ലോകത്തിന് കാണിച്ചു തന്നവരാണ് ചൈനീസ് ബ്രാൻഡുകൾ. ഇന്ത്യയിലെ പാസഞ്ചർ വാഹന വിഭാഗത്തിൽ അതിവേഗം പ്രശസ്‌തിയാർജിച്ചവരാണ് ബില്‍ഡ് യുവര്‍ ഡ്രീംസ് (Build Your Dreams) എന്ന BYD. പൂർണമായും ഇന്ത്യയിൽ പണികഴിപ്പിച്ച ഇവികൾ (EV) പുറത്തിറക്കി ബ്രാൻഡ് ഇതിനോടകം പ്രശസ്‌തരായി കഴിഞ്ഞു.
e3 എംപിവി, അറ്റോ 3 എസ്‌യുവി, സീൽ ഇവി സെഡാൻ എന്നിവയാണ് നിലവിൽ BYD ഇന്ത്യ പുറത്തിറക്കുന്ന ഇവികൾ. പ്രീമിയം മോഡലുകളാണെങ്കിലും ഇവയെല്ലാം വാങ്ങാൻ ആളുകളുടെ വലിയ നിര തന്നെയാണ് ഷോറൂമുകളിൽ എത്തുന്നത്. ഇതിൽ അറ്റോ 3 എസ്‌യുവിയാവട്ടെ നിരത്തുകളിലെ നിറസാന്നിധ്യമായി മാറിയിട്ടുണ്ട്. എല്ലാവർക്കും അറിയാവുന്ന വൈദ്യുത എസ്‌യുവി ഇതുവരെ ഒരൊറ്റ വേരിയന്റിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്.

എന്നാൽ ഇപ്പോഴിതാ വിൽപ്പന കൂട്ടാനായി മോഡലിന്റെ രണ്ട് എൻട്രി ലെവൽ വേരിയന്റ് കൂടി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് BYD. അറ്റോ 3 ഇപ്പോൾ ഡൈനാമിക്, പ്രീമിയം, സുപ്പീരിയർ എന്നീ മൂന്ന് വകഭേദങ്ങളിൽ വാങ്ങാനാവും. ബേസ് ഡൈനാമിക് ട്രിമ്മിന് 24.99 ലക്ഷം രൂപയാണ് വില വരുന്നത്. എന്നാൽ പ്രീമിയം, സുപ്പീരിയർ ട്രിമ്മുകൾക്ക് BYD ഇതുവരെ വില നൽകിയിട്ടില്ല. ഇത് വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മുമ്പ് 33.99 ലക്ഷം രൂപയായിരുന്നു അറ്റോ 3 ഇവിയുടെ വില വന്നിരുന്നത്. വില കുറച്ച് കൂടുതൽ ആളുകളിലേക്ക് എത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബേസ് മോഡലുകളെ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി പുതിയ ട്രിമ്മിൽ ഒരു ചെറിയ ബാറ്ററിയും കൂടുതൽ മത്സരാധിഷ്ഠിത വിലനിർണയത്തിനായി ഫീച്ചറുകളുടെ ഒഴിവാക്കലും നടന്നിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇനി അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം.

BYD അറ്റോ 3 എസ്‌യുവിയുടെ പുത്തൻ ഡൈനാമിക് വേരിയന്റിലെ ഏറ്റവും വലിയ മാറ്റം ബാറ്ററി പായ്ക്കിലാണ് സംഭവിച്ചിരിക്കുന്നത്. പുതിയ 49.92kWh ബാറ്ററിയാണ് ഇവിയിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് സിംഗിൾ ചാർജിൽ 468 കിലോമീറ്റർ റേഞ്ച് നൽകാൻ വരെ ശേഷിയുള്ളതാണെന്നും ബ്രാൻഡ് പറയുന്നു. പ്രീമിയം, സുപ്പീരിയർ വേരിയന്റുകളിൽ ഇലക്ട്രിക് എസ്‌യുവി മുമ്പുണ്ടായിരുന്ന അതേ 60.48kWh ബാറ്ററി പായ്ക്കിലാവും വരിക.
ഇതിന് ഫുൾ ചാർജിൽ 521 കിലോമീറ്റർ റേഞ്ചാണ് BYD പറയുന്നത്. മൂന്ന് മോഡലുകളിലും 204 bhp പവറിൽ 310 Nm torque ഉൽപ്പാദിപ്പിക്കുന്ന സിംഗിൾ റിയർ ആക്‌സിൽ ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ എസ്‌യുവിയുടെ ബാറ്ററി 50 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. വേരിയന്റ് പരിഗണിക്കാതെ തന്നെ ഈ ഓപ്ഷൻ ബ്രാൻഡ് നൽകുന്നുണ്ടെന്നതാണ് കൈയടി അർഹിക്കുന്ന കാര്യം.

അതേസമയം എസി ചാർജർ ഉപയോഗിച്ചാൽ ചെറിയ ബാറ്ററി പായ്ക്ക് പൂർണമായി ചാർജ് ചെയ്യാൻ 8 മണിക്കൂർ സമയം വേണ്ടിവരും. മറുവശത്ത് വലിയ ബാറ്ററി ചാർജാവാൻ ഏകദേശം 10 മണിക്കൂർ എടുക്കും. 7kW ഹോം ചാർജറും 3kW പോർട്ടബിൾ ചാർജിംഗ് ബോക്സുമാണ് കമ്പനി അറ്റോ 3 എസ്‌യുവിയിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നത്. മുകളിൽ പറഞ്ഞതു പോലെ തന്നെ പുതിയ എൻട്രി ലെവൽ വേരിയന്റിൽ നിന്നും ചില ഫീച്ചറുകൾ BYD ഒഴിവാക്കിയിട്ടുണ്ട്.
മിഡ്-സ്പെക്ക് പ്രീമിയത്തിൽ നിന്നും ADAS സ്യൂട്ടും അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകളുമാണ് BYD ഒഴിവാക്കിയത്. അതേസമയം അറ്റോ 3 ബേസ് ഡൈനാമിക് പതിപ്പ് വാങ്ങുന്നവർക്ക് പവർഡ് ടെയിൽഗേറ്റ്, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, മൾട്ടി-കളർ ആംബിയൻ്റ് ലൈറ്റിംഗ് എന്നീ ഫീച്ചറുകളും ലഭിക്കില്ല. ഡൈനാമിക്കിന് ചെറിയ 17 ഇഞ്ച് വീലുകളും പുത്തൻ കോസ്‌മോസ് ബ്ലാക്ക് കളർ ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്.
12.8 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, 5 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് അറ്റോ 3 ഇവിയുടെ ടോപ്പ്-സ്പെക്ക് സുപ്പീരിയർ വേരിയന്റ് വരുന്നത്. 360-ഡിഗ്രി ക്യാമറ, 7 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, TPMS എന്നിവയാണ് വാഹനത്തിലെ സുരക്ഷാ ഫീച്ചറുകൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








