468 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവി ഇനിയും കുറഞ്ഞ വിലയിൽ വാങ്ങാം, ഇന്ത്യക്കാരെ സ്നേഹിക്കാൻ BYD
ഇലക്‌ട്രിക് കാറുകൾ നിരത്തുകൾ കീഴടക്കുമ്പോൾ ഇന്ത്യക്കാർ ഏറ്റവും ആവശത്തോടെ നോക്കിക്കാണുന്ന ബ്രാൻഡുകളിൽ ഒന്നാണ് BYD എന്ന ബിൽഡ് യുവർ ഡ്രീംസ്. ആഭ്യന്തര വിപണിയിലെ പാസഞ്ചർ വാഹന വിപണിയിൽ താരതമ്യേന പുതിയ കമ്പനിയായി പലർക്കും തോന്നിയേക്കാമെങ്കിലും ഈ ചൈനീസ് വാഹന നിർമാതാക്കൾ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിട്ട് 11 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. 2013 ഓഗസ്റ്റ് 20-ന് ചെന്നൈയിൽ ആദ്യമായി ഇലക്ട്രിക് ബസ് പുറത്തിറക്കികൊണ്ടാണ് ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. രാജ്യത്തിൻ്റെ പൊതുഗതാഗത മേഖലയിൽ വൈദ്യുതീകരണത്തിന് തുടക്കം കുറിക്കാൻ BYD-യുടെ ശ്രമം ചെറുതല്ല.
തുടക്കകാലത്ത് വാണിജ്യ വാഹനങ്ങൾ നിർമിക്കുന്നതിലായിരുന്നു BYD ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ പിന്നീട് e3 എന്ന ഇലക്ട്രിക് എംപിവിയുമായി ബ്രാൻഡ് പിന്നീട് പാസഞ്ചർ വാഹന രംഗത്തേക്കും കാലുകുത്തി. മലയാള നടൻ ആസിഫ് അലി വരെ സ്വന്തമാക്കിയ ഈ വാഹനം ക്ലിക്കായതോടെ കൂടുതൽ മോഡലുകളും പിന്നീട് കളത്തിലെത്തി. e3 ഇലക്ട്രിക് എംപിവിക്ക് പുറമെ അറ്റോ 3 ഇലക്ട്രിക് എസ്‌യുവി, സീൽ ഇലക്‌ട്രിക് സെഡാൻ എന്നിവയാണ് നിലവിൽ BYD പുറത്തിറക്കുന്ന മോഡലുകൾ.

കമ്പനി ചൈനീസാണെങ്കിലും പൂർണമായും ഇന്ത്യയിൽ പണികഴിപ്പിച്ച ഇവികളാണ് ബ്രാൻഡ് പുറത്തിറക്കുന്നത്. അതിനാൽ തന്നെ ജനസമ്മതനായി കുതിക്കുകയാണിപ്പോൾ. ഇപ്പോഴിതാ 11 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചില വമ്പൻ പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്. ഇതിൽ പുതുതായി അവതരിപ്പിച്ച അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ ഡൈനാമിക് വേരിയൻ്റ് ആമുഖ വില കുറച്ച് കാലത്തേക്കു കൂടി തുടരുമെന്ന് ബ്രാൻഡ് പ്രഖ്യാപിച്ചു.
വിപണിയിൽ എത്തി ഒരുമാസത്തിനുള്ളിൽ അറ്റോ 3 ഡൈനാമിക്കിന് 600 യൂണിറ്റുകളുടെ ബുക്കിംഗ് നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്. എല്ലാവർക്കും അറിയാവുന്ന വൈദ്യുത എസ്‌യുവി ഇതുവരെ ഒരൊറ്റ വേരിയന്റിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്. വിൽപ്പന കൂട്ടാനായി എത്തിയ എൻട്രി ലെവൽ മോഡലിനെ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ തെളിവാണ് ബുക്കിംഗ് കണക്കുകൾ. താങ്ങാനാവുന്ന വിലയും കിടിലൻ റേഞ്ചും തന്നെയായിരുന്നു ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ ബേസ് ഡൈനാമിക് ട്രിമ്മിന് 24.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. മുമ്പ്l 33.99 ലക്ഷം രൂപയായിരുന്നു അറ്റോ 3 ഇവിയുടെ വില വന്നിരുന്നത്. പുതിയ ബൈസ് വേരിയന്റിന്റെ വരവോടെ ഇലക്ട്രിക് എസ്‌യുവിയുടെ പ്രാരംഭ വില 9 ലക്ഷം രൂപയായി കുറഞ്ഞു. നിലവിൽ BYD അറ്റോ 3 ലൈനപ്പിൽ ഡൈനാമിക്, പ്രീമിയം, സുപ്പീരിയർ എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളാണുള്ളത്.
അടിസ്ഥാന ഡൈനാമിക് വേരിയൻ്റിന് 24.99 ലക്ഷം രൂപയിൽ ആരംഭിക്കുമ്പോൾ പ്രീമിയം, സുപ്പീരിയർ വേരിയൻ്റുകൾക്ക് 29.85 ലക്ഷം രൂപയും 33.99 ലക്ഷം രൂപയുമാണ് വില വരുന്നത്. വില കുറയ്ക്കാൻ ഇലക്ട്രിക് എസ്‌യുവിയിൽ വരുത്തിയ ഒരേയൊരു മാറ്റം അതിൻ്റെ ചെറിയ ബാറ്ററി പായ്ക്കോടുകൂടിയ പുതിയ ഡൈനാമിക് ബേസ് വേരിയൻ്റ് അവതരിപ്പിച്ചതാണ്. 49.92 kWh ബാറ്ററി പായ്ക്കാണ് ഇതിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

468 കിലോമീറ്റർ റേഞ്ചും BYD അറ്റോ 3 ഡൈനാമിക്കിന്റെ പ്രത്യേകതയാണ്. മറ്റ് രണ്ട് വേരിയന്റുകളിലും 521 കിലോമീറ്റർ റേഞ്ച് നൽകുന്ന 60.48 kWh ബാറ്ററി പായ്ക്കാണ് കമ്പനി ഉപയോഗിക്കുന്നത്. പുതിയ ട്രിമ്മിൽ ചെറിയ ബാറ്ററി കൊടുത്തതിന് പുറമെ മത്സരാധിഷ്ഠിത വിലനിർണയത്തിനായി ഫീച്ചറുകളുടെ ഒഴിവാക്കലും നടന്നു. ആംബിയൻ്റ് ലൈറ്റിംഗ്, ലെവൽ 2 ADAS, ഇലക്ട്രിക്കലി ഓപ്പറബിൾ ടെയിൽഗേറ്റ്, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, 6 സ്പീക്കർ സിസ്റ്റം എന്നിവ ഒഴിവാക്കിയാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്.
അറ്റോ 3 ഇവിയുടെ മിഡ്-ലെവൽ പ്രീമിയം വേരിയൻ്റിൽ ലഭ്യമായ അഡാപ്റ്റീവ് ഹെഡ്‌ലൈറ്റുകളും പുതിയ ബേസ് വേരിയന്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ഏഴ് എയർബാഗുകൾ, പനോരമിക് സൺറൂഫ്, 360-ഡിഗ്രി ഹോളോഗ്രാഫിക് ഇമേജിംഗ് സിസ്റ്റം, 12.8 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവ പോലുള്ള ഗംഭീര മോഡേൺ ഫീച്ചറുകളെല്ലാം അറ്റോ 3 ഡൈനാമിക്കിലും ലഭ്യമാണ്.
ചാർജിംഗിലേക്ക് വന്നാൽ 7kW ഹോം ചാർജറും 3kW പോർട്ടബിൾ ചാർജിംഗ് ബോക്സുമാണ് കമ്പനി അറ്റോ 3 എസ്‌യുവിയിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ എസ്‌യുവിയുടെ ബാറ്ററി 50 മിനിറ്റിനുള്ളിൽ 0-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. അതേസമയം എസി ചാർജർ ഉപയോഗിച്ചാൽ ചെറിയ ബാറ്ററി പായ്ക്ക് പൂർണമായി ചാർജാവാൻ 8 മണിക്കൂർ സമയം വേണ്ടിവരും.


Click it and Unblock the Notifications








