125 കി.മീ. ഇലക്‌ട്രിക്കിൽ ഓടിക്കാം, ബാക്കി പെട്രോൾ നോക്കിക്കോളും! പുത്തൻ ഓഫ്-റോഡർ എസ്‌യുവി പുറത്തിറക്കാൻ BYD
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹന നിർമാതാക്കളായി മാറിയിരിക്കുകയാണ് BYD എന്ന ബിൽഡ് യുവർ ഡ്രീംസ് (Build Your Dreams). ഇലക്‌ട്രിക് കാറുകളാണ് കമ്പനി പുറത്തിറക്കുന്നതെങ്കിലും ആഡംബര സ്പോർട്‌സ് കാറുകളുടേതു പോലുള്ള ഡിസൈനും കിടിലൻ റേഞ്ചുമെല്ലാമാണ് ബ്രാൻഡിലേക്ക് ആളുകളെ അടുപ്പിക്കുന്നത്. e6 എംപിവി, അറ്റോ 3 എസ്‌യുവി, സീൽ സെഡാൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത വൈദ്യുത വാഹന നിരയാണ് BYD അവതരിപ്പിക്കുന്നതും. ആരും കണ്ടാൽ മോഹിക്കുന്ന വിധത്തിൽ മോഡലുകളെ ഒരുക്കാൻ ഈ ചൈനീസ് വാഹന നിർമാതാക്കൾക്ക് സാധിക്കുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം.
ഇപ്പോഴിതാ ഇന്ത്യക്കായി മറ്റൊരു ഇലക്‌ട്രിക് കാർ കൂടി പുറത്തിറക്കാൻ ഒരുങ്ങുകയാണ് നമ്മുടെ സ്വന്തം BYD. അതും ഒരു ഓഫ്-റോഡർ എസ്‌യുവി കൂടിയാണേൽ എങ്ങനെയിരിക്കും? ഉത്സവ സീസണിൽ പണംവാരാനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിച്ച കമ്പനി 2024 ഒക്ടോബർ മാസത്തിൽ പുത്തൻ മോഡലിനെ കളത്തിലേക്ക് ഇറക്കുമെന്ന് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വലിയ ഇവി നിർമാതാക്കളായ BYD ബവോ 5 എന്ന ജീപ്പ് സ്റ്റൈൽ മോഡലിനെയാണ് ഇന്ത്യയിൽ പുറത്തിറക്കുക.

ചൈന പോലുള്ള വിദേശ രാജ്യങ്ങളിൽ BYD-യുടെ ലക്ഷ്വറി ബ്രാൻഡായി അറിയപ്പെടുന്ന ഫാങ്ചെങ്ബാവോയ്ക്ക് (Fangchengbao) കീഴിൽ പുറത്തിറക്കുന്ന ബവോ 5 (Bao 5) കഴിഞ്ഞ വർഷം അവസാനമാണ് ചൈനയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് 2024 ജൂലൈയിൽ യൂറോപ്യൻ വിപണിയിലേക്കും വാഹനം രംഗപ്രവേശം ചെയ്‌തു. അതായത് ഇതൊരു ഇലക്‌ട്രിക് മോഡലായിരിക്കില്ലെന്ന് സാരം.
ബിൽഡ് യുവർ ഡ്രീംസ് പൂർണമായും ഇവികളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതിനാലാണ് ICE എഞ്ചിൻ മോഡലുകൾക്കായി ഫാങ്ചെങ്ബാവോ എന്ന പുതിയ ബ്രാൻഡിന് ചൈനീസ് കമ്പനി രൂപംകൊടുത്തത്. ഓഫ്-റോഡർ എസ്‌യുവികളിലെ തലതൊട്ടപ്പൻമാരായ ഫോർഡ് ബ്രോങ്കോ, ലാൻഡ് റോവർ ഡിഫെൻഡർ എന്നിവയുടെ ഡിസൈനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബവോ 5 പണികഴിപ്പിച്ചിരിക്കുന്നത്.

BYD ബവോ 5 എസ്‌യുവിക്ക് ലാൻഡ് റോവർ ഡിഫൻഡർ 110 മോഡലിന് സമാനമായ വലിപ്പത്തിലാണ് വരുന്നതും. നേരായ മുൻഭാഗം, ബോക്‌സി പിൻഭാഗം, ഉയരമുള്ള പില്ലറുകൾ, പരന്ന ബോണറ്റ്, പ്രൊമിനന്റ് വീൽ ആർച്ചുകൾ, വലിയ വീലുകൾ എന്നിവയാൽ ബാവോ 5 ഇവിക്ക് ഗംഭീര റോഡ് പ്രസൻസാണുള്ളതും. ആധുനിക കാറുകളുടെ ഒരു സാധാരണ ഫാഷനിൽ, ഇതിന് പുറത്ത് ലൈറ്റ് ബാറുകളും അകത്ത് വലിയ സ്‌ക്രീനുകളും അവതരിപ്പിക്കുന്നുണ്ട് താനും.
ഇന്റീരിയറിൽ രണ്ട് 12.3 ഇഞ്ച്, ഒരു 15.6 ഇഞ്ച് സെൻട്രൽ ഡിസ്‌പ്ലേ എന്നിവയാണ് BYD ബവോ 5 എസ്‌യുവിക്ക് ലഭിക്കുന്നത്. ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകൾക്കൊപ്പം പ്രവർത്തിക്കുന്ന 1.5 ലിറ്റർ ഫോർ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 31.8 kWh LFP ബ്ലേഡ് ബാറ്ററി പായ്ക്കും ഇതിലുണ്ട്. AWD രൂപത്തിൽ എസ്‌യുവിക്ക് 677 bhp കരുത്തിൽ 760 Nm torque വരെ ഉത്പാദിപ്പിക്കാനും കഴിയും.

2,800 കിലോഗ്രാം ഭാരമുണ്ടെങ്കിലും സ്‌പോർട്‌സ് മോഡിൽ ബവോ 5 ഓഫ്-റോഡർ എസ്‌യുവിക്ക് പെർഫോമൻസിന്റെ കാര്യത്തിൽ മടിയൊന്നുമില്ല. വെറും 4.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം പരമാവധി വേഗം 180 കിലോമീറ്ററായും പരിമിതപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
PHEV സിസ്റ്റം 125 കിലോമീറ്റർ ഇലക്‌ട്രിക് ഓൺലി റേഞ്ചും സാധ്യമാക്കുന്ന കാര്യമാണ്. ബവോ 5 100 kW DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതിനാൽ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനും സാധിക്കും. ഇലക്‌ട്രിക്കിലും പെട്രോളിലും ഓടിക്കാമെന്നതിനാൽ വാഹനത്തിന്റെ കാര്യക്ഷമതയും വേറെ ലെവലായിരിക്കും. ആയതിനാൽ വില ലക്ഷ്വറി സെഗ്‌മെൻ്റിലെ കാറുകൾക്ക് സമാനമായിരിക്കുമെന്ന് വേണം പറയാൻ.
ചൈനയിൽ ടോപ്പ് എൻഡ് മോഡലിന് നിലവിൽ 302,800 യുവാൻ ആണ് വില. അതായത് ഫാങ്ചെങ്ബാവോയുടെ എസ്‌യുവിക്ക് ഏകദേശം 35.68 ലക്ഷം രൂപയോളം വരുമെന്നാ സാരം. ഇന്ത്യയിൽ എത്തുമ്പോൾ നികുതി ചിലവുകളെല്ലാം കൂട്ടി 70 ലക്ഷം രൂപയോളം എക്സ്ഷോറൂം വിലയും വന്നേക്കാം. ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി ആയതിനാൽ ബവോ 5 മോഡലിന് ആഭ്യന്തര വിപണിയിൽ പ്രത്യേക പരിഗണനയും ലഭിച്ചേക്കാം.


Click it and Unblock the Notifications








