ഇന്നോവ ഹൈബ്രിഡ് വാങ്ങാൻ വരട്ടെ, അതേ വിലയ്ക്ക് 530 കി.മീ. റേഞ്ചുള്ള 7 സീറ്റർ ഇലക്‌ട്രിക് ഫാമിലി കാറുമായി BYD
ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഏറെ സാധ്യതയുള്ള വിപണിയായി മാറിയിരിക്കുകയാണ് നമ്മുടെ ഇന്ത്യ. ടാറ്റ മോട്ടോർസും എംജി മോട്ടോറും ഭരിക്കുന്ന ഇവി മേഖല കീഴടക്കാനായി മറ്റൊരു കമ്പനി കൂടി കച്ചകെട്ടിയിറങ്ങിയിട്ടുണ്ടെന്നാണ് മറ്റൊരു സത്യം. അത് മറ്റാരുമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിൽഡ് യുവർ ഡ്രീംസ് എന്ന ബിവൈഡിയാണ്. ഇതിനോടകം ആകർഷകമായ ഇവി ലൈനപ്പുള്ള ചൈനീസ് കമ്പനി ഇപ്പോഴിതാ ഇന്ത്യക്കായി പുത്തനൊരു മോഡലിനെ കൂടി പുറത്തിറക്കിയിരിക്കുകയാണ്. അതും ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് അരങ്ങുവാഴുന്ന എംപിവി സെഗ്മെന്റിലേക്കാണ് ബിവൈഡി ചുവടുവെക്കുന്നത്.
വിലയുടെ കാര്യത്തിൽ തന്നെ സാമ്യതയുള്ള രണ്ട് വണ്ടികളും തമ്മിലുള്ള യുദ്ധമായിരിക്കും ഇനി കാണാനിരിക്കുന്നത്. e6 എംപിവി, അറ്റോ 3 എസ്‌യുവി, സീൽ സെഡാൻ എന്നിവയ്ക്ക് ശേഷം ബിവൈഡി പുറത്തിറക്കിയിരിക്കുന്നത് ഇമാക്‌സ് 7 എന്ന മോഡലാണ്. 6 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനിൽ വാങ്ങാനാവുന്ന മോഡൽ പ്രീമിയം സുപ്പീരിയർ എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത വേരിയന്റുകളിൽ സ്വന്തമാക്കാനാവും.

ബിവൈഡി ഇമാക്‌സ് 7 എംപിവിയുടെ എൻട്രി ലെവൽ പ്രീമിയം ട്രിമ്മിന് 26.9 ലക്ഷം രൂപയിൽ നിന്നാണ് വില ആരംഭിക്കുന്നത്. ടോപ്പ്-സ്പെക്ക് സുപ്പീരിയർ വേരിയന്റാണ് വാങ്ങുന്നതെങ്കിൽ 29.9 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില മുടക്കേണ്ടി വരും. ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന് 25.97 ലക്ഷം മുതൽ 30.98 ലക്ഷം രൂപ വരെയാണ് ചെലവഴിക്കേണ്ടി വരുന്നത്. അങ്ങനെ നോക്കുമ്പോൾ ബിവൈഡിയുടെ ഇലക്ട്രിക് എംപിവി വാങ്ങിയാൽ പെട്രോളടിക്കുന്ന പൈസ പോക്കറ്റിലിരിക്കും.
മാത്രമല്ല, ഹൈക്രോസിന്റെ ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് ടൊയോട്ട താത്ക്കാലികമായി നിർത്തിവെച്ചിരിക്കുന്നതിനാൽ ചൈനീസ് ബ്രാൻഡിന് ഈ അവസരം മുതലെടുക്കാനുമാവും. ബിവൈഡി ഇമാക്സ് 7 ഇവിയുടെ വേരിയന്റ് തിരിച്ചുള്ള കൃത്യമായ വില എങ്ങനെയെന്ന് നോക്കിയാൽ എംപിവിയുടെ പ്രീമിയം 6 സീറ്ററിന് 26.90 ലക്ഷം, പ്രീമിയം 7 സീറ്ററിന് 27.50 ലക്ഷം, സുപ്പീരിയർ 6 സീറ്ററിന് 29.30 ലക്ഷം, സുപ്പീരിയർ 7 സീറ്ററിന് 29.90 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.

2021 മുതൽ ഇവിടെ വിപണനത്തിന് എത്തുന്ന e6 ഇവിയുടെ പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ഇമാക്‌സ് 7 എന്നും വിശേഷിപ്പിക്കാം. എങ്കിലും നിലവിലുണ്ടായിരുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രാരംഭ വിലയിൽ കുറവുണ്ട്. മാത്രമല്ല, മെച്ചപ്പെടുത്തിയ ഡിസൈൻ, ഫീച്ചർ, മെക്കാനിക്കൽ അപ്‌ഗ്രേഡുകൾ എന്നിവയും പുതിയ ഇലക്ട്രിക് എംപിവിയിൽ ബിവൈഡി ഒരുക്കിയിട്ടുണ്ട്.
പുതുമോഡൽ സ്വന്തമാക്കാൻ താത്പര്യമുള്ളവർക്ക് 51,000 രൂപ ടോക്കൺ തുക മുടക്കി ഇലക്ട്രിക് എംപിവി ബുക്ക് ചെയ്‌തിടാം കേട്ടോ. ബിവൈഡി ഇമാക്‌സ് 7 എംപിവിയുടെ ഡെലിവറി വരുന്ന ആഴ്ച്ചയോടെ ആരംഭിക്കുമെന്ന ഉറപ്പും കമ്പനി നൽകിയിട്ടുണ്ട്. ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ശരിക്കും 7 പേർക്ക് കിടിലൻ സൌകര്യങ്ങളോടെ യാത്ര ചെയ്യാനാവുന്ന ഫാമിലി കാറാണിതെന്ന് പറയാം.

എക്സ്റ്റീരിയറിലേക്ക് നോക്കിയാൽ ഇമാക്‌സ് 7 അതിന്റെ മുൻഗാമിയിൽ നിന്നും നേരിയ മാറ്റം വരുത്തിയ ഹെഡ്‌ലാമ്പുകളും ടെയിൽ-ലാമ്പുകളുമാണ് അവതരിപ്പിക്കുന്നത്. ഒപ്പം ബമ്പറുകൾക്ക് പൂർണമായും പുതിയ ഡിസൈൻ ലഭിക്കുന്നതും കിടിലമാണ്. ക്രോം ഘടകങ്ങളും പുതുതായി കൊണ്ടുവന്നിട്ടുണ്ട്. 225/55 R17 സെക്ഷൻ ടയറുകളോടെയുള്ള പുതിയ 17 ഇഞ്ച് അലോയ് വീലുകളാണ് വശക്കാഴ്ച്ചയിൽ പുതുമ കൊണ്ടുവരുന്നത്.
ക്വാർട്സ് ബ്ലൂ, ഹാർബർ ഗ്രേ, ക്രിസ്റ്റൽ വൈറ്റ്, കോസ്മോസ് ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്‌ഷനുകളും ബിവൈഡി ഇമാക്‌സ് 7 ഇവിയിൽ തെരഞ്ഞെടുക്കാം. 12.8 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ, ഡാഷ്‌ബോർഡ് പാനലുകളിൽ ഉൾപ്പെടെ സേഫ്റ്റ് ടച്ച് മെറ്റീരിയലുകൾ, ണ്ട് വയർലെസ് ചാർജിംഗ് പാഡുകൾ, കുറച്ച് പുതിയ സ്വിച്ച് ഗിയർ, ഒരു പുതിയ ഡ്രൈവ് സെലക്ടർ ലിവർ, പുതിയ സ്റ്റിയറിംഗ് വീൽ എന്നിവയാണ് ഇന്റീരിയറിൽ ഒരുക്കിവെച്ചിരിക്കുന്ന പ്രധാന മാറ്റങ്ങൾ.
2 ADAS ടെക്, പനോരമിക് ഗ്ലാസ് റൂഫ്, പവർഡ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഫ്രെയിംലെസ് ഫ്രണ്ട് വൈപ്പറുകൾ, റൂഫ് റെയിലുകൾ, ആറ് എയർബാഗുകൾ, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ, 360 ഡിഗ്രി ക്യാമറ എന്നിവയെല്ലാമാണ് ബിവൈഡിയുടെ ഇമാക്‌സ് 7 ഇലക്ട്രിക് എംപിവിയിലെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. രണ്ട് ബാറ്ററി പായ്ക്കുകളിലായാണ് ഇവിയെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇമാക്‌സ് 7 എംപിവിയുടെ പ്രീമിയം വേരിയന്റിന് 55.4 kWh ബാറ്ററി പായ്ക്കാണ് സമ്മാനിച്ചിരിക്കുന്നത്. ഇത് സിംഗിൾ ചാർജിൽ 420 കിലോമീറ്റർ റേഞ്ച് വരെ നൽകും. അതേസമയം സുപ്പീരിയറിന് 530 കിലോമീറ്റർ റേഞ്ചുള്ള 71.8 kWh ബാറ്ററി പായ്ക്കാണ് ബിവൈഡി ഒരുക്കിയിരിക്കുന്നത്. പ്രീമിയം ട്രിമ്മിന് 163 bhp കരുത്തിൽ 310 Nm torque വരെ ഉത്പാദിപ്പിക്കാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 0-100 വേഗത 10.1 സെക്കൻഡിലാണ് കൈവരിക്കുന്നത്.
അതേസമയം ബിവൈഡി ഇമാക്സ് 7 ഇവിയുടെ സുപ്പീരിയറിന് 204 bhp പവറിൽ 310 Nm torque വരെ നൽകാനാവും. ഇതിന് 8.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയും കൈയെത്തിപ്പിടിക്കാനാവും. ഇലക്ട്രിക് എംപിവിയുടെ രണ്ട് വേരിയൻ്റുകൾക്കും 180 കിലോമീറ്ററിന്റെ ഉയർന്ന വേഗതയാണുള്ളത്. 7kW എസി ചാർജർ സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ ഇവിയുടെ പ്രീമിയത്തിന് 89kW DC ഫാസ്റ്റ് ചാർജിംഗ് പ്രാപ്തമാണ്. അതേസമയം സുപ്പീരിയറിന് 115kW ഫാസ്റ്റ് ചാർജിംഗിനും കഴിവുണ്ട്.


Click it and Unblock the Notifications








