650 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് കാറിന് വമ്പൻ ഡിമാന്റ്, ഇതുവരെ ബുക്ക് ചെയ്‌തവരുടെ എണ്ണം പറഞ്ഞ് കമ്പനി
ഇന്ത്യൻ വിപണിയിലും ഇലക്‌ട്രിക് കാറുകൾ ചുവടുറപ്പിച്ചു കഴിഞ്ഞുവെന്നു വേണം പറയാൻ. പുതിയൊരു വണ്ടിയെടുക്കുമ്പോൾ അവരവരുടെ ബജറ്റിനുള്ളിൽ നിൽക്കുന്ന വിലയിൽ ഇവി കിട്ടുകയാണെങ്കിൽ പലരും ഇന്ന് ഇത്തരം വാഹനങ്ങളിലേക്ക് ചേക്കേറുകയാണ്. അതിനുദാഹരണമായി എടുത്തു കാണിക്കാൻ പറ്റുന്ന BYD സീൽ ഇലക്ട്രിക് സെഡാൻ കഴിഞ്ഞ ദിവസം രാജ്യത്ത് അവതരിക്കുകയുണ്ടായി.
വിപണിയിലെത്തി മണിക്കൂറുകൾക്കുള്ളിൽ ഇവി ബുക്ക് ചെയ്‌തത് 200 പേരാണെന്നാണ് കമ്പനി പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ. ആഡംബര കാറുകൾ അടക്കിവാഴുന്ന സെഗ്മെന്റിലേക്കാണ് BYD സീൽ എന്ന ഉശിരനെ പരിചയപ്പെടുത്തിയത്. ഇത് കണക്കിലെടുക്കുമ്പോൾ ആളുകൾക്ക് ഇവി വാങ്ങാൻ വിലയൊന്നും പ്രശ്‌നമല്ലെന്നാണ്. മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിലായി അവതരിപ്പിച്ചിരിക്കുന്ന മോഡലിന് 41 ലക്ഷം രൂപയിൽ നിന്നാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ഇന്ത്യയിലെ ഉപഭോക്താക്കളിൽ നിന്നുള്ള അവിശ്വസനീയമായ പ്രതികരണം തങ്ങളെ അതിശയിപ്പിക്കുന്നതായി BYD ഇന്ത്യയുടെ ഇലക്ട്രിക് പാസഞ്ചർ വെഹിക്കിൾ ബിസിനസ് സീനിയർ വൈസ് പ്രസിഡൻ്റ് സഞ്ജയ് ഗോപാലകൃഷ്ണൻ പറഞ്ഞു. ഇന്ത്യയിൽ ആഡംബരവും ഉയർന്ന പ്രകടനവുമുള്ള ഇലക്ട്രിക് വാഹനങ്ങൾക്കുള്ള വർധിച്ചു വരുന്ന ഡിമാന്റാണ് സീൽ ഇവിയുടെ ബുക്കിംഗ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 31-നകം BYD സീൽ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ബുക്കിംഗ് പോളിസി പ്രകാരം 7 kW ഹോം ചാർജറും ഇൻസ്റ്റലേഷൻ സർവീസും, 3 kW പോർട്ടബിൾ ചാർജിംഗ് ബോക്സും, VTOL മൊബൈൽ പവർ സപ്ലൈ യൂണിറ്റും ഉൾപ്പെടുന്ന ആനുകൂല്യങ്ങൾ ലഭിക്കും. തീർന്നില്ല, അതോടൊപ്പം തന്നെ 6 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ്, ഒരു കോംപ്ലിമെൻ്ററി ഇൻസ്പെക്ഷൻ സേവനം പോലുള്ള അധിക സൌകര്യങ്ങളും കമ്പനി വാഗ്‌ദാനം ചെയ്യുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.

കൂടാതെ BYD സീലിന്റെ ബാറ്ററിക്ക് 8 വർഷത്തെ അല്ലെങ്കിൽ 1,60,000 കി.മീ വാറണ്ടി (ഏത് നേരത്തെയായാലും), മോട്ടോറിനും മോട്ടോർ കൺട്രോളറിനും 8 വർഷത്തെ അല്ലെങ്കിൽ 1,50,000 കി.മീ വാറണ്ടി (ഏത് നേരത്തെയായാലും), വാഹനത്തിന് മാത്രം 6 വർഷം അല്ലെങ്കിൽ 1,50,000 കി.മീ വാറണ്ടിയും വാഗ്‌ദാനം ചെയ്യുന്നു. ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് ഇലക്‌ട്രിക് സെഡാൻ ലഭ്യമാവുന്നത്.
ഇവയ്ക്ക് യഥാക്രമം 41 ലക്ഷം, 45.55 ലക്ഷം, 53 ലക്ഷം എന്നിങ്ങനെയാണ് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പെർഫോമൻസ് പതിപ്പിന് 530 bhp കരുത്തോളം നൽകുന്ന ഓൾ-വീൽ ഡ്രൈവ് സജ്ജീകരണം വരെ ഒരുക്കിയിട്ടുണ്ട്. കൂടാതെ വെറും 3.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇവിക്ക് സാധിക്കും എന്നതാണ് ശ്രദ്ധേയം. ഇനി കൃത്യമായ പെർഫോമൻസ് കണക്കുകൾ അറിയേണമെങ്കിൽ അതും പറഞ്ഞുതരാം.

BYD സീൽ ഇലക്‌ട്രിക് സെഡാന്റെ ഡൈനാമിക് റേഞ്ച് മോഡലിന് 201 bhp പവറിൽ 310 Nm torque വരെ ഉത്പാദിപ്പിക്കാനാവുമ്പോൾ പ്രീമിയം റേഞ്ച് പതിപ്പുകൾക്ക് 308 bhp കരുത്തിൽ 360 Nm torque ആണ് വികസിപ്പിക്കാനാവുക. അതേസമയം ടോപ്പ് എൻഡ് പെർഫോമൻസ് വേരിയന്റ് 522 bhp പവറിൽ 670 Nm torque ആണ് നൽകുക.
ഡൈനാമിക് റേഞ്ച് വേരിയൻ്റിനൊപ്പം 61.44 kWh ബാറ്ററി പായ്ക്കും പ്രീമിയം റേഞ്ച്, പെർഫോമൻസ് എന്നീ രണ്ട് വേരിയൻ്റുകളിൽ 82.56 kWh ബാറ്ററി പായ്ക്കുമാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ബാറ്ററികൾക്കും കമ്പനിയുടെ പേറ്റൻ്റ് ബ്ലേഡ് സാങ്കേതികവിദ്യയുണ്ട്. ഇവയ്ക്ക് യഥാക്രമം 510 കി.മീ റേഞ്ചും 650 കി.മീ. റേഞ്ചുമാണ് നൽകാനാവുക.

വലിപ്പത്തിന്റെ കാര്യത്തിൽ സീൽ ഇവിക്ക് 4,800 മില്ലീമീറ്റർ നീളവും 1,875 മില്ലീമീറ്റർ വീതിയും 1,460 മില്ലീമീറ്റർ ഉയരവുമാണുള്ളത്. ബിൽഡ് യുവർ ഡ്രീംസിന്റെ (BYD) "ഓഷ്യൻ ഏസ്തെറ്റിക്" ഡിസൈൻ ഭാഷ്യമാണ് ഇലക്ട്രിക്കിന്റെ രൂപത്തിൽ കാണാനാവുന്നത്. കൂപ്പെ സ്റ്റൈൽ ഓൾ-ഗ്ലാസ് റൂഫ്, ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, നാല് ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവ ഡിസൈനിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
കൂടാതെ സി-ആകൃതിയിലുള്ള ഘടകമുള്ള സ്വീപ്റ്റ് ബാക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, പൂർണ വീതിയുള്ള കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റ്, 19 ഇഞ്ച് അലോയ് വീലുകളുകൾ എന്നിവയും BYD സീൽ ഇവിയുടെ പ്രധാന ആകർഷണമാണ്. ആർട്ടിക് ബ്ലൂ, അറോറ വൈറ്റ്, അറ്റ്ലാൻ്റിസ് ഗ്രേ, കോസ്മോസ് ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനകളിലാണ് ഈ പ്രീമിയം ഇലക്ട്രിക് സെഡാൻ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

ഫെബ്രുവരി അവസാന വാരത്തിലാണ് BYD സീലിനുള്ള ബുക്കിംഗ് ആരംഭിക്കുന്നത്. ടോക്കൺ തുകയായ 1.25 ലക്ഷം രൂപയ്ക്ക് ഇപ്പോഴും ഇലക്ട്രിക് സെഡാൻ ബുക്ക് ചെയ്യാനാവും. എന്നിരുന്നാലും, ഇവിയുടെ ഡെലിവറികൾ എപ്പോൾ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. e6 എംപിവി, അറ്റോ 3 എസ്‌യുവി എന്നിവയ്ക്ക് ശേഷം ചൈനീസ് കാർ നിർമാതാക്കളായ BYD ഇന്ത്യയിൽ പുറത്തിറക്കുന്ന മൂന്നാമത്തെ മോഡലായ സീൽ സെഡാൻ പൂർണ ഇറക്കുമതിയായാണ് രാജ്യത്ത് എത്തുന്നത്.


Click it and Unblock the Notifications








