570 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് കാർ നാളെ ഇന്ത്യയിലെത്തും, പണി ആർക്കാണെന്ന് അറിയാല്ലോ
ഏതെങ്കിലും ചൈനീസ് വാഹന നിർമാതാക്കൾക്ക് ഇന്ത്യയിൽ കച്ചോടം പൊടിപൊടിക്കാനാവുമോ? ഇങ്ങനെ ചിന്തിക്കുന്നവരുണ്ടെങ്കിൽ ചുമ്മാതൊന്ന് ബിൽഡ് യുവർ ഡ്രീംസ് എന്ന BYD ബ്രാൻഡിനെ നോക്കിയാൽ മതി. ആഗോള തലത്തിൽ ടെസ്‌ലക്ക് തന്നെ പണികൊടുത്ത് ഏറ്റവും വലിയ വൈദ്യുത വാഹന നിർമാതാക്കളായി വളർന്നവരാണ് ഈ കമ്പനി. ഭാഗ്യംകൊണ്ട് നമ്മുടെ ഇന്ത്യയിലും ഏറെക്കാലം മുമ്പേ പ്രവർത്തനം ആരംഭിക്കാനുള്ള സുമനസും അവർ കാണിച്ചു.
ആഭ്യന്തര വിപണിയിലെ പാസഞ്ചർ കാർ വിപണിയിലേക്ക് കടന്നുവരാൻ ഏറെ നാൾ കാത്തിരിക്കേണ്ടി വന്നെങ്കിലും പിന്നീട് e6 എംപിവി, അറ്റോ 3 എസ്‌യുവി പോലുള്ള ഗംഭീര മോഡലുകൾ ഇന്ത്യക്ക് സമ്മാനിച്ച് ഞെട്ടിച്ചവരാണ് BYD. ഇപ്പോഴിതാ തങ്ങളുടെ അടുത്ത ഉൽപ്പന്നം കൂടി പുറത്തിറക്കാൻ പോവുകയാണ് കമ്പനി. ബ്രാൻഡിന്റെ മൂന്നാമനായി സീൽ എന്ന ഇലക്ട്രിക് സെഡാൻ നാളെ (2024 മാർച്ച് 05) വിപണിയിൽ അവതരിപ്പിക്കും.

ഫെബ്രുവരിയിൽ തന്നെ ഇലക്ട്രിക് വാഹനത്തിനുള്ള ബുക്കിംഗ് BYD ഇന്ത്യയിൽ ആരംഭിച്ചിരുന്നു. കൂടുതല്‍ ആളുകളെ ബുക്കിങ്ങിന് പ്രേരിപ്പിക്കുന്നതിനായി പ്രത്യേകം സമ്മാന പദ്ധതികളും പ്രഖ്യാപിച്ചാണ് സീൽ ഇവിക്കായുള്ള ബുക്കിംഗിനും തുടക്കം കുറിച്ചിരിക്കുന്നത്. ഏപ്രില്‍ 30-ന് മുമ്പ് വാഹനം ബുക്ക് ചെയ്യുന്നവർക്ക് 2024 യൂവേഫ യൂറോകപ്പ് മത്സരങ്ങള്‍ കാണുന്നതിനുള്ള ടിക്കറ്റും വിമാനയാത്രയ്ക്കുള്ള ടിക്കറ്റുമാണ് കാത്തിരിക്കുന്നത്.
മത്സര വിജയികളെ നറുക്കെടുപ്പിലൂടെയാണ് കമ്പനി തെരഞ്ഞെടുക്കുന്നത്. രാജ്യത്തെ ആഡംബര വാഹനങ്ങളുമായി മത്സരിക്കാൻ എത്തുന്ന സീൽ ഒരുപാട് പ്രത്യേകതകളുമായാണ് വിപണിയിലേക്ക് ഇറങ്ങുന്നത്. കാഴ്ച്ചയിൽ ആരും അമ്പരന്നു പോവുന്ന സൗന്ദര്യമാണ് സെഡാനായി ഒരുങ്ങിയിരിക്കുന്ന ഇവിയുടെ പ്രത്യേകതകളിൽ ഒന്ന്. 2023 ഓട്ടോ എക്‌സ്‌പോയിൽ പരിചയപ്പെടുത്തിയ സീൽ ഇലക്ട്രിക് പ്രീമിയം വാഹനം കൂടിയാണ്.

ആഡംബര സ്പോര്‍ട്സ് കാറുകളോട് കിടപിടിക്കുന്ന സൗന്ദര്യം ആളുകളെ അടുപ്പിക്കുന്ന കാര്യമാണ്. 2021-ൽ പ്രദർശിപ്പിച്ച ഓഷ്യൻ X കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വെറും 0.21 cd-യുടെ ഡ്രാഗ് കോഎഫിഷ്യന്റുള്ള ഒരു എയറോഡൈനാമിക് ബോഡി സീലിനെ വേറെ ലെവലാക്കുന്നുണ്ട്. ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളോട് കൂടിയ ക്രിസ്റ്റൽ എൽഇഡി ഹെഡ്‌ലാമ്പുകളും ഫുൾ-വീഡ്ത്ത് എൽഇഡി ടെയിൽ ലൈറ്റുകളും കാറിന്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകളാണ്.
ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ഇതേ വില സെഗ്മെന്റിലെത്തുന്ന മറ്റ് ആഡംബര കാറുകൾ വരെ തോറ്റുപോവുന്ന അകത്തളമാണ് കമ്പനി വണ്ടിയിൽ ഒരുക്കിയിട്ടുള്ളത്. സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾക്കൊപ്പം പ്രീമിയം ലുക്കിലാണ് സീലിന്റെ അകം പൂർത്തിയാക്കിയിരിക്കുന്നത്. അറ്റോ 3 എസ്‌യുവിയിൽ കാണുന്നതു പോലെ 15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് ഡാഷ്‌ബോർഡിനെ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.

അതോടൊപ്പം 10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, രണ്ട് വയർലെസ് ചാർജിംഗ് പാഡുകൾ എന്നിവ പോലുള്ള അധിക മോഡേൺ ഫീച്ചറുകളും വാഹനത്തിലേക്ക് എത്തുന്നുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലും BYD സീൽ ഇവി വേറെ ലെവലാണ്. യൂറോ NCAP ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിച്ച ഇവി ഇന്ത്യയിലെ സുരക്ഷയുടെ കാര്യത്തിൽ പുതിയ മാനദണ്ഡം തന്നെ സൃഷ്ടിക്കുമെന്നാണ് പറയപ്പെടുന്നത്.
പ്രായപൂർത്തിയായവർക്ക് 89 ശതമാനവും കുട്ടികൾക്കുള്ള യാത്രക്കാർക്ക് 87 ശതമാനവും റോഡ് ഉപയോക്താക്കൾക്ക് 82 ശതമാനവും സുരക്ഷാ സഹായത്തിൽ 76 ശതമാനവും സേഫ്റ്റിയുമാണ് ക്രാഷ് ടെസ്റ്റിൽ ഇവി സ്കോർ ചെയ്‌തത്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ബെൽറ്റ് ലോഡ് ലിമിറ്ററുകൾ, സൈഡ് എയർബാഗുകൾ, ഒരു സെൻ്റർ എയർബാഗ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ പോലുള്ള സംവിധാനങ്ങളെല്ലാം ഇതിലുണ്ടാവും.

കഴിഞ്ഞില്ല, ഇതിനു പുറമെ എയർബാഗ് കട്ട് ഓഫ് സ്വിച്ച്, സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ അസിസ്റ്റ് സിസ്റ്റം, ഫാറ്റീഗ്/ഡിസ്ട്രാക്ഷൻ ഡിറ്റക്ഷൻ പോലുള്ള നൂതന സുരക്ഷാ സന്നാഹങ്ങളും ഇലക്ട്രിക് സെഡാനിൽ ചൈനീസ് ഇവി നിർമാതാക്കൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 55 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന സീൽ ഇവി BYD ബ്രാൻഡിന്റെ ഇന്ത്യയിലെ പുതിയ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായി വർത്തിക്കും.
ഒറ്റ ചാർജിൽ 570 കിലോമീറ്റർ (WLTP സൈക്കിൾ) റേഞ്ച് അവകാശപ്പെടുന്ന സെഡാന് 82.5kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ആറ് സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന റിയർ ആക്‌സിൽ മൗണ്ടഡ് മോട്ടോറാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 230 bhp പവറിൽ പരമാവധി 360 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്നാണ് BYD പറയുന്നത്.


Click it and Unblock the Notifications








