7.99 ലക്ഷത്തിന് സിട്രൺ ബസാൾട്ട് വാങ്ങാം, ഇങ്ങനെ വിലയിടാൻ മാരുതിക്ക് പോലും പറ്റില്ല
ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബസാൾട്ട് കൂപ്പെ എസ്‌യുവിയുടെ (Basalt Coupe SUV) വില പ്രഖ്യാപിച്ച് സിട്രൺ. ടാറ്റ കർവുമായി മുഖാമുഖം പയറ്റാനിറങ്ങുമെന്ന് വിചാരിച്ച മോഡൽ മാരുതിയുടെ ടോപ്പ് സെല്ലിംഗ് കാറുകളിൽ ഒന്നായ ഫ്രോങ്ക്‌സിനിട്ടും പണികൊടുത്താണ് വില നിശ്ചയിച്ചിരിക്കുന്നത്. വെറും 7.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് പാവങ്ങളുടെ ഉറൂസ് എന്ന വിളിപ്പേരുള്ള ബസാൾട്ട് വിപണിയിലേക്ക് എത്തുന്നത്. പ്രീമിയം ഹാച്ച്ബാക്കുകളുടേയും മൈക്രോ, കോംപാക്‌ട് എസ്‌യുവികളുടേയും വിൽപ്പന പിടിക്കാനുള്ള വില നിർണയം പല ബ്രാൻഡുകളുടേയും ഉറക്കം കെടുത്തുമെന്ന് ഉറപ്പാണ്.
7.99 ലക്ഷമെന്നത് ആമുഖ വിലയാണെന്നും സിട്രൺ പ്രത്യേകം പറയുന്നുണ്ടേ. 2024 ഒക്ടോബർ 31 വരെ വാഹനം ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ പുതിയ പ്രാരംഭ വില സാധുതയുള്ളൂ. ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന്റെ രാജ്യത്തെ അംഗീകൃത ഡീലർഷിപ്പുകളിൽ ഉടനീളം 11,001 രൂപ ടോക്കൺ തുക നൽകി കൂപ്പെ എസ്‌യുവി ബുക്ക് ചെയ്യാനാവും. മുമ്പ് തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളിൽ മുൻകൂട്ടി ബുക്കിംഗ് ആരംഭിച്ചിരുന്നു.

മാസ്-മാർക്കറ്റ് സെഗ്‌മെൻ്റിലെ ആദ്യത്തെ ഇൻ്റേണൽ കംബഷൻ എഞ്ചിൻ (ICE) കൂപ്പെ എസ്‌യുവിയാണ് ബസാൾട്ട്. ഇലക്ട്രിക് കുപ്പായമണിഞ്ഞ് ഇതിനകം പുറത്തിറക്കിയ ടാറ്റ കർവ് ഇവി വന്നതിന് തൊട്ടടുത്ത ദിവസമാണ് സിട്രൺ ബസാൾട്ടിന്റെ വില പ്രഖ്യാപിക്കുന്നത്. എന്നാൽ സെപ്റ്റംബർ രണ്ടിന് കർവ് ICE പതിപ്പുകളുടെ വില ടാറ്റ പ്രഖ്യാപിക്കാനിരിക്കുകയാണ്. എന്തായാലും 10 ലക്ഷത്തിന് മുകളിലായിരിക്കും ഇതിന്റെ വിലയെന്ന് ഉറപ്പാണ്. അത് ബസാൾട്ടിന് നേട്ടമാവുമെന്നതിൽ സംശയമൊന്നും വേണ്ട.
2021-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച സിട്രണിൻ്റെ അഞ്ചാമത്തെ ഉൽപ്പന്നമാണ് ബസാൾട്ട്. C5 എയർക്രോസ്, C3, e-C3, C3 എയർക്രോസ് എന്നിവയ്ക്ക് ആഭ്യന്തര വിപണിയിൽ കാര്യമായ ഓളം സൃഷ്‌ടിക്കാനായില്ലെങ്കിലും കൂപ്പെ എസ്‌യുവി കമ്പനിയുടെ തലവര തന്നെ മാറ്റുമെന്നാണ് അനുമാനം. ഗംഭീര ഫീച്ചറുകളും പുതിയ സ്റ്റൈലിംഗും ആളുകളെ ഇതിനോടകം ആകർഷിച്ചിട്ടുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വില കൂടിയാവുമ്പോൾ സംഗതി കളറാവും.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുമായാണ് സിട്രൺ ബസാൾട്ട് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ബേസ് മോഡലുകളിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 80 bhp കരുത്തിൽ പരമാവധി 115 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമായിരിക്കും ഇതിലുണ്ടാവുക.
മറുവശത്ത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്ന 1.2 ലിറ്റർ ത്രീ സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിന് 109 bhp പവർ വരെ വികസിപ്പിക്കാനാവും. മാനുവൽ പതിപ്പിൽ ടോർക്ക് 190 Nm കിട്ടുമ്പോൾ ബസാൾട്ട് ഓട്ടോമാറ്റിക്കിന് 205 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് സിട്രൺ പറയുന്നത്. മൈലേജിന്റെ കാര്യത്തിലും ബസാൾട്ട് ആരേയും മോഹിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്.

സിട്രൺ കൂപ്പെ എസ്‌യുവിയുടെ 1.2 നാച്ചുറലി ആസ്പിറേറ്റഡ് മോഡലിൽ 18 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം 1.2 ടർബോ പെട്രോൾ മാനുവൽ 19.5 കിലോമീറ്റർ നൽകുന്നു. ഇനി ടർബോ പെട്രോൾ ഓട്ടോമാറ്റിക്കിലേക്ക് നോക്കിയാൽ ലിറ്ററിന് 18.7 കിലോമീറ്റർ ഇന്ധനക്ഷമത വരെ നൽകാൻ ബസാൾട്ടിന് സാധിക്കുമെന്നതാണ് ശ്രദ്ധേയം. ഡിസൈനിന്റെ കാര്യത്തിൽ ആള് ചുള്ളനാണെന്ന് ഇതിനോടകം ഏവരും മനസിലാക്കിയിട്ടുണ്ട്.
C3 എയർക്രോസിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും അതുല്യമായ സ്ലോപ്പിംഗ് റൂഫ്‌ലൈൻ, പുതിയ അലോയ് വീലുകൾ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽ ലാമ്പുകൾ, ചങ്കി ഡ്യുവൽ-ടോൺ റിയർ ബമ്പർ എന്നിവയാണ് കൂപ്പെ എസ്‌യുവിയെ സവിശേഷമാക്കുന്നത്. പോളാർ വൈറ്റ്, സ്റ്റീൽ ഗ്രേ, പ്ലാറ്റിനം ഗ്രേ, കോസ്മോ ബ്ലൂ, ഗാർനെറ്റ് റെഡ് എന്നീ അഞ്ച് മോണോടോൺ കളർ ഓപ്ഷനുകളിൽ ബസാൾട്ട് ലഭ്യമാണ്. വൈറ്റ്, റെഡ് ഓപ്ഷനുകൾക്ക് കോൺട്രാസ്റ്റ് ബ്ലാക്ക് റൂഫ് വരുന്ന ഡ്യുവൽടോൺ നിറങ്ങളും തെരഞ്ഞെടുക്കാം.
ഫീച്ചറുകളുടെ കാര്യത്തിൽ യാതൊരു കുറവും വരുത്താതെയാണ് പുതിയ സിട്രോൺ ബസാൾട്ട് ഒരുക്കിയിട്ടുള്ളത്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, റാപ്പറൗണ്ട് ടെയിൽ ലൈറ്റുകൾ, റിയർ എസി വെൻ്റുകൾ, അഡ്‌ജസ്റ്റബിൾ തൈസ് സപ്പോർട്ട്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും കൂപ്പെ എസ്‌യുവിയെ അടിപൊളിയാക്കാനായി എത്തിയിട്ടുണ്ട്.
സുരക്ഷയുടെ കാര്യത്തിലും ആള് മോശക്കാരനല്ല. കൂപ്പെ എസ്‌യുവിയിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കും. പോരാത്തതിന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), പാർക്കിംഗ് സെൻസറുകളുള്ള പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയെല്ലാമാണ് സിട്രൺ ബസാൾട്ടിനെ സേഫാക്കാനായി എത്തിയിരിക്കുന്നത്. ടാറ്റ കർവ്, മാരുതി ഫ്രോങ്ക്‌സ് പോലുള്ള എതിരാളികൾക്ക് പുറമെ മിഡ്-സൈസ് എസ്‌യുവികളുമായി മുട്ടാനും വാഹനത്തിനാവും.


Click it and Unblock the Notifications








