ടാറ്റ മനസിൽ കണ്ടപ്പോൾ സിട്രൺ മാനത്ത് കണ്ടു, ഉറൂസിന്റെ സ്റ്റൈലും മാരുതിയുടെ വിലയുമുള്ള എസ്‌യുവിയുടെ പണി തുടങ്ങി
റെനോയ്ക്ക് (Renault) ഇന്ത്യയിൽ ലഭിച്ച സ്വീകാര്യത കണ്ട് അതേ ലൈൻ പിടിച്ച് രാജ്യത്തേക്ക് എത്തിയവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ (Citroen). ഇതുവരെ പുറത്തിറക്കിയ മോഡലുകളൊന്നും കാര്യമായ രീതിയിൽ ചലനങ്ങളൊന്നും ഉണ്ടാക്കാതെ മുന്നോട്ടു പോവുകയാണ്. എവിടെയൊക്കെയോ തന്ത്രങ്ങൾ പാളിയെങ്കിലും അവസാനമെത്തിയ C3 എയർക്രോസിന് (C3 Aircross) മോശമല്ലാത്ത രീതിയിൽ പേരെടുക്കാനായിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. എന്തായാലും ഇത് മൈലേജാക്കിയ ബ്രാൻഡ് പിന്നോട്ട് പോവാൻ തയാറല്ലെന്നതാണ് യാഥാർഥ്യം. മിഡ്-സൈസ് എസ്‌യുവിക്ക് ലഭിച്ച പ്രശംസ മൈലേജാക്കി പുതിയൊരു മോഡലിന് രൂപംകൊടുക്കുകയാണ് സിട്രൺ.
നാം ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലാത്ത കൂപ്പെ എസ്‌യുവി എന്ന പുത്തൻ വണ്ടിയുമായാണ് സട്രൺ അടുത്ത പരീക്ഷണത്തിനിറങ്ങുന്നത്. അടുത്തിടെ കൺസെപ്റ്റ് രൂപത്തിൽ പരിചയപ്പെടുത്തിയ ബസാൾട്ട് എന്ന മോഡലിന്റെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. ടാറ്റ മോട്ടോർസ് ഞെട്ടിക്കാൻ കണ്ടുവെച്ചിരിക്കുന്ന കര്‍വിനിട്ടുള്ള പണിയായാണ് ബസാൾട്ടിനെ കൊണ്ടുവരുന്നത്. അതേ സ്റ്റൈലും ഡിസൈനുമെല്ലാമായി വരുന്ന വാഹനം ഇതിനോടകം ചർച്ചയായിട്ടുണ്ടെന്നതാണ് രസകരമായ കാര്യം.

ഇലക്ട്രിക്, പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ ഒരുങ്ങുന്ന കർവിന്റെ ഔദ്യോഗിക അവതരണത്തിന് മുമ്പ് തന്നെ ബസാൾട്ടിനെ വിപണിയിലെത്തിക്കാനാണ് സിട്രൺ തയാറെടുക്കുന്നത്. അതിന്റെ ഭാഗമായി മോഡലിനായുള്ള നിർമാണവും കമ്പനി ആരംഭിച്ചതായാണ് വിവരം. തമിഴ്‌നാട്ടിലെ തിരുവള്ളൂർ പ്ലാൻ്റിൽ C3 എയർക്രോസ് എസ്‌യുവിയ്‌ക്കൊപ്പമാണ് സിട്രൺ ബസാൾട്ടും പണികഴിപ്പിക്കുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രൊഡക്ഷൻ റെഡി രൂപത്തിൽ പ്രദർശിപ്പിച്ച എസ്‌യുവി കൺസെപ്റ്റ് പതിപ്പിൽ നിന്നും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാവും വിപണിയിലേക്ക് വരികയെന്നാണ് സൂചന. കൂപ്പെ എസ്‌യുവിക്ക് ഏകദേശം 4.3 മീറ്റർ നീളമുണ്ടാകും. ഉറൂസിന്റെ സ്റ്റൈലും മാരുതിയുടെ വിലയുമായി ബസാൾട്ട് വരുമോയെന്നാണ് ആളുകൾക്ക് അറിയേണ്ടത്. ഉയർന്ന റൈഡിംഗ് സ്റ്റാൻസുള്ള ഒരു സെഡാൻ പോലെ തോന്നിക്കുന്ന സവിശേഷമായ നോച്ച്ബാക്ക് ഡിസൈനാണ് ബസാൾട്ടിൻ്റെ ഹൈലൈറ്റ്.

മുന്നിൽ നിന്നും നോക്കുമ്പോൾ C3 എയർക്രോസിന് സമാനമായും തോന്നിയേക്കാമെങ്കിലും അങ്ങിങ്ങായി ചില നവീകരണങ്ങൾ സിട്രൺ അവതരിപ്പിക്കും. അതിൽ റീഡിസൈൻ ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകൾ, മിനുക്കിയ ഫ്രണ്ട് ബമ്പറുകൾ, പുതിയ അലോയ് വീലുകൾ, ചങ്കി വീൽ ആർച്ചുകൾ, ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷൻ എന്നിവയെല്ലാം ബസാൾട്ടിനെ വേറിട്ടുനിർത്തും. മടുപ്പിക്കുന്ന പുൾ-ടൈപ്പ് ഡോർ ഹാൻഡിലുകൾ ഒഴിവാക്കിയാൽ കാര്യങ്ങൾ കൂടുതൽ അടിപൊളിയാവും.
എന്നാൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഈ ശൈലി തന്നെ പിന്തുടരാനാണ് സാധ്യത. റിയർ ഡിസൈനിൽ എൽഇഡി ടെയിൽലാമ്പുകൾ, സിൽവർ ഫോക്സ് പ്ലേറ്റ്, മധ്യഭാഗത്ത് ഒരു വലിയ സിട്രൺ ലോഗോ എന്നിവയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളുടെ കൂപ്പെ എസ്‌യുവിയെ സ്റ്റൈലനാക്കുന്നത്. എസ്‌യുവി സൗന്ദര്യശാസ്ത്രവും ജാക്ക് അപ്പ് റൈഡ് ഹൈറ്റും കൂപ്പെ പോലെയുള്ള റൂഫ്‌ലൈനും കൂടിയാവുമ്പോൾ സംഗതി കളറാവും.

ഇനി ഇന്റീരിയറിലേക്ക് വന്നാൽ ഇതിനകത്തെ ഫീച്ചറുകളെ കുറിച്ച് കമ്പനി വിവരങ്ങളൊന്നും നൽകിയിട്ടില്ല. എങ്കിലും വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, കീലെസ് എൻട്രി, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗുകൾ, സെൻസറുകളുള്ള റിയർ പാർക്കിംഗ് ക്യാമറ, ISOFIX, TPMS പോലുള്ള ആധുനിക സവിശേഷതകളെല്ലാം സിട്രൺ ബസാൾട്ടിലുണ്ടാവും.
എഞ്ചിനിലേക്ക് നോക്കിയാൽ സിട്രൺ എസ്‌യുവികളിൽ കാണുന്ന അതേ 1.2 ലിറ്റർ, ത്രീ സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിൻ തന്നെയാവും ബസാൾട്ട് കൂപ്പെ എസ്‌യുവിയുടേയും ഹൃദയം. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കുന്ന എഞ്ചിന് 108 bhp പവറിൽ പരമാവധി 205 Nm torque വരെ ഉത്പാദിപ്പിക്കാനായേക്കും.
C3, eC3 ഹാച്ച്ബാക്കുകൾക്കും C3 എയർക്രോസ് എസ്‌യുവിക്കും പിന്നാലെ സി-ക്യൂബ്ഡ് പ്രോഗ്രാമിന് കീഴിലുള്ള കമ്പനിയുടെ നാലാമത്തെ മോഡലായ ബസാൾട്ട് വിഷൻ കൂപ്പെ എസ്‌യുവി എന്തായാലും വലിയ ചലനങ്ങളുണ്ടാക്കാൻ പ്രാപ്‌തമാണെന്നാണ് ആദ്യ വിലയിരുത്തലുകൾ. ടാറ്റ കർവിന് പുറമെ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ് പോലുള്ള മിഡ്-സൈസ് എസ്‌യുവികളുടെ വിപണിയാണ് ബസാൾട്ട് ഉന്നംവെക്കുന്നത്.


Click it and Unblock the Notifications








