മുട്ടാനിറങ്ങിയത് ടാറ്റയോട്, ഇത്രയും നല്ല എസ്‌യുവി കുറഞ്ഞ വിലയിൽ കൊടുത്തിട്ടും ആകെ വാങ്ങിയത് 47 പേർ
ഇന്ത്യയിൽ തുടക്കക്കാരാണെങ്കിലും ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കാർ നിർമാതാക്കളിൽ ഒരാളാണ് സിട്രൺ (Citroen). ഫ്രഞ്ച് ബ്രാൻഡ് എന്ന മഹത്വവുമായിട്ടാണ് നമ്മുടെ അടുത്തേക്ക് ഓടിയെത്തിയതെങ്കിലും വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ കമ്പനി ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ആദ്യം കൊണ്ടുവന്ന C5 എയർക്രോസിന് (C5 Aircross)വില കൂടുതലാണെന്ന് പറഞ്ഞ് ഇന്ത്യക്കാർ നിരസിച്ചപ്പോൾ രണ്ടാമതായി കൊണ്ടുവന്നത് സാധാരണക്കാരനും താങ്ങാനാവുന്ന വിലയുള്ള C3 ഹാച്ച്ബാക്കായിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി മോഡലിൽ നടപ്പിലാക്കിയ വെട്ടിനിരത്തുലകളിൽ പാളിപ്പോയ ബ്രാൻഡ് ജനഹൃദയങ്ങൾ കീഴടക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
ഇതിന്റെ ഭാഗമായി പുതിയതും മെച്ചപ്പെടുത്തിയതുമായ ഫീച്ചറുകളോടെ കമ്പനി C3 ലൈനപ്പ് നവീകരിച്ചു. കൂടാതെ ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് ബസാൾട്ട് എന്ന കൂപ്പെ സ്റ്റൈൽ എസ്‌യുവിയേയും സിട്രൺ ഇന്ത്യയിൽ അവതരിപ്പിച്ചു. അതും കുറഞ്ഞ വിലയിൽ ഗംഭീര ഫീച്ചറുകളുമായാണ് മോഡലിനെ കളത്തിലെത്തിച്ചത്. ടാറ്റ കർവുമായി നേരിട്ട് ഏറ്റമുട്ടുന്ന വാഹനം ക്ലിക്കാവുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും.

എന്നാൽ പ്രതീക്ഷകളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് വിൽപ്പനയിൽ നിരാശയാണ് സിട്രൺ ബസാൾട്ട് കാഴ്ച്ചവെക്കുന്നത്. 2024 നവംബറിൽ കമ്പനിയുടെ ഇന്ത്യയിലെ വിൽപ്പന മൊത്തം 500 യൂണിറ്റുകളായിരുന്നു. ഇതിൽ ബസാൾട്ട് വാങ്ങാനെത്തിയത് വെറും 47 പേർ മാത്രമാണ്. അടുത്തിടെ ഭാരത് NCAP ക്രാഷ് ടെസ്റ്റിലും മിന്നും പ്രകടനം കാഴ്ച്ചവെച്ച കൂപ്പെ എസ്‌യുവിക്ക് ഈ ഗതി വന്നത് എന്തായാലും വലിയ ഞെട്ടലാണുണ്ടാക്കുന്നത്.
ബസാൾട്ടിന്റെ വരവോടെ സിട്രണിൻ്റെ ഭാവി തന്നെ മാറുമെന്ന് വിലയിരുത്തിയവർ വരെ മൂക്കത്ത് വിരൽവെച്ചു പോവുന്നതാണ് ഈ കണക്കുകൾ. നിലവിൽ ബ്രാൻഡ് നിരയിൽ നിന്നും ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനം എയർക്രോസ് എസ്‌യുവിയാണ്. ഇത് സിട്രണിൻ്റെ മൊത്തം വിൽപ്പനയുടെ 39.49 ശതമാനത്തോളം വരുമെന്നാണ് കണക്കുകൾ. മുമ്പ് C3 എയർക്രോസ് എന്നറിയപ്പെട്ടിരുന്ന എയർക്രോസ് എസ്‌യുവി കഴിഞ്ഞ മാസം 201 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്.

എന്നിരുന്നാലും ഒരു വർഷം മുമ്പ് വിറ്റ 249 യൂണിറ്റുകളിൽ നിന്ന് 19.28 ശതമാനം വാർഷിക ഇടിവും എയർക്രോസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ആശങ്കാജനകമാണ്. പോയ വർഷം നവംബറിനെ അപേക്ഷിച്ച് എസ്‌യുവിയുടെ വിൽപ്പനയിൽ 48 യൂണിറ്റുകളുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. അതേസമയം എയർക്രോസിന്റെ പ്രതിമാസ കണക്കുകളിൽ 95.15 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ടെന്നും കമ്പനി പറയുന്നുണ്ട്.
പ്രാദേശികമായി നിർമിച്ച സിട്രണിന്റെ ആദ്യത്തെ മോഡലായ C3 ഹാച്ച്ബാക്ക് കഴിഞ്ഞ മാസം 200 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം നംബവറിൽ വിറ്റ 265 യൂണിറ്റുകളും ഒരു മാസം മുമ്പ് വിറ്റ 300 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഹാച്ചിന്റെ വിൽപ്പനയും ആശങ്കയുളവാക്കുന്നുണ്ട്. എന്തായാലും ഇതെല്ലാം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ബസാൾട്ടിന് ബ്രാൻഡിനെ ഉയരങ്ങളിലേക്ക് എത്തിക്കാനാവുമെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്.

മൊത്തത്തിൽ 8 വേരിയന്റുകളിലാണ് ബസാൾട്ട് ഇന്ത്യയിലെത്തിയിരിക്കുന്നത്. യു ബേസ് വേരിയന്റിന് 7.99 ലക്ഷം, പ്ലസിന് 9.99 ലക്ഷം, പ്ലസ് ടർബോയ്ക്ക് 1.49 ലക്ഷം, മാക്സ് ടർബോയ്ക്ക് 12.28 ലക്ഷം, മാക്സ് ടർബോ ഡ്യുവൽ ടോണിന് 12.49 ലക്ഷം, പ്ലസ് ടർബോ ഓട്ടോമാറ്റിക്കിന് 12.79 ലക്ഷം, മാക്സ് ടർബോ ഓട്ടോമാറ്റിക്കിന് 13.62 ലക്ഷം, മാക്സ് ടർബോ ഓട്ടോമാറ്റിക് ഡ്യുവൽ ടോണിന് 13.83 ലക്ഷം രൂപ എന്നിങ്ങനെയാണ് കൂപ്പെ എസ്‌യുവിക്ക് വില വരുന്നത്.
1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് സിട്രൺ ബസാൾട്ടിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ബേസ് വേരിയന്റുകളിലെ 1.2 ലിറ്റർ NA പെട്രോൾ എഞ്ചിന് 80 bhp പവറിൽ പരമാവധി 115 Nm torque ഉത്പാദിപ്പിക്കാനാവും. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമായിരിക്കും ഇതിലുണ്ടാവുക. മറുവശത്ത് ഉയർന്ന വേരിയന്റുകളിൽ പവറ് കൂടിയ ഹൃദയമാണ് വരുന്നത്.
6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി 1.2 ലിറ്റർ ത്രീ സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിന് 109 bhp കരുത്ത് വരെ നൽകാനാവും. ടോർക്കിന്റെ കാര്യത്തിൽ മാനുവലിന് 190 Nm കിട്ടുമ്പോൾ ബസാൾട്ട് ഓട്ടോമാറ്റിക്കിന് 205 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് സിട്രൺ പറയുന്നത്. മൈലേജിലേക്ക് നോക്കിയാൽ 19.5 കിലോമീറ്റർ വരെയാണ് കമ്പനി പറയുന്നത്. ഇത്തരം കാര്യങ്ങളെല്ലാമുണ്ടായിട്ടും വണ്ടി ഫ്ലോപ്പായത് നിരാശയുളവാക്കുന്ന കാര്യമാണ്.


Click it and Unblock the Notifications








