ടാറ്റയെ ഫീൽഡ് ഔട്ടാക്കാൻ സിട്രൺ; ഉറൂസിന്റെ സ്റ്റൈലും മാരുതിയുടെ വിലയുമായി ബസാൾട്ട് കൂപ്പെ എസ്‌യുവി
ഇന്ത്യൻ വിപണയിൽ ക്ലച്ചുപിടിക്കാതെ പോയൊരു വണ്ടിക്കമ്പനിയാണ് സിട്രൺ എന്നുവേണമെങ്കിൽ പറയാം. ഇതുവരെ പുറത്തിറക്കിയ മോഡലുകളൊന്നും കാര്യമായ രീതിയിൽ ചലനങ്ങളൊന്നും ഉണ്ടാക്കാതെ മുന്നോട്ടു പോവുമ്പോൾ തളരാതെ പുതിയ തന്ത്രങ്ങൾ പ്രഖ്യാപിച്ച് കമ്പനി ജനമനസുകളെ കീഴടക്കാൻ ശ്രമിക്കുകയാണ്. അടുത്തിടെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ അവതരിപ്പിച്ച C3 എയർക്രോസ് കൂട്ടത്തിലെ മികച്ചവൻ എന്ന് പേരെടുത്തിട്ടുണ്ട്.
എന്നാൽ ഇപ്പോഴിതാ മറ്റൊരു മോഡലിനെ കൂടി പ്രദർശിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. അതും ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലാത്ത കൂപ്പെ എസ്‌യുവി സ്റ്റൈലുമായാണ് പുത്തൻ വാഹനതത്തിന്റെ വരവ്. ബസാൾട്ട് എന്നു പേരിട്ടിരിക്കുന്ന ഈ സ്റ്റൈലൻ വണ്ടി ആദ്യകാഴ്ച്ചയിൽ തന്നെ പലരേയും മോഹിപ്പിച്ചേക്കാം. ടാറ്റ മോട്ടോർസിന്റെ വരാനിരിക്കുന്ന കര്‍വിനിട്ടുള്ള പണിയായാണ് ബസാൾട്ടിനെ സിട്രൺ കൊണ്ടുവരുന്നത്.

ഇലക്ട്രിക്, പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ ഒരുങ്ങുന്ന കർവിന്റെ അവതരണത്തിന് മുമ്പ് തന്നെ ശത്രുവിനെ വിപണിയിലെത്തിക്കാനാണ് സിട്രൺ തയാറെടുക്കുന്നത്. C3, eC3 ഹാച്ച്ബാക്കുകൾക്കും C3 എയർക്രോസ് എസ്‌യുവിക്കും പിന്നാലെ സി-ക്യൂബ്ഡ് പ്രോഗ്രാമിന് കീഴിലുള്ള കമ്പനിയുടെ നാലാമത്തെ മോഡലായ ബസാൾട്ട് വിഷൻ കൂപ്പെ എസ്‌യുവി എന്തായാലും വലിയ ചലനങ്ങളുണ്ടാക്കാൻ പ്രാപ്‌തമാണെന്നാണ് ആദ്യ വിലയിരുത്തലുകൾ.
ഈ വർഷം രണ്ടാം പകുതിയിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്താനിരിക്കുന്ന മോഡലിൻ്റെ എക്സ്റ്റീരിയർ ഡിസൈനാണ് സിട്രൺ പരിചയപ്പെടുത്തിയിരിക്കുന്നത്. കൺസെപ്റ്റ് പതിപ്പിലാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നതെങ്കിലും പ്രൊഡക്ഷൻ പതിപ്പും ഏതാണ്ട് സമാനമായിരിക്കും. ബസാൾട്ട് ഇവിടെ ഇന്ത്യയിൽ തന്നെ പ്രാദേശികമായി നിർമിക്കാനാണ് പദ്ധതി. കൂടാതെ ദക്ഷിണ അമേരിക്കൻ വിപണികളിലേക്കും കയറ്റുമതി ചെയ്യും.

ഡിസൈൻ അനുസരിച്ച് ഉയർന്ന റൈഡിംഗ് സ്റ്റാൻസുള്ള ഒരു സെഡാൻ പോലെ തോന്നിക്കുന്ന സവിശേഷമായ നോച്ച്ബാക്ക് ഡിസൈനാണ് ബസാൾട്ടിൻ്റെ സവിശേഷത. എന്നിരുന്നാലും മുന്നിൽ നിന്നും നോക്കുമ്പോൾ C3 എയർക്രോസിന് സമാനമായും തോന്നിയേക്കാം. പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകൾ, ട്വീക്ക് ചെയ്ത ഫ്രണ്ട് ബമ്പറുകൾ, പുതിയ അലോയ് വീലുകൾ, ചങ്കി വീൽ ആർച്ചുകൾ, ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ ഹ്യൂ എന്നിവയെല്ലാം അതിമനോഹരമാണ്.
ഗൺ-മെറ്റൽ ഫിനിഷുള്ള സ്റ്റൈലിഷ് അലോയ് വീലുകളാണ് വശക്കാഴ്ച്ചയിലെ ഹൈലൈറ്റ്. പുൾ-ടൈപ്പ് ഡോർ ഹാൻഡിലുകൾ സമ്മാനിച്ചിരിക്കുന്നത് പലരിലും മടുപ്പുളവാക്കിയേക്കാം. എങ്കിലും മൊത്തത്തിലുള്ള ലുക്ക് കിടിലമാണെന്ന് പറയാതെ വയ്യ. പിൻഭാഗത്തേക്ക് വന്നാൽ എൽഇഡി ടെയിൽലാമ്പുകൾ, സിൽവർ ഫോക്സ് പ്ലേറ്റ്, മധ്യഭാഗത്ത് ഒരു വലിയ സിട്രോൺ ലോഗോ എന്നിവയാണ് ബസാൾട്ടിനെ സ്റ്റൈലാക്കുന്നത്.

ബസാൾട്ടിന് C3 എയർക്രോസിന് സമാനമായ വലുപ്പമുണ്ടാകും. അതായത് നീളം ഏകദേശം 4.3 മീറ്റർ ആയിരിക്കുമെന്ന് സാരം. എസ്‌യുവി സൗന്ദര്യശാസ്ത്രവും ജാക്ക് അപ്പ് റൈഡ് ഹൈറ്റും കൂപ്പെ പോലെയുള്ള റൂഫ്‌ലൈനും കൂടിയാവുമ്പോൾ മൊത്തത്തിൽ കാണാൻ ഒരു ചേലുണ്ടെന്ന് പറയാം. അകത്ത് ബസാൾട്ട് കൂപ്പെ എസ്‌യുവിക്ക് വയർലെസ് കണക്റ്റിവിറ്റി, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, കീലെസ് എൻട്രി, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം ലഭിക്കും.
ഒപ്പം വലിയ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനും വണ്ടിയിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സേഫ്റ്റി ഫീച്ചറുകളിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, സെൻസറുകളുള്ള റിയർ പാർക്കിംഗ് ക്യാമറ, ISOFIX, TPMS എന്നിവ പോലുള്ള മോഡേൺ സംഗതികളാൽ സിട്രൺ ബസാൾട്ട് സമ്പന്നമായിരിക്കും. വാഹന നിർമ്മാതാവ് മോഡലിൻ്റെ സാങ്കേതിക സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സിട്രൺ C3 എയർക്രോസിൻ്റെ അതേ എഞ്ചിനിൽ തന്നെ ബസാൾട്ടും വരുമെന്നാണ് അനുമാനം.

5,500 ആർപിഎമ്മിൽ 108 bhp പവറും 1,750-2,500 ആർപിഎമ്മിൽ 205 Nm ടോർക്ക് വരെയും നൽകാൻ കഴിവുള്ള 1.2 ലിറ്റർ, ത്രീ സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനാവും ബസാൾട്ടിനും തുടിപ്പേകാൻ എത്തുകയെന്ന് സാരം. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വാഗ്‌ദാനം ചെയ്യുക.
ഈ വർഷം അവസാന പകുതിയിൽ വിൽപ്പനയ്‌ക്കെത്തുന്നതിന് മുമ്പ് കൂപ്പെ എസ്‌യുവിയെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്ന് സിട്രൺ പറയുന്നു. 2025 ജനുവരിയിലോ ഫെബ്രുവരിയിലോ സിട്രൺ ബസാൾട്ട് ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങും. എന്തായാലും ടാറ്റ കർവിന് ഒത്ത എതിരാളി തന്നെയായിരിക്കും ഫ്രഞ്ച് ബ്രാൻഡിന്റെ ഈ പുത്തൻ കാർ എന്നതിൽ യാതൊരു സംശയവും വേണ്ട. വില നോക്കിയാൽ ഏകദേശം 8 ലക്ഷം മുതൽ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








