8 ലക്ഷത്തിന് കിട്ടിയാൽ ലോട്ടറി; രാജ്യം കാത്തിരുന്ന ആ സ്റ്റൈലൻ കാറിന്റെ വില ഈ മാസം അറിയാം
പുത്തൻ കാറുകൾ നിരത്തുകൾ കീഴടക്കാൻ പോവുന്ന സമയമാണ് വരാനിരിക്കുന്നത്. വമ്പൻ കമ്പനികൾ മുതൽ നമുക്ക് ഏറെയിഷ്‌ടപ്പെട്ട ചെറുകാർ ബ്രാൻഡുകൾ മാത്രം വരും ദിവസങ്ങളിൽ പുതിയ മോഡലുകളുമായി എത്തി വിപണിയെ ഞെട്ടിക്കും. ഇക്കൂട്ടത്തിൽ ആരാധകർ ഏറെ കാത്തിരിക്കുന്ന രണ്ട് വാഹനങ്ങളാണ് ടാറ്റ കർവും സിട്രൺ ബസാൾട്ടും. മാസ് മാർക്കറ്റ് വിഭാഗത്തിലേക്ക് എത്തുന്ന ആദ്യത്തെ കൂപ്പെ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണിവ എന്നതുതന്നെയാണ് രസകരമായ കാര്യം. ആഡംബര സ്പോർട് കാർ നിർമാതാക്കളായ ലംബോർഗിനിയുടെ ഉറൂസ് എസ്‌യുവിയെ ഓർമപ്പെടുത്തുന്ന സ്റ്റൈലുമായി വരുന്ന രണ്ട് മോഡലുകളും ഒരേ സെഗ്മെന്റിലാണ് പോരാടാൻ ഒരുങ്ങുന്നത്.
രണ്ട് കാറുകളും ഔദ്യോഗികമായി പരിചയപ്പെടുത്തിയെങ്കിലും വിലയറിയാനുള്ള കാത്തിരിപ്പിലാണ് വണ്ടിഭ്രാന്തൻമാരെല്ലാം. ടാറ്റ മാനത്ത് കണ്ടപ്പോൾ അതേ കാറിനെ സിട്രൺ മനസിൽ കണ്ടതിന്റെ തെളിവാണ് ബസാൾട്ട് എന്ന കൂപ്പെ എസ്‌യുവി. കാലിയായി കിടക്കുന്ന ഷോറൂമുകളിൽ ആളെക്കയറ്റാൻ ബസാൾട്ടിനാവുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. ലുക്കും ഡിസൈനും സ്റ്റൈലുമെല്ലാം ആളുകൾക്ക് ഇഷ്‌ടപ്പെടുകയും ചെയ്‌തിട്ടുണ്ട്.

ഇനി വില കൂടി സെറ്റായാൽ ബസാൾട്ട് ഹിറ്റാവുമെന്ന് ഉറപ്പാണ്. ടാറ്റ കർവിന് പിന്നാലെയല്ല, ഒപ്പം ഓടാനാണ് തങ്ങൾക്കിഷ്‌ടമെന്ന് പറഞ്ഞ് സിട്രൺ ഇതാ ബസാൾട്ടിന്റെ വില പ്രഖ്യാപിക്കാനും തെരഞ്ഞെടുത്തിരിക്കുന്നത് കർവ് വരുന്ന അതേ മാസമായ ഓഗസ്റ്റാണ്. അതായത് ഇനി ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ ബസാൾട്ട് കൂപ്പെ എസ്‌യുവിയുടെ വില സിട്രൺ പ്രഖ്യാപിക്കും. സി-ക്യൂബ്ഡ് പ്രോഗ്രാമിന് കീഴിൽ ഫ്രഞ്ച് ബ്രാൻഡ് പുറത്തിറക്കുന്ന നാലാമത്തെ മോഡലായിരിക്കും ഇത്.
C3 എയർക്രോസ് എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതെങ്കിലും ആള് അൽപം പ്രീമിയമാണ് കേട്ടോ. അത്യാഡംബര ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറാണ് സിട്രൺ ബസാൾട്ട് കൂപ്പെ എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. ഇതുവരെ ഏതൊരു സിട്രൺ മോഡലുകളിലും കാണാത്ത ഫീച്ചർ അപ്‌ഗ്രേഡുകൾ ബസാൾട്ടിന് ലഭിക്കുന്നത് ശ്രദ്ധേയമാവും. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

എന്നിരുന്നാലും കമ്പനി മോഡലിന്റെ പ്രാരംഭ വില പ്രഖ്യാപിക്കാൻ മാത്രമേ സാധ്യതയുള്ളൂ. പിന്നീടുള്ള തീയതിയിൽ പൂർണ വില പട്ടിക പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ കാരണം ടാറ്റ കർവിനോട് മത്സരിക്കാൻ എത്തുന്നത് തന്നെയാണ്. കാത്തിരുത്തി ബോറടിപ്പിക്കാതെ സംഗതി എത്തിച്ചാൽ വിൽപ്പന പിടിക്കാമല്ലോയെന്ന കണക്കൂട്ടലിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ.
ഫീച്ചറുകളുടെ കാര്യത്തിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 15W വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, കണക്‌റ്റഡ് കാർ ടെക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഓട്ടോമാറ്റിക് എന്നിവയോടെയാണ് ബസാൾട്ടിൻ്റെ ടോപ്പ് സ്‌പെക്ക് വേരിയൻ്റുകൾ വരുന്നത്. ഇതുകൂടാടെ ക്ലൈമറ്റ് കൺട്രോൾ, സ്റ്റോറേജ് സ്പേസുള്ള ഫ്രണ്ട് ആംറെസ്റ്റ്, പിൻ ബെഞ്ച് സീറ്റിന് ക്രമീകരിക്കാവുന്ന തൈസ് സപ്പോർട്ട് എന്നിവയും കൂപ്പെ എസ്‌യുവിയെ അടിപൊളിയാക്കാൻ എത്തുന്നുണ്ട്.

ടാറ്റ കർവിനോട് മത്സരിക്കുന്നതിനാൽ തന്നെ സേഫ്റ്റിക്ക് കൂടുതൽ ഊന്നൽ കൊടുത്താണ് സിട്രൺ ബസാൾട്ടിനെ പണികഴിപ്പിച്ചിരിക്കുന്നത്. സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. എല്ലാ വേരിയൻ്റുകളിലും ആറ് എയർബാഗുകൾ, ESP, ഹിൽ-ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്റർ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും.
എന്നിരുന്നാലും മറ്റ് എതിരാളികൾ വാഗ്ദാനം ചെയ്യുന്ന പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് സീറ്റുകൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ, ADAS സ്യൂട്ടുകൾ എന്നിവ പോലുള്ള അത്യാധുനിക ഫീച്ചറുകളൊന്നും സിട്രൺ ബസാൾട്ടിൽ ഇല്ലെന്നത് പലരേയും നിരാശപ്പെടുത്തിയേക്കുമെങ്കിലും ഇവയെല്ലാം കൂടി കുത്തിനിറച്ചാൽ വില ഉദ്ദേശിച്ചിടത്ത് നിൽക്കില്ലെന്ന് കമ്പനിക്കറിയാം. ആയതിനാലാണ് ഇത്തരം സവിശേഷതകൾ ഒഴിവാക്കി കൂപ്പെ എസ്‌യുവി നിർമിച്ചിരിക്കുന്നത്.
രണ്ട് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ബസാൾട്ടിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തേത് 82 bhp പവറിൽ 115 Nm torque ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റാണ്. രണ്ടാമത്തേത് 110 bhp കരുത്തിൽ 205 Nm torque നൽകുന്ന ടർബോ-പെട്രോൾ എഞ്ചിനായിരിക്കും. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാൻസ്മിഷൻ ഓപ്ഷനുകൾ.
മൈലേജിലും സിട്രൺ ബസാൾട്ട് ആരേയും നിരാശപ്പെടുത്തില്ല. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളിന് ലിറ്ററിന് 18 കിലോമീറ്റർ മൈലേജും കൂപ്പെ എസ്‌യുവിയുടെ ടർബോ-പെട്രോൾ മാനുവലിന് 19.50 കിലോമീറ്റർ മൈലേജും ടർബോ-പെട്രോൾ ഓട്ടോമാറ്റിക്കിന് 18.70 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്പനി അവകാശപ്പെടുന്നത്. C3 ബസാൾട്ടിന്റെ ഏറ്റവും വലിയ എതിരാളി ടാറ്റ കർവായിരിക്കും. എങ്കിലും ഹ്യുണ്ടായി ക്രെറ്റ പോലുള്ള മിഡ്-സൈസ് എസ്‌യുവികളുമായി മല്ലിടാനും മോഡലിനാവും.


Click it and Unblock the Notifications








