'അസാൾട്ട് ലുക്കിൽ ബസാൾട്ട്', കണ്ടാൽ ആരും വാങ്ങിപ്പോവുന്ന കൂപ്പെ എസ്‌യുവിയെ പരിചയപ്പെടുത്തി സിട്രൺ
ഇന്ത്യയിൽ കാര്യമായ രീതിയിൽ ചീറ്റിപ്പോയ പദ്ധതികളായിരുന്നു സിട്രണിന് ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ ഇനിയങ്ങോട്ട് സാക്ഷാൽ ടാറ്റ മോട്ടോർസിനെ വരെ വിറപ്പിക്കാൻ പോവുന്ന അടവുകളാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ പ്രയോഗിക്കാൻ പോവുന്നത്. അതിന്റെ ഭാഗമായി ഇനി കൊണ്ടുവരുന്നത് ലംബോർഗിനിയുടെ വശ്യസുന്ദര്യമുള്ള കൂപ്പെ എസ്‌യുവിയുമായാണ്. ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബസാൾട്ടിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. അടുത്തിടെ ടാറ്റ അവതരിപ്പിച്ച സാക്ഷാൽ കർവുമായി ഏറ്റമുട്ടാൻ പോവുന്ന മോഡലിനെ ഇപ്പോഴിതാ ഫോറിൻ ബ്രാൻഡ് പുറത്തിറക്കിയിരിക്കുകയാണ്. കൺസെപ്റ്റ് രൂപത്തിൽ അവതരിപ്പിച്ചപ്പോൾ തന്നെ കൈയടി കിട്ടിയ മോഡൽ ആദ്യ കാഴ്ച്ചയിൽ കർവിനേക്കാൾ കേമമാണെന്ന് തോന്നിയാലും തെറ്റുപറയാനാവില്ല.
വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രൂപം വെളിപ്പെടുത്തുകയാണ് സിട്രൺ ഇപ്പോൾ ചെയ്‌തിരിക്കുന്നത്. ലംബോർഗിനി ഉറൂസിന്റെ സ്റ്റൈലാണ് ബസാൾട്ടിന്റെ ഏറ്റവും വലിയ പ്രത്യേതക. ഒരു കൂപ്പെയുടെ ഡൈനാമിക് ചാരുതയെ ഒരു എസ്‌യുവിയുടെ ശക്തമായ പ്രായോഗികതയുമായി സമന്വയിപ്പിച്ച് സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം സൃഷ്ടിക്കുന്നതിനായാണ് ബസാൾട്ട് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കൺസെപ്റ്റ് പതിപ്പിന് സമാനമായ രൂപം തന്നെയാണ് പ്രൊഡക്ഷൻ മോഡലിലും സമ്മാനിച്ചിരിക്കുന്നത്.

കൂപ്പെ എസ്‌യുവി സ്റ്റൈലിംഗിൽ സിട്രൺ ലോഗോ രൂപപ്പെടുന്ന ടൂ സ്ലാറ്റ് ഗ്രിൽ, ആക്രമണാത്മക ഫ്രണ്ട് ബമ്പർ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ചങ്കി വീൽ ആർച്ചുകൾ, ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷൻ, ഫ്ലിപ്പ്-സ്റ്റൈൽ ഡോർ ഹാൻഡിലുകൾ, റാപ്പറൗണ്ട് എൽഇഡി ടെയിൽലാമ്പുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ഉയർത്തിയ ടെയിൽഗേറ്റ് പാനൽ എന്നിവയെല്ലാം ബസാൾട്ടിനെ കിടിലമാക്കുന്നുണ്ട്.
ഷാർക്ക് ഫിൻ ആൻ്റിന, കറുത്തിരുണ്ട റൂഫ്, സി-പില്ലറിൽ സ്ഥാപിച്ചിരിക്കുന്ന ചെറിയ ലൈറ്റ് പോലുള്ള ഘടകങ്ങളും സിട്രണിന്റെ ഉറൂസ് സ്റ്റൈൽ കൂപ്പെ എസ്‌യുവിക്കുണ്ടാവും. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ വണ്ടി കിടലമായി പണിതിറക്കാൻ സിട്രണിന് സാധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. ആദ്യ കാഴ്ച്ചയിൽ കർവിൽ കണ്ട് അലങ്കോലങ്ങളൊന്നും സിട്രൺ ബസാൾട്ടിലില്ലെന്നതും രസകരമായ കാര്യമാണ്.

എക്സ്റ്റീരിയർ മാത്രമാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ലോഞ്ചോട് കൂടി ഇന്റീരിയറും മറ്റ് ഫീച്ചറുകളും എഞ്ചിൻ ഓപ്ഷനും കമ്പനി പുറംലോകത്തെ അറിയിക്കും. ബ്രാൻഡിൻ്റെ പ്രശസ്തമായ അഡ്വാൻസ്ഡ് കംഫർട്ട് തത്വങ്ങളുടെ പ്രധാന തത്ത്വശാസ്ത്രത്തിലൂന്നി പണികഴിപ്പിച്ചിരിക്കുന്നതിനാൽ ബസാൾട്ട് മികച്ച ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നുണ്ട്. അതിനാൽ തന്നെ അകത്തളം മോഡേൺ ഫീച്ചറുകളാൽ സമ്പന്നമായിരിക്കും.
10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ബസാള്‍ട്ട് എസ്‌യുവിയില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.

സേഫ്റ്റിയുടെ കാര്യത്തിലും ടാറ്റ കർവിനോട് കിടപിടിക്കുന്ന രീതിയിലായിരിക്കും സിട്രൺ ബസാൾട്ട് ഡിസൈൻ ചെയ്‌തിരിക്കുന്നത്. ബസാള്‍ട്ടിന്റെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍, ISOFIX പോയിന്റുകള്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറുകള്‍, എബിഎസ്, ഇബിഡി, ഇഎസ്‌സി എന്നിവ സ്റ്റാന്‍ഡേര്‍ഡായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എഞ്ചിനിലേക്ക് നോക്കുമ്പോള്‍ സിട്രണ്‍ C3 എയര്‍ക്രോസ് എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്ന അതേ എഞ്ചിൻ ഓപ്ഷൻ തന്നെയായിരിക്കും കൂപ്പെ എസ്‌യുവിക്കും തുടിപ്പേകാൻ എത്തുക.
ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റുമായിട്ടായിരിക്കും ജോടിയാക്കിയിരിക്കുന്ന 1.2-ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് 108 bhp കരുത്തിൽ പരമാവധി 205 Nm torque വരെ ഉത്പാദിപ്പിക്കാനാവും. സംഭവം ഹിറ്റായാൽ അടുത്ത വർഷത്തോടെ ബസാൾട്ട് ഇലക്ട്രിക് പതിപ്പും സിട്രൺ പുറത്തിറക്കും. ഫ്രഞ്ച് ബ്രാൻഡിന്റെ ഇന്ത്യന്‍ മോഡല്‍ നിരയിലെ അഞ്ചാമത്തെ കാറായാണ് ബസാള്‍ട്ട് വില്‍പ്പനയ്ക്കെത്തുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








