ഇനി ഗിയർമാറ്റാതെ ഓടിക്കാം, C3 എയർക്രോസിലും ഓട്ടോമാറ്റിക് കിട്ടും, ക്രെറ്റയോട് മത്സരിക്കാൻ സിട്രൺ റെഡി
ഇന്ന് ഓട്ടോമാറ്റിക് കാറുകൾക്കുള്ള ഡിമാന്റ് അതൊന്നു വേറെ തന്നെയാണ്. സ്ത്രീകൾ മാത്രമാണ് ഗിയർലെസ് വണ്ടികൾ ഓടിക്കുന്നത് എന്നുള്ള ചിന്താഗതി ഇന്ത്യക്കാർ മാറ്റിയതോടെ വാഹന നിർമാതാക്കൾക്കെല്ലാം ശുക്രനുദിച്ചു. നിരത്തുകളിലെ തിരക്ക് വർധിച്ചതും ഓടിക്കാൻ ഈസിയാണെന്നതുമാണ് ക്ലച്ച്ലെസ് വണ്ടികളെ ഇത്രയധികം ജനപ്രിയമാക്കിയത്. പോരാത്തതിന് മാനുവൽ കാറുകളേക്കാൾ മൈലേജും വാഗ്‌ദാനം ചെയ്യാൻ തുടങ്ങിയതോടെ ആളുകൾ ഇരച്ചത്താൻ തുടങ്ങി.
പണ്ടെല്ലാം ആഡംബര കാറുകളിൽ മാത്രമാണ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ കണ്ടിരുന്നതെങ്കിൽ ഇന്ന് രാജ്യത്തെ ഏറ്റവും ചെറിയ എൻട്രി ലെവൽ കാറിൽ പോലും ഓട്ടോമാറ്റിക് വന്നെത്തി. ഡിമാന്റ് കൂടുന്നതിനനുസരിച്ച് ക്ലച്ച്ലെസിൽ തന്നെ പല സാങ്കേതികവിദ്യകളും ഓരോ കമ്പനികളും അവതരിപ്പിക്കാനും തുടങ്ങി. എന്തായാലും ട്രെൻഡായി നിൽക്കുന്ന എസ്‌യുവി സെഗ്മെന്റിൽ പോലും ഇത്തരം വാഹനങ്ങൾക്കാണ് ആവശ്യക്കാരുള്ളത്. പക്ഷേ ഇതറിഞ്ഞിട്ടും ഓട്ടോമാറ്റിക് വണ്ടികൾ പുറത്തിറക്കുന്നതിൽ വിമുഖത കാട്ടിയവരാണ് സിട്രൺ.

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ഇന്ത്യയിൽ എത്തുമ്പോൾ ഏവർക്കും പ്രതീക്ഷകൾ വാനോളമായിരുന്നു. സാധാരണക്കാരെ ലക്ഷ്യമാക്കി പുറത്തിറക്കിയ C3 വന്നപ്പോൾ പലരും സ്വന്തമാക്കണമെന്ന് വിചാരിച്ചിരുന്നതാണ്. എന്നാൽ മാനുവൽ ഗിയർബോക്‌സ് മാത്രം വാഗ്‌ദാനം ചെയ്‌ത് പ്രതീക്ഷകളെല്ലാം കമ്പനി ഊതിക്കെടുത്തി. അങ്ങനെ വിൽപ്പനയുടെ കാര്യത്തിലും ഏറെ പിന്നിലാവാനായിരുന്നു കമ്പനിയുടെ വിധി.
പിന്നീട് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റയോടും മാരുതി ഗ്രാൻഡ് വിറ്റാരയോടും കിയ സെൽറ്റോസിനോടുമെല്ലാം മത്സരിക്കാനെത്തിയ C3 എയർക്രോസ് വന്നപ്പോഴും പിന്നെയും ശങ്കരൻ തെങ്ങിൽ തന്നെയെന്ന് പറയുംപോലെയായി. പ്രായോഗികതയിലും വിലയുടെ കാര്യത്തിലുമെല്ലാം പലർക്കും വണ്ടി ഇഷ്‌ടമായെങ്കിലും ഓട്ടോമാറ്റിക് ഇല്ലാതിരുന്നത് തിരിച്ചടിയായി. പക്ഷേ ഈ കുറവ് അങ്ങ് നികത്തിയേക്കാമെന്ന് തീരുമാനിച്ചിരിക്കുകയാണ് സിട്രൺ.

ഫ്രഞ്ച് ബ്രാൻഡ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ C3 എയർക്രോസിന്റെ ഓട്ടോമാറ്റിക് പതിപ്പുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതും 2024 ജനുവരി മാസം തന്നെ വാഹനത്തിന്റെ ക്ലച്ച്ലെസ് മോഡൽ എത്തും. C3 എയർക്രോസ് ഓട്ടോമാറ്റിക് എസ്‌യുവി വാങ്ങാൻ താത്പര്യമുള്ളവർക്ക് തെരഞ്ഞെടുത്ത സിട്രൺ ഡീലർഷിപ്പുകളിൽ 25,000 രൂപ ടോക്കൺ തുക നൽകി എസ്‌യുവി മുൻകൂട്ടി ബുക്ക് ചെയ്യാം.
നിലവിൽ 5 അല്ലെങ്കിൽ 7 സീറ്റർ എസ്‌യുവിയായി വരുന്ന വാഹനം യു, പ്ലസ് മാക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. 9.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയും മിഡ്-സൈസ് എസ്‌യുവിയുടെ പ്രധാന ആകർഷണമാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് C3 എയർക്രോസിന് പ്ലസ്, മാക്സ് എന്നിങ്ങനെ രണ്ട് ഓട്ടോമാറ്റിക് വേരിയന്റുകൾ ലഭിക്കും. ഈ പുതിയ ഗിയർബോക്‌സ് ആറ് സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റായിരിക്കുമെന്നതാണ് മറ്റൊരു ആകർഷകമായ കാര്യം.

ക്ലച്ച്ലെസ് മോഡൽ എത്തുന്നതോടെ ക്രെറ്റ പോലുള്ള വമ്പൻമാരുടെ എതിരാളി കൂടുതൽ ആളുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ സിട്രൺ C3 എയർക്രോസിൽ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്.ത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 109 bhp കരുത്തിൽ പരമാവധി 190 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
ലിറ്ററിന് 18.5 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് കൂടുതൽ ഇന്ധനക്ഷമതയും ഫ്രഞ്ച് ബ്രാൻഡിന് വാഗ്‌ദാനം ചെയ്യാനാവും. പുതിയ ഗിയർബോക്‌സ് ഓപ്ഷൻ ചേർക്കുന്നതല്ലാതെ വാഹനത്തിന് മറ്റ് പരിഷ്ക്കാരങ്ങളൊന്നും തന്നെയുണ്ടാവില്ല. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിവിറ്റി പ്രോഗ്രാം, ഹിൽഹോൾഡ് അസിസ്റ്റ് പോലുള്ള സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ് സിട്രൺ C3 എയർക്രോസിൽ വാഗ്‌ദാനം ചെയ്യുന്നത്.

ഫീച്ചറുകളുടെ കാര്യത്തിലായാലും മുടക്കുന്ന പണത്തിനുള്ള മൂല്യം C3 എയർക്രോസ് നൽകുന്നുണ്ടെന്ന് വേണം പറയാൻ. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഇന്റർഫേസ് സഹിതമുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, ഫോർ സ്പീക്കർ ഓഡിയോ, ഇൻ-കാർ കണക്റ്റഡ് ടെക്‌നോളജി, എല്ലാവർക്കും വൺ ടച്ച് ഓട്ടോ ഡൗൺ വിൻഡോ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ പോലുള്ള അവിശ്യ കാര്യങ്ങളെല്ലാം മോഡലിലുണ്ട്.
ഹാലൊജൻ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎല്ലുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, റൂഫ് മൗണ്ടഡ് റിയർ എയർകോൺ വെന്റുകൾ, അഞ്ച് സീറ്ററിൽ റിയർ സെന്റർ ആംറെസ്റ്റ്, ടിൽറ്റ് അഡ്ജസ്റ്റുള്ള സ്റ്റിയറിംഗ് വീൽ, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, കീലെസ് എൻട്രി, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയും സിട്രൺ മിഡ്-സൈസ് എസ്‌യുവിക്ക് മൊഞ്ചേകുന്നുണ്ട്. ഓട്ടോമാറ്റിക് കൂടി എത്തുന്നതോടെ വിൽപ്പനയും കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കരുതാം.


Click it and Unblock the Notifications








