ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍, ഇനിയെല്ലാം തികഞ്ഞ എസ്‌യുവി ഇതോ...? ക്രെറ്റയേക്കാൾ വിലക്കുറവും
ഓട്ടോമാറ്റിക് കാറുകളോട് മുഖംതിരിച്ചു നിന്നവരായിരുന്നു ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. അതും ക്ലച്ച്ലെസ് കാറുകൾ ചൂടപ്പം പോലെ വിറ്റഴിക്കുന്ന കാലത്താണ് കമ്പനിയിൽ നിന്നും ഇത്തരമൊരു വിചിത്ര തീരുമാനം ഉണ്ടാവുന്നത്. നിർമാണ ചെലവുകൾ പിടിച്ചു നിർത്തുന്നതിനൊപ്പം പോക്കറ്റിന് ഇണങ്ങുന്ന പൈസയ്ക്ക് ആളുകൾക്ക് വാഹനങ്ങൾ കൊടുക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നിലുണ്ടായിരുന്നത്.
ഉദ്ദേശം നല്ലതായിരുന്നുവെങ്കിലും ഒഴുക്കിന് എതിരെ നീന്തിയാൽ കരയ്ക്കെത്തില്ലെന്ന കാര്യം സിട്രൺ മറന്നുകൊണ്ടാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. എന്തായാലും ഇതിനുള്ള പണി കമ്പനിക്ക് കിട്ടുകയും ചെയ്‌തു. കോസ്റ്റ് കട്ടിംഗ് ഒന്നിനും ഒരുപരിഹാരമല്ലെന്ന് മനസിലാക്കിക്കൊടുക്കാനും ഇന്ത്യക്കാർക്കായി. ന്യായമായ വിലയ്ക്ക് ന്യായമായ സാധനം വാങ്ങുന്നതിൽ പ്രത്യേക മിടുക്കുള്ള നമ്മൾ സിട്രൺ മോഡലുകളെ പൂർണമായും തഴഞ്ഞിടുകയായിരുന്നു.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ C3 എയർക്രോസ് എന്ന മിടുക്കൻ വാഹനത്തെ കൊണ്ടുവന്നിട്ടും ബ്രാൻഡിന് ഇതുവരെ പിടിച്ചുനിൽക്കായില്ലെന്നു വേണം പറയാൻ. മോഡസിന്റെ പ്രധാന പോരായ്‌മയായി ഏവരും ചൂണ്ടിക്കാട്ടിയത് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷന്റെ അഭാവമാണ്. എന്നാൽ ഇതിന് പരിഹാരം കണ്ടുപിടിച്ച് ക്രെറ്റയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കുമെല്ലാം മറുപടി നൽകുകയാണ് സിട്രൺ.
എങ്ങനെയെന്നോ, ഇതിനോടകം മിക്കവരിലേക്കും എത്തിയ സിട്രൺ C3 എയർക്രോസിന്റെ ഓട്ടോമാറ്റിക്കിന്റെ അവതരണം തന്നെയാണ് സംഭവം. 2024 ജനുവരി 29-ന് ക്ലച്ച്ലെസ് പതിപ്പിനെ കമ്പനി വിപണിയിലേക്ക് എത്തിക്കും. ഇതിനു മുന്നോടിയായി വാഹനം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. കാർദേഖോ പുറത്തുവിട്ട സ്പൈ ചിത്രങ്ങളിൽ നിന്നും ഓട്ടോമാറ്റിക് C3 എയർക്രോസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

ഇന്ത്യയിലുടനീളമുള്ള നിരവധി സിട്രോൺ ഡീലർഷിപ്പുകൾ ഇതിനകം തന്നെ C3 എയർക്രോസ് ഓട്ടോമാറ്റിക്കിനുള്ള ഓഫ്‌ലൈൻ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. മുകളിലെ ചിത്രത്തിൽ കാണുന്നത് പോലെ മിഡ്-സൈസ് എസ്‌യുവിയുടെ ഓട്ടോമാറ്റിക് വകഭേദങ്ങളുടെ ക്യാബിൻ ലേഔട്ട് അതിന്റെ മാനുവൽ ട്രാൻസ്മിഷൻ വേരിയന്റുകൾക്ക് സമാനമാണെന്ന് വ്യക്തമാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലിവറിന്റെ സാന്നിധ്യം മാത്രമാണ് ഏകമാറ്റമായി ചൂണ്ടിക്കാണിക്കാനാവുന്നത്.
C3 എയർക്രോസിന്റെ ഓട്ടോമാറ്റിക് പതിപ്പ് അതിന്റെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായി ജോടിയാക്കും. 6-സ്പീഡ് ടോർക്ക് കൺവെർട്ടർ യൂണിറ്റായിരിക്കും വാഹനത്തിലേക്ക് എത്തുന്ന ട്രാൻസ്‌മിഷൻ യൂണിറ്റ്. ഇതുമായി സംയോജിച്ച് 110 bhp കരുത്തിൽ പരമാവധി 190 Nm torque വരെ എസ്‌യുവിക്ക് ഉത്പാദിപ്പിക്കാനാവും. നിലവിൽ സിട്രൺ C3 എയർക്രോസ് 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ അവതരിപ്പിക്കുന്നത് മാറ്റിനിർത്തിയാൽ C3 എയർക്രോസിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും ഉണ്ടാവില്ല. മാനുവൽ വേരിയന്റുകളിലേതിനു സമാനമായ ഫീച്ചർ നിര തന്നെയായിരിക്കും ഫ്രഞ്ച് ബ്രാൻഡ് തുടർന്നും നൽകുക. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, മൂന്നാം നിരയിൽ പ്രത്യേക വെന്റുകളുള്ള മാനുവൽ എസി എന്നിവ എസ്‌യുവിയിൽ കിട്ടും.
ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), റിയർ വ്യൂ ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാണ് C3 എയർക്രോസിൽ സ്റ്റാൻഡേർഡായി കിട്ടുന്ന സുരക്ഷാ ഫീച്ചറുകൾ. മറ്റ് കാര്യങ്ങളിലെന്ന പോലെ തന്നെ വില നിർണയവും വിജയപരാജയങ്ങളിൽ വലിയൊരു പങ്കുവഹിക്കുമെന്ന് കമ്പനിക്ക് അറിയാം. ആയതിനാൽ ഇവിടെയൊരു സാഹത്തിന് സിട്രൺ തയാറായേക്കില്ല.

C3 എയർക്രോസിന്റെ ഓട്ടോമാറ്റിക് വേരിയന്റുകൾ അവയുടെ മാനുവൽ മോഡലുകളെ അപേക്ഷിച്ച് ഏകദേശം 1.30 ലക്ഷം രൂപയുടെ അധിക വിലയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ മിഡ്-സൈസ് എസ്‌യുവിക്ക് 9.99 ലക്ഷം രൂപ മുതൽ 12.75 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റർ എന്നിവയാണ് സെഗ്മെന്റിലെ സിട്രണിന്റെ എതിരാളികൾ.


Click it and Unblock the Notifications








