സിട്രണിന്റെ തലവരമാറ്റുമോ ഈ ഓട്ടോമാറ്റിക് എസ്‌യുവി? വീഡിയോ റിവ്യൂ കണ്ടിട്ട് ഉത്തരം പറയൂ
ഓട്ടോമാറ്റിക്കില്ലെന്ന് പറഞ്ഞ് മാറ്റിനിർത്തിയവരെ എല്ലാം അടുപ്പിക്കാനുള്ള ശ്രമത്തിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. ഇതിന്റെ ഭാഗമായി C3 എയർക്രോസിലേക്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. സെഗ്മെന്റിലെ വില്ലാളിവീരൻമാരായ ഹ്യുണ്ടായി ക്രെറ്റയോടും മാരുതി ഗ്രാൻഡ് വിറ്റാരയോടുമെല്ലാം മത്സരിക്കാൻ പുത്തൻ ക്ലച്ച്ലെസ് മോഡലിന് ആവുമോ എന്നതാണ് പ്രധാന ചോദ്യം.
ജാപ്പനീസ് ട്രാൻസ്മിഷൻ നിർമാതാക്കളായ ഐസിനിൽ നിന്നുള്ള 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് C3 എയർക്രോസ് വരുന്നത്. പുത്തൻ എസ്‌യുവി ആയതിനാൽ തന്നെ ഡിസൈനിലോ മറ്റ് മെക്കാനിക്‌സിലോ യാതൊരു വിധ പരിഷ്ക്കാരങ്ങളും ആവശ്യമില്ലാത്തതിനാൽ തന്നെ നിലവിലുള്ള ടർബോ പെട്രോൾ എഞ്ചിനിലേക്ക് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ കൂട്ടിച്ചേർത്താണ് വരുന്നത്. മോഡൽ എങ്ങനെയുണ്ടെന്നറിയാൻ താഴെ കൊടുത്തിരിക്കുന്ന റിവ്യൂ വീഡിയോ കാണാം.
പുതിയ ഗിയർബോക്‌സിലൂടെ C3 എയർക്രോസിലെ 1.2 ലിറ്റർ ടർബോ എഞ്ചിൻ കുറച്ച് അധിക ടോർക്കിയായിട്ടുണ്ടെന്നത് ശ്രദ്ധേയമാവും. അങ്ങനെ മൊത്തത്തിൽ 108.4 bhp കരുത്തിൽ പരമാവധി 205 Nm torque വരെ നൽകാൻ സിട്രണിന്റെ ഓട്ടോമാറ്റിക് എസ്‌യുവിക്ക് സാധിക്കും. കൃത്യമായി പറഞ്ഞാൽ മാനുവലിനെ അപേക്ഷിച്ച് 15 Nm അധിക ടോർക്ക് നൽകാനാണ് കമ്പനി എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്.

മാറ്റങ്ങളോടെ വാഹനത്തിന്റെ ഭാരം 34 കിലോഗ്രാം വർധിക്കുകയും ചെയ്‌തിട്ടുണ്ട്. വണ്ടി ഓട്ടോമാറ്റിക്കാണെന്ന് അറിയാൻ ഒരു ഓട്ടോമാറ്റിക് ബാഡ്ജ് പോലും എവിടെയും സ്ഥാപിച്ചിട്ടില്ല. ഇനി ഡ്രൈവിംഗ് എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ മാനുവൽ പതിപ്പിനെ അപേക്ഷിച്ച് ഭാരം കൂടിയിട്ടുണ്ടെങ്കിലും പുതിയ സിട്രൺ C3 എയർക്രോസ് ഓടിക്കാൻ വളരെ രസമാണ്. ശക്തമായ മിഡ് റേഞ്ചും ടോപ്പ് എൻഡും ഉള്ള ടർബോചാർജ്ഡ് എഞ്ചിൻ ഇപ്പോഴും പെപ്പിയാണ്.


Click it and Unblock the Notifications








