ഷോറൂമിൽ ജനത്തിരക്കാവും, 9.99 ലക്ഷത്തിന് കിട്ടുന്ന 7-സീറ്റർ എസ്‌യുവിയിലെ മാറ്റങ്ങൾ കണ്ടാൽ ആരും വാങ്ങിപ്പോവും
ഇന്ത്യൻ വാഹന വിപണിയിൽ റെനോയ്ക്ക് ശേഷം ഫ്രഞ്ച് വിപ്ലവത്തിന്റെ രണ്ടാംതരംഗം സൃഷ്‌ടിക്കാനായി എത്തിയവരാണ് സിട്രൺ. ആദ്യ മോഡൽ അൽപം പ്രീമിയം ടച്ചുള്ള വാഹനമായിരുന്നതിനാൽ കാര്യമായി ശ്രദ്ധിക്കാതെ പോയെങ്കിലും രണ്ടാമനിലായിരുന്നു ബ്രാൻഡിന്റെ എല്ലാ പ്രതീക്ഷകളും. പൂർണമായും പ്രാദേശികമായി നിർമിച്ച C3 പക്ഷേ ശോഭിക്കാതെ പോവുകയായിരുന്നു. ഒരു കോംപാക്‌ട് എസ്‌യുവി ടച്ചുണ്ടായിരുന്നിട്ടും പ്രീമിയം ഹാച്ച്ബാക്കായി മാർക്കറ്റ് ചെയ്‌തതാണ് പരാജയത്തിന്റെ പടുകുഴി തീർത്തത്. പിന്നീട് ചെലവ് കുറക്കാനായി കാണിച്ച അമിതാവേശവും സിട്രണിന് തിരിച്ചടിയായി. പക്ഷേ അടുത്തതായി എത്തിയ C3 എയർക്രോസ് തമ്മിൽ ഭേദം തൊമ്മനായി ആളുകളിലേക്ക് ഇറങ്ങി ചെന്നു.
ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ എത്തിയ സിട്രൺ C3 എയർക്രോസ് ശരിക്കും വ്യത്യസ്‌തനായിരുന്നു. ഈ വിലയ്ക്കും ഈ സെഗ്മെന്റിലും 7 സീറ്റർ ഓപ്ഷൻ വരെ മോഡലിൽ കമ്പനി ഒരുക്കിയാണ് എതിരാളികളെ ഞെട്ടിച്ചത്. പക്ഷേ അങ്ങിങ്ങായി ചില പോരായ്‌മകൾ കണ്ടുപിടിക്കാനും ആളുകൾ മെനക്കെടുകയുണ്ടായി.

എന്നാൽ ഇപ്പോഴിതാ പരാതികളെല്ലാം തീർത്ത് കുട്ടപ്പനായിരിക്കുകയാണ് സിട്രൺ C3 എയർക്രോസ്. മിക്കവാറും എല്ലാ മാസ്-മാർക്കറ്റ് കാറുകളിലും കണ്ടുവന്ന ഫീച്ചറുകളില്ലെന്നത് വിൽപ്പന കുറയാനും കാരണമായി. എന്നാൽ ഉപഭോക്താക്കളിൽ നിന്നും ലഭിച്ച ഫീഡ്ബാക്കിന് അനുസരിച്ച് എസ്‌യുവിയെ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിരിക്കുകയാണ് ബ്രാൻഡ്. C3 എയർക്രോസിലേക്ക് ഉഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിന് ചില സവിശേഷതകൾ കൂട്ടിച്ചേർത്തതാണ് സംഭവം.
പുതുതായി അവതരിപ്പിച്ച സിട്രൺ ബസാൾട്ട് കൂപ്പെ എസ്‌യുവിയ്‌ക്കൊപ്പം പുതുക്കിയ C, C3 എയർക്രോസ് മോഡലുകളെ ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ വർഷം അവസാനത്തോടെയാവും പുത്തൻ ഫീച്ചറുകളുമായി മോഡലുകൾ വരികയെന്ന് മാത്രം. ഇതുവരെ മോഡലിൻ്റെ ടോപ്പ്-എൻഡ് വേരിയൻ്റിൽ പോലും ലഭ്യമല്ലാത്ത നിരവധി ഫീച്ചറുകൾ ലഭിക്കുന്നുവെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വലിയ സ്ലൈഡിംഗ് ഫ്രണ്ട് ആംറെസ്റ്റ്, ഫ്ലിപ്പ്-സ്റ്റൈൽ കീ മുതലായവയാണ് C3 എയർക്രോസിലേക്ക് പുതുതായി അവതരിപ്പിച്ച ഫീച്ചറുകൾ. സേഫ്റ്റിയുടെ കാര്യത്തിലും ചില മാറ്റങ്ങൾ 7-സീറ്റർ എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്. മിഡ്-സൈസ് എസ്‌യുവി ഇനി മുതൽ സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ വാഗ്‌ദാനം ചെയ്യും. പുതിയ സവിശേഷതകൾ ചേർക്കുന്നതിനു പുറമേ, എസ്‌യുവിയുടെ ക്യാബിനിനുള്ളിലെ ചില ഘടകങ്ങളും ബ്രാൻഡ് മാറ്റിയിട്ടുണ്ട്.
പിന്നിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യത്തിനായി മുൻ സീറ്റുകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന സെൻ്റർ ബിനാക്കിളിൽ നിന്ന് പിൻവശത്തെ ഡോർ പാഡുകളിലേക്ക് റിയർ പവർ വിൻഡോ സ്വിച്ചുകൾ മാറ്റിസ്ഥാപിച്ചു. ഫ്രണ്ട് ഫോഗ് ലാമ്പുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഇന്റർഫേസ് സഹിതമുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ എന്നീ കിടിലൻ ഫീച്ചറുകൾ മുമ്പേ തന്നെ എസ്‌യുവിയിലുണ്ട്.

ഇതുകൂടാതെ 4 സ്പീക്കർ ഓഡിയോ, ഇൻ-കാർ കണക്റ്റഡ് ടെക്‌നോളജി, വൺ ടച്ച് ഓട്ടോ ഡൗൺ വിൻഡോകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ പോലുള്ള മോഡേൺ സംവിധാനങ്ങളും സിട്രൺ തങ്ങളുടെ മിഡ്-സൈസ് എസ്‌യുവിക്ക് സമ്മാനിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സിട്രൺ C3 എയർക്രോസിൽ ഈ ഗംഭീര മാറ്റങ്ങൾ വരുത്തിയെങ്കിലും മെക്കാനിക്കലായി പഴയപടി തന്നെ തുടരുകയാണ്. 1.2 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.
6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കിയ എഞ്ചിന് 109 bhp പവറിൽ പരമാവധി 190 Nm torque വരെ ഉത്പാദിപ്പിക്കാനാവും.ARAI പറയുന്നതനുസരിച്ച് സിട്രൺ C3 എയർക്രോസ് മിഡ്-സൈസ് എസ്‌യുവിക്ക് 18.5 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകാനാവും. യു, പ്ലസ്, മാക്‌സ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ വരുന്ന വാഹനത്തിന് 9.99 ലക്ഷം മുതൽ 12.91 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








