ഇനിയെങ്കിലും ആളുകൾ വാങ്ങുമെന്ന പ്രതീക്ഷയോടെ സിട്രൺ, C3 ഹാച്ചിൽ കൊണ്ടുവന്ന മാറ്റം അറിഞ്ഞോ
ഇന്ത്യൻ വിപണിയിൽ പതിയെ ക്ലച്ചുപിടിച്ചു വരികയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. വന്നകാലത്ത് എടുത്ത തെറ്റായ തീരുമാനങ്ങളെല്ലാം പതിയെ പരിഹരിച്ച് ജനമനസുകളിൽ ഇടംകണ്ടെത്തുകയാണ് കമ്പനിയിപ്പോൾ. അതിന്റെ ഭാഗമായി മോഡൽ നിരയിൽ അടിക്കടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും സിട്രൺ ഇപ്പോൾ ശ്രമിക്കാറുണ്ട്. ശരിക്കും കാഴ്ച്ചയിൽ മൈക്രോ എസ്‌യുവി ലുക്കുള്ള C3 ഹാച്ച്ബാക്കായി പരസ്യം ചെയ്‌ത തെറ്റും ബ്രാൻഡിപ്പോൾ മനസിലാക്കിയിട്ടുണ്ടാവും.
ആയതിനാൽ വണ്ടിയെ ആളുകളിലേക്ക് അടുപ്പിക്കാനുള്ള വമ്പൻ ശ്രമങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. അതിന്റെ ഭാഗമായിതാ സിട്രൺ ഇന്ത്യ C3 ഹാച്ച്ബാക്കിൽ ഒരു പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ്. കമ്പനിയുടെ നിരയിലെ വലിയ C3 എയർക്രോസിൽ നിന്ന് കടമെടുത്ത കോസ്മോ ബ്ലൂ നിറമാണ് കുഞ്ഞൻ വണ്ടിക്ക് അഴകേകാനായി ഇപ്പോൾ എത്തിയിരിക്കുന്നത്. അതേസമയം മോഡലിൽ നിന്ന് സെസ്റ്റി ഓറഞ്ച് ഓപ്ഷൻ കമ്പനി നിർത്തലാക്കുകയും ചെയ്‌തു.

വാങ്ങാൻ ആളില്ലാത്തതും ഡിമാന്റ് കുറഞ്ഞതുമാണ് പുതിയ നിറം അവതരിപ്പിക്കാൻ കാരണമായിരിക്കുന്നത്. C3 ഹാച്ച്ബാക്കിൽ എത്തിയ പുതിയ കോസ്മോ ബ്ലൂ ഷേഡ് മോണോടോണിലും ഡ്യുവൽ-ടോൺ കളർ സ്കീമുകളിലും തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ഡ്യുവൽ ടോണിന് വൈറ്റ് റൂഫും റിയർ വ്യൂ മിററുകളും ഇതിൽ ലഭിക്കുന്നു. ഒരു നല്ല കോൺട്രാസ്റ്റിംഗ് ലുക്കാണ് ഇപ്പോൾ വണ്ടിക്കുള്ളതെന്ന് സമ്മതിക്കാതിരിക്കാൻ വയ്യ.
ഏറ്റവും പുതിയ പരിഷ്ക്കാരങ്ങൾക്ക് ശേഷം നാല് മോണോടോണിലും ഏഴ് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലും സിട്രൺ C3 ഇപ്പോൾ ലഭ്യമാണ്. പോളാർ വൈറ്റ്, പ്ലാറ്റിനം ഗ്രേ, സ്റ്റീൽ ഗ്രേ എന്നിവയാണ് ഹാച്ചിലെ മറ്റ് ഓപ്ഷനുകൾ. വാഹനം കൂടുതൽ എറിച്ച് നിൽക്കണമെന്ന് ആഗ്രഹിക്കുന്നവർക്കായി ഓറഞ്ച് ഇൻസേർട്ടുകളുള്ള ORVM, ഫോഗ് ലാമ്പ് ഹൗസിംഗ്, ഡോറുകളിൽ ബോഡി ക്ലാഡിംഗ്, റിയർ ബമ്പർ റിഫ്ലക്ടറുകൾ എന്നിവ കൂട്ടിച്ചേർക്കുന്ന വൈബ് പായ്ക്കും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട് കേട്ടോ.

ഓറഞ്ച് ഇൻസെർട്ടുകൾ പോളാർ വൈറ്റ്, പ്ലാറ്റിനം ഗ്രേ, സ്റ്റീൽ ഗ്രേ എന്നീ കളർ ഓപ്ഷനുകളിൽ മാത്രമേ ലഭ്യമാകൂവെന്നതും പ്രത്യേകം ഓർമിക്കേണം. പുതിയ കോസ്മോ ബ്ലൂ നിറത്തിൽ വൈറ്റ് നിറത്തിലുള്ള ഇൻസെർട്ടുകളും തെരഞ്ഞെടുക്കാനാവുമെന്നാണ് സിട്രൺ പറയുന്നത്. പുതിയ കളർ ഓപ്‌ഷൻ സിട്രൺ C3 മോഡലിന് പുതിയ രൂപവും പ്രീമിയം ഫീലും കൊണ്ടുവരുമെന്ന് സംശയമൊന്നും വേണ്ട. പക്ഷേ ഇതിനു പുറമെ വാഹനത്തിൽ മറ്റ് നവീകരണങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല കേട്ടോ.
81 bhp പവറിൽ 115 Nm torque നൽകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് സിട്രൺ ഹാച്ചിന് ഇപ്പോഴും തുടിപ്പേകുന്നത്. കൂടുതൽ കരുത്ത് വേണമെന്നുള്ളവർക്കായി 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനും ഫ്രഞ്ച് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ വേരിയന്റ് 109 bhp കരുത്തിൽ 190 Nm torque വരെയാണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് എഞ്ചിനുകളും 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.

അതായത് ജനപ്രിയമായ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഈ മോഡലിൽ ലഭ്യമല്ലെന്ന് സാരം. എന്നിരുന്നാലും അടുത്തിടെ C3 എയർക്രോസിൽ അവതരിപ്പിച്ച 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഈ വർഷം C3 ഹാച്ച്ബാക്കിലേക്ക് സിട്രൺ കൊണ്ടുവന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും ലൈവ്, ഫീൽ, ഷൈൻ എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് വാഹനം ഇപ്പോൾ ലഭ്യമാവുന്നത്.
6.16 ലക്ഷം രൂപ മുതൽ 9.08 ലക്ഷം രൂപ വരെയാണ് സിട്രൺ C3 ഹാച്ച്ബാക്കിന്റെ എക്സ്ഷോറൂം വില വരുന്നത്. മറ്റൊരു തീരുമാനവുമായി സിട്രൺ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. ഇന്ത്യയിലെ തങ്ങളുടെ മോഡലുകളിൽ കൂടുതൽ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ എല്ലാ കാർ മോഡലുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി സജ്ജീകരിക്കുമെന്ന് സിട്രൺ പ്രഖ്യാപിച്ചതും അടുത്തിടെയാണ്.

ഈ സേഫ്റ്റി അപ്‌ഡേറ്റ് 2024 കലണ്ടർ വർഷത്തിൻ്റെ രണ്ടാം പകുതി മുതൽ ആരംഭിക്കുമെന്നാണ് സിട്രണിൽ നിന്നും പുറത്തുവരുന്ന ഔദ്യോഗിക സ്ഥിരീകരണം. ഫ്രണ്ട് എയർബാഗുകൾ, സൈഡ് എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ എന്നിവയുൾപ്പെടെയാണ് ആറ് എയർബാഗുകൾ ഒരുക്കുന്നത്. മാത്രമല്ല C3, C3 എയർക്രോസ്, eC3, C5 എയർക്രോസ് തുടങ്ങിയ മുഴുവൻ ശ്രേണിയിലും വേരിയൻ്റുകളിലും ISOFIX സീറ്റ് ആങ്കറേജ് ഫീച്ചറും പിൻ സീറ്റ് ബെൽറ്റ് റിമൈൻഡറുകളും സ്റ്റാൻഡേർഡായി നൽകും.


Click it and Unblock the Notifications








