സ്വിഫ്റ്റിന്റെ പൈസയ്ക്ക് 7-സീറ്റർ എസ്‌യുവി വാങ്ങാം, ഷോറൂം കാലിയാക്കാൻ 1.75 ലക്ഷത്തിന്റെ ഓഫറുമായി സിട്രൺ
എങ്ങനെയും ഇന്ത്യയിൽ ക്ലച്ചുപിടിക്കാൻ കഠിനാധ്വാനം ചെയ്യുന്നവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. എടുത്ത തീരുമാനങ്ങളെല്ലാം പാളിപ്പോയവരാണെങ്കിലും അടുത്തിടെയായി ജനങ്ങളുടെ പൾസറിഞ്ഞ് പദ്ധതികൾ ആവിഷ്ക്കരിക്കാൻ ബ്രാൻഡിനാവുന്നുണ്ടെന്നത് വിസ്‌മരിക്കാനാവില്ല. തങ്ങളുടെ മോഡലുകളിലുണ്ടായിരുന്ന കുറവുകളെല്ലാം പരിഹരിച്ച് അടിപൊളിയാനുള്ള ശ്രമങ്ങൾ ആളുകൾ കാണുന്നില്ലെന്ന് മാത്രം. എന്തായാലും ആഭ്യന്തര വിപണിയിലെ കച്ചോടം പൊടിപൊടിക്കാനായി ഇപ്പോഴിതാ കിടിലൻ ഇയർ എൻഡ് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സിട്രൺ. C5 എയർക്രോസ്, ബസാൾട്ട് കൂപ്പെ എസ്‌യുവി, എയർക്രോസ് എസ്‌യുവി, C3, eC3 ഇവി എന്നീ മോഡലുകൾ വാങ്ങാനിരുന്നവർക്ക് വന്നുചേർന്നിരിക്കുന്ന അസുലഭ നിമിഷമാണിത്.
പ്രതിമാസം ശരാശരി 648 യൂണിറ്റുകളാണ് സിട്രൺ ഇപ്പോൾ ആകെ വിൽക്കുന്നത്. നിലവിലുള്ള പഴയ സ്റ്റോക്കുകൾ വിറ്റഴിക്കാനും ഒപ്പം വിൽപ്പനയിൽ കുതിപ്പുണ്ടാക്കാനും വേണ്ടിയാണ് കമ്പനി മോഡൽ നിരയിൽ ഇയർ എൻഡ് ഓഫറുകളുമായി അരങ്ങത്തെത്തിയിരിക്കുന്നത്. എന്നാൽ ഡിസ്‌കൗണ്ട് ഓഫറുകൾ ഓരോ നഗരത്തേയും സ്ഥലത്തേയും സ്റ്റോക്ക് ലഭ്യതക്കും അനുസരിച്ച് വ്യത്യാസമുണ്ടായേക്കാം. കൃത്യമായ ഓഫർ അറിയാൻ നിങ്ങളുടെ പ്രാദേശിക ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.

ഇനി സിട്രൺ അവതരിപ്പിച്ചിരിക്കുന്ന മോഡൽ തിരിച്ചുള്ള ഇയർ എൻഡ് ഓഫറുകൾ എങ്ങനെയാണെന്ന് നോക്കിയാലോ? ഫ്രഞ്ച് വാഹന നിർമാതാക്കളുടെ എയർക്രോസ് എസ്‌യുവിയിൽ പരമാവധി 1.75 ലക്ഷം രൂപ വരെയാണ് കമ്പനി ഡിസ്‌കൗണ്ട് വാഗ്‌ദാനം ചെയ്യുന്നത്. 5 അല്ലെങ്കിൽ 5+2 സീറ്റർ കോൺഫിഗറേഷനുകളിൽ വരുന്ന എയർക്രോസിന്റെ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് ഓഫറിലും മാറ്റമുണ്ടാകാം കേട്ടോ.
നിലവിൽ 8.49 ലക്ഷം മുതൽ 14.55 ലക്ഷം രൂപ വരെയാണ് സിട്രൺ എയർക്രോസിന് എക്സ്ഷോറൂം വില വരുന്നത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളാണ് എസ്‌യുവിയുടെ ബേസ് മോഡലുകളിൽ ലഭിക്കുക. രണ്ടാമത്തേത് 108 bhp പവറിൽ പരമാവധി 205 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ-പെട്രോളാണ്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.

അതായത് മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ടോപ്പ് വേരിയന്റിന്റെ പൈസയുണ്ടേൽ സിട്രൺ എയർക്രോസിന്റെ 7-സീറ്റർ മോഡൽ വാങ്ങാനാവുമെന്ന് സാരം. ഹാച്ച്ബാക്കിന്റെ വിലയ്ക്ക് നല്ലൊരു ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനം വാങ്ങാൻ അവസരം കിട്ടിയാൽ എന്തിന് വേണ്ടെന്ന് വെക്കണം. എന്തായാലും എസ്‌യുവി വാങ്ങാനിരുന്നവർക്കെല്ലാം സുവർണാവസരമാണ് സിട്രണിന്റെ ഇയർ എൻഡ് ഓഫറിലൂടെ കൈവന്നിരിക്കുന്നത്.
ഇനി C3 ഹാച്ച്ബാക്കിന്റെ കാര്യത്തിലേക്ക് വന്നാൽ 2023 ഡിസംബറിൽ മോഡലിന് 1 ലക്ഷം രൂപ വരെയാണ് സിട്രൺ ഓഫറിട്ടിരിക്കുന്നത്. ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലിന് 6.16 ലക്ഷം മുതൽ 10.27 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ എക്സ്ഷോറൂം വില വരുന്നത്. എയർക്രോസിലെ അതേ 1.2 ലിറ്റർ NA, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളും ഇതിൽ ലഭിക്കും. ചെറിയ വിലയ്ക്ക് നല്ലൊരു പവർഫുൾ കാർ നോക്കുന്നവർക്ക് അനുയോജ്യമായ വണ്ടിയാണ് C3.

സിട്രൺ ഇന്ത്യയുടെ നിരയിലെ ഏറ്റവും ആകർഷകമായ മോഡൽ ഏതാണെന്ന് ചോദിച്ചാൽ കണ്ണുംപൂട്ടി പറയാനാവുന്ന പേരാണ് ബസാൾട്ടിന്റേത്. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ വാഹനവും ഇതാണ്. യൂ, പ്ലസ്, മാക്‌സ്, മാക്‌സ് ഡ്യുവൽ ടോൺ എന്നീ നാല് വകഭേദങ്ങളിൽ വിപണിയിലെത്തുന്ന കൂപ്പെ എസ്‌യുവിക്ക് 7.99 ലക്ഷം മുതൽ 13.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
2024 ഡിസംബറിൽ സിട്രൺ ബസാൾട്ടിന് 80,000 രൂപ വരെ ഡിസ്കൗണ്ടുകൾ ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. സാധാരണയായി സംഭവിക്കുന്നതുപോലെ തെരഞ്ഞെടുത്ത വേരിയൻ്റിനെ ആശ്രയിച്ച് ഡിസ്കൗണ്ടുകൾ വ്യത്യാസപ്പെടുമെന്ന് മാത്രം. അടുത്തിടെ 4-സ്റ്റാർ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് ലഭിച്ച ബസാൾട്ട് സുരക്ഷയുടെ കാര്യത്തിലും അത്ര പിന്നിലൊന്നുമല്ല കേട്ടോ. ഒപ്പം രണ്ട് 1.2 ലിറ്റർ എഞ്ചിൻ കൂടിയാവുമ്പോൾ സംഗതി കളറാവുന്നുമുണ്ട്.
സിട്രണിന്റെ ഇന്ത്യയിലെ ഏക ഇലകട്രിക് കാറായ eC3 ഹാച്ചിലും ഈ മാസം ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവിയുടെ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് ഈ മാസം പരമാവധി 80,000 രൂപ വരെ ഡിസ്കൗണ്ട് ഓഫർ ലഭിക്കും. 12.76 ലക്ഷം മുതൽ 13.56 ലക്ഷം രൂപ വരെയാണ് കാറിന് വില വരുന്നത്. 29.2kWh ബാറ്ററി പായ്ക്കോടുകൂടി സജ്ജീകരിച്ചിരിക്കുന്ന ഇലക്ട്രിക് കാറിന് സിംഗിൾ ചാർജിൽ 228 കിലോമീറ്റർ വരെ റേഞ്ച് നൽകാനുമാവും.


Click it and Unblock the Notifications








