ഈ സംസ്ഥാനത്ത് ഇവി വാങ്ങൽ എളുപ്പമാവില്ല, ഇവിടുത്തെ മലയാളികളുടെ പോക്കറ്റും കീറുമല്ലോ
ഒരു വാഹനം വാങ്ങാൻ പോവുമ്പോൾ സ്വാഭാവികമായും നാം എക്സ്ഷോറൂം വില അറിഞ്ഞായിരിക്കും ഡീലർഷിപ്പിൽ എത്തുക. എന്നാൽ ഈയൊരു പുത്തൻ കാർ ഒന്ന് നിരത്തിലിറക്കണമെങ്കിൽ കൈയിൽ നിന്നും കുറച്ചുകൂടി പൈസയിറങ്ങുമെന്ന കാര്യം അവിടെ ചെല്ലുമ്പോൾ മാത്രമാവും നാം അറിയുക. പക്ഷേ അത്യാവിശ്യം ഈ മേഖലയിൽ പ്രാവിണ്യമുള്ളവർക്കെല്ലാം അറിയാം റോഡ് ടാക്‌സ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പണം മുടക്കിയാലേ വണ്ടി ഷോറൂമിൽ നിന്ന് ഇറങ്ങൂവെന്ന്.
ഇന്ത്യയില്‍ ഒരാള്‍ വാഹനം വാങ്ങുമ്പോൾ റോഡ് നികുതി അല്ലെങ്കില്‍ മോട്ടോര്‍ വാഹന നികുതി അല്ലെങ്കില്‍ വാഹന്‍ നികുതി അടയ്‌ക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് റോഡ് നികുതി ഈടാക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ടാക്സേഷന്‍ ആക്ട് 1988-ലെ 39-ാം വകുപ്പ് പ്രകാരം ഓരോ വാഹന ഉടമയും പുതിയ വാഹനം വാങ്ങുമ്പോള്‍ ഒരു നിശ്ചിത തുക റോഡ് നികുതിയായി അടയ്ക്കേണ്ടത് പണ്ടുമുതലേ നിര്‍ബന്ധമായ കാര്യമാണ്.

ഇപ്പോൾ ഇലക്‌ട്രിക് വാഹനങ്ങളാണ് പ്രോത്സാഹിക്കുന്നതെങ്കിലും ഇത്തരം വണ്ടികൾക്കും ഇതെല്ലാം ബാധകമാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ റോഡ് ടാക്‌സ് അടക്കേണ്ടതെന്ന പരാതി പലർക്കുമുണ്ട്. എന്നാൽ മലയാളികൾ ഏറെയുള്ള കർണാടകയിലും ഇപ്പോൾ പുതിയ തീരുമാനം വന്നിരിക്കുകയാണ്. വൈദ്യുത വാഹനങ്ങളുടെ നികുതിയിളവില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതാണ് സംഭവം. സംസ്ഥാന സർക്കാർ അധിക നികുതി ചുമത്തിയതിനാൽ കർണാടകയിൽ ഉയർന്ന നിലവാരമുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വില കൂടും.
ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയെ ബാധിച്ചേക്കാവുന്ന പാരിസ്ഥിതിക ആശങ്കകൾക്കിടയിലാണ് കർണാടക സർക്കാരിൻ്റെ പുതിയ നീക്കം. ഭേദഗതി ചെയ്ത കർണാടക മോട്ടോർ വെഹിക്കിൾ ടാക്‌സേഷൻ ആക്‌ട് 2024 പ്രകാരം നിലവിലെ റോഡ് ടാക്‌സിനേക്കാൾ കൂടുതലായി മുടക്കേണ്ടി വരും. സംസ്ഥാനത്തെ ഉയർന്ന നിലവാരമുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നിർമാണ ചെലവിന്റെ 10 ശതമാനം നികുതി ഈടാക്കാനാണ് സർക്കാരിന്റെ തീരുമാനം. 25 ലക്ഷം രൂപയ്ക്കുമുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്കാവും ഇത് ബാധകമാവുക.

ആജീവനാന്തനികുതി എന്ന നിലയിലാണ് രജിസ്ട്രേഷന്‍ സമയത്ത് ഇത് ഈടാക്കുകയെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതായത് കർണാടക മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ആക്റ്റ് 2024-ൽ വരുത്തിയ ഭേദഗതി അനുസരിച്ച് 25 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് പുതിയ വാഹനത്തിൻ്റെ രജിസ്ട്രേഷൻ സമയത്ത് വാഹനത്തിൻ്റെ വിലയുടെ 10 ശതമാനം ആജീവനാന്ത നികുതിയായി ഈടാക്കുമെന്ന് സാരം.
25 ലക്ഷം രൂപയിൽ കൂടുതലുള്ള വാഹനച്ചെലവുള്ള മോട്ടോർ കാറുകൾക്ക് പുറമെ ജീപ്പുകൾ, ഓമ്‌നിബസുകൾ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സർവീസ് വാഹനങ്ങൾ എന്നിവയ്ക്ക് പുതിയ വാഹനം രജിസ്‌ട്രേഷൻ സമയത്ത് വാഹനത്തിൻ്റെ വിലയുടെ 10 ശതമാനം ആജീവനാന്ത നികുതി ചുമത്തുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഭേദഗതിക്ക് മുമ്പ് 13 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലായിരുന്നു. വാഹനങ്ങൾക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്ന റോഡ് നികുതി ഏർപ്പെടുത്തിയിരുന്നത് കർണാടകയാണ്.

പരിസ്ഥിതി സൗഹാർദ വാഹന ഗതാഗതത്തെ പ്രോത്സാഹിപ്പിക്കാന്‍ 2016 മുതല്‍ വിലയുടെ പരിധിയില്ലാതെ ഏതുതരം വൈദ്യുതവാഹനങ്ങള്‍ക്കും നല്‍കിയിരുന്ന നികുതിയിളവാണ് ഇപ്പോള്‍ ഇല്ലാതായത്.പ്രീമിയം, ആഡംബര ഇലക്ട്രിക് വാഹനങ്ങൾക്ക് 10 ശതമാനം അധിക നികുതി ചുമത്തുന്നതോടെ പ്രീമിയം ഹൈ-എൻഡ് ഇലക്ട്രിക് വാഹനങ്ങളുടെ വില ഇനിയും വർധിക്കാനും കാരണമാവുമെന്നാണ് വിലയിരുത്തൽ.
കർണാടക സർക്കാർ ഇലക്ട്രിക് വാഹനങ്ങളെ സംസ്ഥാനത്ത് റോഡ് നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഈ നീക്കമെന്നതും എടുത്ത് പറയേണ്ട കാര്യമാണ്. എന്നിരുന്നാലും കർണാടക ഇലക്ട്രിക് വാഹനങ്ങൾക്ക് സീറോ രജിസ്ട്രേഷൻ ഫീസോടെ റോഡ് നികുതി ഇളവ് വാഗ്ദാനം ചെയ്യുമ്പോൾ മറ്റ് സംസ്ഥാനങ്ങൾ അതത് ഇവി പോളിസികൾ വഴി സാമ്പത്തിക സബ്‌സിഡികൾ നൽകുന്നുമുണ്ട്.

എന്തായാലും നികുതി വർധനവ് സംസ്ഥാനത്തെ ഇലക്ട്രിക് കാറുകൾ, എസ്‌യുവികൾ, വാണിജ്യ വാഹനങ്ങൾ എന്നിവയുടെ വിൽപ്പനയെ ബാധിക്കുമെന്നതിൽ തർക്കമൊന്നുമില്ല. എങ്കിലും ഭേദഗതി വരുത്തിയ നയത്തിലൂടെ വരുമാനം വർധിപ്പിക്കാനും വളർന്നുവരുന്ന ഇലക്ട്രിക് വാഹന വിപണിയെ നിയന്ത്രിക്കാനുമാണ് സംസ്ഥാന സർക്കാർ ഈ നീക്കത്തിലൂടെ ശ്രമിക്കുന്നത്. 10 ശതമാനം അധിക ആജീവനാന്ത നികുതി ഏർപ്പെടുത്തിയിട്ടും വരും വർഷങ്ങളിൽ ഇവി വിൽപ്പനയിൽ ഗണ്യമായ വർധനവാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
2030 ഓടെ കർണാടകയിൽ ഏകദേശം 23 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുമെന്നാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. ഇത് നിലവിലെ 80,000 യൂണിറ്റിൽ നിന്ന് ഗണ്യമായ വളർച്ച രേഖപ്പെടുത്തും. കർണാടകയിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഇതിനകം മൂന്ന് ലക്ഷം യൂണിറ്റ് പിന്നിട്ടിട്ടുണ്ട്. ഇവികൾ ഉൾപ്പടെ മുഴുവന്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും 3 ശതമാനം സെസ് ഏര്‍പ്പെടുത്താനും പുതിയ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications








