ജിംനിയെയും ഥാറിനെയും ഒതുക്കി ആളാവണം, ഗൂർഖയുടെ വില കുറയ്ക്കാൻ ഐഡിയ കണ്ടുപിടിച്ച് ഫോഴ്‌സ്
ഓഫ്-റോഡ് എസ്‌യുവികളിലെ ഒരേയൊരു രാജാവാണ് മഹീന്ദ്ര ഥാർ. ഒന്നാം തലമുറയിൽ നിന്നും രണ്ടാം തലമുറയിലേക്ക് ചേക്കേറിയപ്പോൾ എല്ലാത്തിനും പറ്റുന്ന ലൈഫ്-സ്റ്റൈൽ വണ്ടായായി മാറാൻ കാണിച്ച മനസാണ് ഇന്നത്തെ നിലയിലേക്ക് ഥാറിനെ ഉയർത്തിയത്. ഇതെല്ലാം കണ്ട് ഹാലിളകിയ മാരുതി സുസുക്കി സാക്ഷാൽ ജിംനിയെ കൊണ്ടുവന്നെങ്കിലും ഇന്ത്യക്കാരുടെ മനസ് മഹീന്ദ്രയുടെ രാജാവിലായിരുന്നു. 4X2, 4X4 എന്നിങ്ങനെ പല രൂപത്തിൽ കൊണ്ടുവന്ന തന്ത്രവും വിജയം കണ്ടത് മാരുതിക്ക് തിരിച്ചടിയായി പോയി. എന്നാൽ അന്നും ഇന്നും ഥാറിന്റെ ശക്തനായ എതിരാളിയാരെന്ന് ചോദിച്ചാൽ പലരും പറയുന്ന പേര് ഫോഴ്‌സ് ഗൂർഖയുടേതാവും.
ഓഫ്-റോഡ് പ്രേമികൾക്കിടയിലും പൊലീസിനിടയിലും മാത്രം ഫാൻസുണ്ടായിരുന്ന ഗൂർഖയിപ്പോൾ വേറെ ലെവലായി വിപണിയിൽ എത്തിയിട്ടുണ്ട്. മുമ്പത്തേക്കാൾ കേമനായ എസ്‌യുവിയുടെ വില അൽപം കൂടുതലാണെന്ന കാര്യത്തിൽ ആർക്കും തർക്കമൊന്നുമില്ല. എന്നാൽ വില കുറക്കാനായി മഹീന്ദ്ര ഥാർ പ്രയോഗിച്ച് വിജയിച്ച അതേ തന്ത്രം ആവിഷ്ക്കരിക്കാൻ ഒരുങ്ങുകയാണ് ഫോഴ്‌സ് മോട്ടോർസും. അതായത് 3-ഡോർ ഗൂർഖയുടെ പുതിയ 4x2 വേരിയന്റ് പുറത്തിറക്കാൻ പോവുകയാണെന്ന് സാരം.

അടുത്തിടെ ഗൂർഖ എസ്‌യുവിയെ കൂടുതൽ ശക്തമായ എഞ്ചിൻ, നിരവധി പുതിയ ഫീച്ചറുകൾ, 5-ഡോർ ബോഡി സ്റ്റൈൽ എന്നിവ ഉൾപ്പെടുത്തി കമ്പനി പുറത്തിറക്കിയിരുന്നു. ഇതേ മോഡലിലാണ് 4x2 സംവിധാനം പരീക്ഷിക്കാൻ ബ്രാൻഡ് തയാറെടുക്കുന്നത്. ഇത് ഥാറിനെ കൂടാതെ ജിംനിയുടെ ഇപ്പോഴുള്ള വിൽപ്പന കൂടി കൊണ്ടുപോവുമോ എന്ന ആശങ്ക രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്കുമുണ്ട്.
3-ഡോർ ഗൂർഖയുടെ 4x2 വേരിയന്റ് കൂടുതൽ താങ്ങാനാവുന്നതിനൊപ്പം ഹാർഡ്‌കോർ 4x4 സംവിധാനം ആവശ്യമില്ലാത്ത വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കുന്നതിലേക്കും നയിക്കും. ഥാർ RWD മോഡൽ ഇപ്പോൾ വാരുന്ന വിൽപ്പന 4x4 പതിപ്പുകളേക്കാൾ കൂടുതലാണ്. ഭൂരിഭാഗം ഥാർ ഉടമകളും സിറ്റി യാത്രകൾക്കും മറ്റുമാണ് വാഹനം കൂടുതലായും ഉപയോഗിക്കുന്നത്. ആയതിനാൽ 4x4 ഹാർഡ്‌വെയർ ഉപയോഗശൂന്യമാണ്.

എന്തായാലും ഫോഴ്‌സും ഈ തന്ത്രം പയറ്റുന്നത് അവരുടെ വിൽപ്പന കണക്കുകൾ വർധിപ്പിക്കാനും സഹായിച്ചേക്കുമെന്നാണ് അനുമാനം. ഗൂർഖയെ കൂടുതൽ വൈവിധ്യമാർന്നതും യൂസർ ഫ്രണ്ട്ലിയാക്കുന്നതിനുമുള്ള നവീകരണങ്ങൾ ഉണ്ടായിരുന്നിട്ടും ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡറിൻ്റെ വിൽപ്പന ശരിക്കും ഉയർന്നില്ല. ഇതിന്റെ കാരണം 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വില തന്നെയാവാനാണ് സാധ്യത.
4x4 ഡ്രൈവ്ട്രെയിൻ, മാനുവൽ ട്രാൻസ്ഫർ കേസ്, ഡിഫറൻഷ്യൽ ലോക്കുകൾ എന്നിവ ഇല്ലാതാക്കിയാൽ 4x2 ഗൂർഖ കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയാവും. എന്നാൽ ഥാറിന് കിട്ടിയ നികുതിയിളവൊന്നും ഫോഴ്‌സിന്റെ എസ്‌യുവിക്ക് ലഭിക്കില്ല എന്നതിനാൽ വില എത്രത്തോളം കുറയുമെന്നത് കണ്ടറിയണം. കോംപാക്ട് ക്ലാസിനുള്ള പരമാവധി എഞ്ചിൻ ശേഷി പാലിക്കാത്തതിനാൽ 4x2 ഗൂർഖയ്ക്ക് നികുതി ഇളവുകളൊന്നും ലഭിക്കില്ല.

1.5 ലിറ്ററിന് മുകളിലുള്ള വാഹനങ്ങൾക്ക് നികുതിയിളവില്ല. ഗൂർഖയാവട്ടെ 140 bhp കരുത്തുള്ള 2.6 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് വരുന്നത്. കൂടാതെ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ നൽകൂവെന്നതിനാൽ ഓട്ടോമാറ്റിക് പ്രേമികളും വാഹനത്തിൽ നിന്നും ഇനിയും അകലം പാലിക്കാനാണ് സാധ്യത. ഗൂർഖ 4x2 ഫോർ-സീറ്റർ കോൺഫിഗറേഷനിൽ ഫോർവേഡ് ഫേസിംഗ് റിയർ സീറ്റുകളോടെയാവും വരിക.
ഡിസൈനിലൊന്നും മാറ്റമുണ്ടാവാനും സാധ്യതയില്ല. ഗൂര്‍ഖ ബാഡ്ജുള്ള ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള റെട്രോ-സ്റ്റൈല്‍ സര്‍കുലാര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മധ്യഭാഗത്ത് ചെറിയ എയര്‍ ഡാമോടുകൂടിയ ബ്ലാക്ക് ഫ്രണ്ട് ബമ്പര്‍, റൗണ്ട് ഫോഗ് ലാമ്പുകള്‍, 10 സ്പോക്ക് ഡിസൈനുള്ള 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകൾ, ഫാക്ടറി ഫിറ്റഡ് സ്നോര്‍ക്കല്‍, ടെയില്‍ഗേറ്റ് മൗണ്ടഡ് സ്പെയര്‍ വീല്‍, ഒരു ചെറിയ ലാഡര്‍, എല്‍ഇഡി ടെയി ല്‍ലൈറ്റുകള്‍ എന്നിവയെല്ലാം അതേപടി എക്സ്റ്റീരിയറിലുണ്ടാവും.
9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീൻ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റർ, മാനുവല്‍ എസി, ടില്‍റ്റ്, ടെലിസ്‌കോപിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റ്, പവര്‍ വിന്‍ഡോകള്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയായിരിക്കും ഇന്റീരിയറിലെ പ്രധാന ഫീച്ചറുകൾ. 140 bhp കരുത്തിൽ 320 Nm torque നൽകുന്ന 2.6 ലിറ്റര്‍ 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാവും തുടിപ്പേകാനായി എത്തുക.


Click it and Unblock the Notifications








