ഫോർഡിന്റെ വക ഇന്ത്യക്കാർക്ക് വീണ്ടും പണി, 2025 ജനുവരി മുതൽ ഈ സേവനങ്ങളും കിട്ടില്ലെന്ന് കമ്പനി
ഇന്ത്യക്കാരോടും ഇന്ത്യൻ വിപണിയോടും സലാം പറഞ്ഞ് നാടുവിട്ടവരാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ്. നിർമാണവും കച്ചോടവും എല്ലാം അവസാനിപ്പിച്ച് ഗുഡ്ബൈ പറഞ്ഞ് പടിയിറങ്ങിയിട്ട് മൂന്ന് വർഷത്തോളമായെങ്കിലും ഫോർഡിന്റെ തിരിച്ചുവരവിനായി കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്ന വണ്ടിഭ്രാന്തൻമാരും നമുക്കിടയിലുണ്ടാവും. ജീവിതത്തില്‍ ഒരു തവണയെങ്കിലും ഫോര്‍ഡിന്റെ കാറുകളോടിച്ചിട്ടുള്ളവര്‍ക്കറിയാം അമേരിക്കൻ ബ്രാൻഡിന്റെ മഹത്വം. ഉഗ്രൻ ബിൽഡ് ക്വാളിറ്റിയും റൈഡിംഗ് നിലവാരവും എല്ലാം ബ്ലൂ ഓവലിന്റെ കാറുകളുടെ പ്രത്യേകതകളാണ്. രാജ്യത്തെ തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചുവെങ്കിലും വരുന്ന 10 കൊല്ലത്തേക്ക് സർവീസ്, പാർട്‌സ്, വാറണ്ടി പിന്തുണ എന്നിവ കമ്പനി തുടർന്നും നൽകുമെന്നായിരുന്നു വാഗ്‌ദാനം.
സർവീസ് സെന്ററുകളിൽ പലതിനും നേരത്തെ തന്നെ പൂട്ട് വീണിരുന്നുവെങ്കിലും കമ്പനി ഇവികളിലൂടെ തിരികെയെത്തുമെന്ന വാർത്തകളെല്ലാം ഇന്ത്യൻ ഫാൻസിന് ആശ്വാസമേകുന്നതായിരുന്നു. എന്നാൽ ഇപ്പോഴിതാ ചെറിയൊരു പണിയുമായി ഫോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 2025 ജനുവരി 1 മുതൽ ഫോർഡ്‌പാസ് സേവനങ്ങൾ അവസാനിപ്പിക്കാൻ പോവുകയാണെന്ന അറിയിപ്പാണ് ബ്രാൻഡിൽ നിന്നും പുറത്തുവരുന്നത്.

അതായത് ഫോർഡ് പാസ് എന്നത് കമ്പനിയുടെ കാർ ഉടമകൾക്ക് നൽകി വന്നിരുന്ന കണക്റ്റഡ് കാർ സേവനമായിരുന്നുവെന്ന് ചുരുക്കി പറയാം. വാഹനവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇതിലൂടെ നിയന്ത്രിക്കാൻ ഉടമകൾക്കാവുമായിരുന്നു. ഫോർഡ്‌പാസ് ആപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് അവരുടെ കാറുകൾ വിദൂരമായി നിയന്ത്രിക്കാൻ അനുവദിച്ചിരുന്ന നിരവധി സവിശേഷതകളും സൗകര്യങ്ങളുമാണ് വാഗ്‌ദാനം ചെയ്‌തിരുന്നത്.
ആൻഡ്രോയിഡ്, iOS ആപ്പ് സ്റ്റോറുകളിൽ കാണുന്ന ഫോർഡിൻ്റെ കണക്റ്റഡ് കാർ സ്യൂട്ടാണ് ഫോർഡ്‌പാസ് . ഫോർഡ് കാർ ഉടമകൾക്ക് അവരുടെ കണക്റ്റഡ് കാർ സാങ്കേതികവിദ്യ പ്രാപ്‌തമാക്കിയ വാഹനം അവരുടെ സ്‌മാർട്ട്‌ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാനും സമഗ്രമായ ഇൻഫോർമാറ്റിക്‌സ് നേടാനും കഴിയും. റിമോട്ട് ലോക്ക്/അൺലോക്ക്, വെഹിക്കിൾ ലൊക്കേറ്റർ, വെഹിക്കിൾ ഹെൽത്ത് അലേർട്ടുകൾ തുടങ്ങിയ ഫീച്ചറുകളാണ് ഇതിലൂടെ ഉപയോഗിക്കാനായിരുന്നത്.

കൂടാതെ ഫ്യുവൽ ലെവലും ഡിസ്റ്റൻസ് ടു എംടി, OTA അപ്‌ഡേറ്റുകൾ, എഞ്ചിൻ ഓയിൽ ലെവൽ, എഞ്ചിൻ ഓയിൽ ലൈഫ്, ഓഡോമീറ്റർ അനുബന്ധ ട്രിപ്പ് കമ്പ്യൂട്ടർ വിവരങ്ങൾ, വെഹിക്കിൾ ഓതറൈസേഷൻ, സർവീസും മെയിന്റനെൻസും, എക്സ്റ്റൻഡഡ് വാറണ്ടി, പാർട്‌സുകളുടെ ലഭ്യത, യൂസർ മാനുവൽ, ക്വിക്ക് ഡെമോ വീഡിയോകൾ, റോഡ് സൈഡ് അസിസ്റ്റൻസ്, ബുക്കിംഗ് ടെസ്റ്റ് ഡ്രൈവുകൾ എന്നിവ പോലുള്ള സേവനങ്ങളും ഫോർഡ്‌പാസിലൂടെ ആക്‌സസ് ചെയ്യാൻ സാധിക്കുമായിരുന്നു.
ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) സെൻസറുകൾ ഘടിപ്പിച്ച ഫോർഡ് വാഹനങ്ങളിലെ ടയർ പ്രഷറും ഫോർഡ്പാസ് ആപ്പിലൂടെ ആക്‌സസ് ചെയ്യാനാവുമായിരുന്നു. ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് ഫീച്ചറും വാഗ്‌ദാനം ചെയ്‌തിരുന്നു. ഈ സൗകര്യങ്ങളെല്ലാം ഉടമകൾക്ക് 2025 ജനുവരി 1 മുതൽ നഷ്‌ടപ്പെടും. എന്തായാലും ഈയൊരു തീരുമാനം വല്ലാത്ത തിരിച്ചടിയാണെന്നത് പറയാതെ വയ്യ.

ഫോർഡിൻ്റെ സമഗ്രമായ കണക്റ്റഡ് കാർ സ്യൂട്ട് വിടപറയുന്നത് തീരാനഷ്‌ടമായേ കണക്കാക്കാനാവൂ. ആൻഡ്രോയിഡ് അല്ലെങ്കിൽ iOS ഉപകരണത്തിൽ ഫോർഡ്‌പാസ് ആപ്പ് ഉപയോഗിക്കാമായിരുന്നു. എന്നാൽ 2020 മുതലുള്ള മോഡലുകളിലാണ് കമ്പനി ഈ സേവനം നൽകി വന്നിരുന്നത്. 2020-ൽ ബിഎസ്-VI വാഹനങ്ങൾക്കായാണ് ഫോർഡ്പാസ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. സേനവം ആരംഭിച്ച് വെറും 4 വർഷത്തിനുള്ളിൽ ഫോർഡ് ഉടമകൾക്ക് ഈ സംവിധാനത്തിനോട് വിടപറയാം.
ഫോർഡ് ഉടമകൾക്ക് ഡിസംബർ 31 വരെ ഫോർഡ്പാസ് ആപ്പ് ഉപയോഗിക്കാമെന്നാണ് അമേരിക്കൻ വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആപ്പ് സ്റ്റോറുകളിൽ നിന്ന് ഫോർഡ്പാസ് നീക്കം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ സേവനം നിർത്തലാക്കാൻ കാരണമായത് ആഗോള പ്ലാറ്റ്‌ഫോം പരിവർത്തനമാണെന്നാണ് ഫോർഡിന്റെ അവകാശവാദം. ആപ്പ് പ്രവർത്തനക്ഷമമാവുമെങ്കിലും ഇത് വാഹനത്തെ നേരിട്ട് ബാധിക്കില്ലെന്നതാണ് കമ്പനി പറയുന്നത്.


Click it and Unblock the Notifications








