എൻഡവറല്ല, വരുന്നത് എവറസ്റ്റ് എസ്‌യുവി; ഫോർച്യൂണറിനെ തളയ്ക്കാൻ ഫോർഡിന്റെ കുങ്കിയാന
ഇന്ത്യൻ വിപണിയിൽ നിന്നും ഫോർഡ് ഗുഡ്ബൈ പറഞ്ഞ് പടിയിറങ്ങിയിട്ട് രണ്ട് വർഷത്തോളമായെങ്കിലും ഇന്നും വാഹനപ്രേമികളുടെ മനസിലെ വിങ്ങലായി ബ്രാൻഡ് തുടരുകയാണ്. ഇക്കോസ്പോർട്ടും ഫിഗോയും എൻഡവറും പോലുള്ള തട്ടുപൊളിപ്പൻ വണ്ടികൾ സമ്മാനിച്ചവർ പെട്ടന്ന് നിർത്തുകയാണെന്ന തീരുമാനം ഉപയോക്താക്കളെയും തെല്ലൊന്നുമല്ല വലച്ചത്. പക്ഷേ സർപ്രൈസായി റീഎൻട്രിക്ക് ഒരുങ്ങുന്നതായുള്ള വാർത്തകളും അടുത്തിടെ പ്രചരിച്ചിരുന്നു.
ചെന്നൈ പ്ലാന്റ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് വിൽക്കാനുള്ള കരാർ അവസാനിപ്പിക്കാൻ ഫോർഡ് തീരുമാനിച്ചതോടെ തിരിച്ചുവരവിനുള്ള സാധ്യത ശരിവെക്കുകയും ചെയ്‌തിരുന്നു. പക്ഷേ ഇന്ത്യയിൽ പ്രാദേശികമായി വണ്ടികൾ നിർമിക്കാൻ അമേരിക്കൻ ബ്രാൻഡിന് ഉദ്ദേശമൊന്നുമില്ല. പകരം സമ്പുർണ ഇറക്കുമതിയായി ചില മോഡലുകൾ കൊണ്ടുവരാനാണ് ഫോർഡ് ശ്രമിക്കുന്നത്. ഇതിൽ ഏറ്റവും പ്രതീക്ഷയോടെ ആളുകൾ കാത്തിരിക്കുന്നത് എൻഡവറിനെയാണ്.

ശക്തനായ എതിരാളികളില്ലാതെ ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിൽ അപരാജിതനായി കുതിക്കുന്ന ടൊയോട്ട ഫോർച്യൂണറിന്റെ അന്തകനായി വീണ്ടും എൻഡവർ എത്തുമ്പോൾ സംഗതി കളറാവുമെന്ന് ഉറപ്പാണ്. പക്ഷേ ചെറിയൊരു ട്വിസ്റ്റുണ്ടെന്ന് മാത്രം. എൻഡവർ എന്ന പേരിന് പകരം ആഗോളതലത്തിൽ അറിയപ്പെടുന്ന എവറസ്റ്റ് എന്ന പേരിൽ തന്നെയാവും എസ്‌യുവിയുടെ വരവ്. മുമ്പ് എവറസ്റ്റ് മറ്റൊരു സ്ഥാപനം ട്രേഡ് മാർക്ക് ചെയ്തതിനാലാണ് കമ്പനിക്ക് ഉപയോഗിക്കാൻ സാധിക്കാതെ പോയിരുന്നത്.
അങ്ങനെയാണ് എൻഡവർ എന്ന പേര് ഇന്ത്യയിൽ എസ്‌യുവിക്ക് ലഭിക്കുന്നത്. ഇപ്പോൾ എവറസ്റ്റ് നാമത്തിൻ്റെ അവകാശം ഫോർഡ് സ്വന്തമാക്കിയെന്നാണ് വിവരം. യഥാർഥ പേരിലേക്ക് വാഹനം മാറുന്നത് എസ്‌യുവിയുടെ അവതരണം ലളിതമാക്കാൻ സഹായിക്കും. കാരണം കമ്പനിക്ക് പുതിയ ബാഡ്ജുകൾ, ലോഗോകൾ, നെയിംപ്ലേറ്റുകൾ എന്നിവ വികസിപ്പിക്കുന്നതിനും പ്രാദേശികവൽക്കരിക്കുന്നതിനും നിക്ഷേപം നടത്തേണ്ടതില്ല. നേരിട്ട് തന്നെ വണ്ടി ഇന്ത്യയിലെത്തിക്കുകയും വിപണനം ചെയ്യുകയും ചെയ്യാം.

തുടക്കത്തിൽ ഇറക്കുമതിയായാവും (കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റ്) പുറത്തിറങ്ങുകയെങ്കിലും കാര്യമായ ഡിമാന്റ് ഉണ്ടെങ്കിൽ ഭാവിയിൽ എവറസ്റ്റ് (Everest) ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കാനും ഫോർഡിന് ഉദ്ദേശമുണ്ട്. നിലവിൽ അവതരണത്തിന്റെ ഭാഗമായി എസ്‌യുവിയുടെ പരീക്ഷണയോട്ടം നടത്തുകയാണ് കമ്പനി. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും കൊതിപ്പിക്കുന്ന ലുക്കാണ് വാഹനത്തിനുണ്ടാവുക.
മൂന്ന് നിരകളുള്ള ലാഡർ ഫ്രെയിം എസ്‌യുവിയുടെ ആകാരം മൊത്തത്തിൽ ബോക്‌സി സ്റ്റൈലായിരിക്കും. മുൻവശത്ത് വലിയ ഗ്രില്ലും അതിന്റെ മധ്യഭാഗത്ത് തിരശ്ചീനമായി പോവുന്നൊരു ബാറും പുതിയ മാട്രിക്‌സ് എൽഇഡി ഹെഡ്‌ലൈറ്റുകളുമാണ് ഇടംപിടിക്കുക. C-ആകൃതിയിലുള്ള ഡിആർഎല്ലുകളും എവറസ്റ്റിനെ മിഴിവുറ്റതാക്കുന്നുണ്ട്. പിന്നിലേക്ക് വന്നാൽ ഇൻവേർട്ടഡ് സ്റ്റൈലുള്ള L-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളാണ് ശ്രദ്ധേയമാവുക.

എവറസ്റ്റിൻ്റെ ഇന്റീരിയർ കണ്ടാലും ഫോർച്യൂണർ കുലുങ്ങും. ഫോർഡിൻ്റെ ഏറ്റവും പുതിയ SYNC ഇൻഫോടെയ്ൻമെൻ്റ് സോഫ്‌റ്റ്‌വെയർ പ്രവർത്തിക്കുന്ന 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 12.4 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 3 സ്‌പോക്ക് ലെതർ എൻകേസ്ഡ് സ്റ്റിയറിംഗ് വീൽ പോലുള്ള കാര്യങ്ങളെല്ലാം ഇതിലുണ്ടാവും. വിദേശത്ത് എവറസ്റ്റിനൊപ്പം ലഭ്യമായ ADAS സാങ്കേതികവിദ്യയും 9 എയർബാഗുകൾ ഉൾപ്പെടുന്ന സ്റ്റാൻഡേർഡ് സേഫ്റ്റി കിറ്റും എസ്‌യുവിക്കുണ്ടാവും.
ഫോർഡ് എൻഡവറിലെ ADAS ലെവൽ 2 ടെക്കിൽ പ്രീ-കൊളിഷൻ അസിസ്റ്റ്, ഇൻ്റർസെക്ഷൻ അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ് തുടങ്ങിയ നൂതന സുരക്ഷാ ഉപകരണങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇനി എഞ്ചിൻ ഓപ്ഷനിലേക്ക് നോക്കിയാൽ എവറസ്റ്റിന് 170 bhp കരുത്തിൽ 405 Nm torque വരെ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ സിംഗിൾ ടർബോ ഡീസൽ എഞ്ചിനാവും ലഭിക്കുക.

സെലക്‌ട് ഷിഫ്റ്റിനൊപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ 210 bhp കരുത്തിൽ പരമാവധി 500 Nm torque നൽകുന്ന 2.0 ലിറ്റർ ബൈ-ടർബോ ഡീസൽ എഞ്ചിനും എവറിസ്റ്റിനൊപ്പം നൽകുന്നുണ്ട്. പക്ഷേ ഇതിൽ ഏതാവും നമ്മുടെ നിരത്തുകളിലേക്ക് എത്തുകയെന്ന് മാത്രം ഇപ്പോൾ പ്രവചിക്കാനാവില്ല. കൂടാതെ 4×2, 4×4 ഓപ്ഷനുകളും വാഹനത്തിൽ വാഗ്‌ദാനം ചെയ്തേക്കും.
കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റ് (CBU) മോഡലാവുമ്പോൾ ടോപ്പ് സ്പെക്ക് വേരിയന്റിൽ മാത്രം വരുന്ന എഡവറിന് 60 ലക്ഷം രൂപയിൽ കൂടുതൽ ഓൺ-റോഡ് വില മുടക്കേണ്ടി വരും. അതായത് നിലവിലെ ടൊയോട്ട ഫോർച്യൂണറിനേക്കാൾ വില കൂടുതലായിരിക്കുമെന്ന് സാരം. ആഭ്യന്ത തലത്തിൽ തന്നെ ഉത്പാദനമോ അസംബ്ലിംഗോ നടന്നാൽ അതൊരു മികച്ച തീരുമാനമായിരിക്കും എന്നതിൽ സംശയമൊന്നും വേണ്ട. ഇത് ഭാവിയിലേക്ക് കരുതിവെച്ചിരിക്കുന്ന പദ്ധതിയായതിനാൽ വില തുടക്കത്തിൽ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതേയില്ല.


Click it and Unblock the Notifications








