വരുന്നത് ടാറ്റയുടെ ഫ്യൂസ് ഊരാനോ? 600 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് കാറുമായി ഫോർഡ് ഇന്ത്യയിലേക്ക്
ലാഭമില്ലാത്തതിനാൽ ഇന്ത്യയിൽ നിന്നും കെട്ടുകെട്ടി പോയവരാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ്. നിർത്തിപ്പോയ മറ്റൊരു കമ്പനിക്കും കിട്ടാതെ പോയ സ്നേഹം ഇന്നും ഫോർഡിന് ഇന്ത്യക്കാർ നൽകുന്നുണ്ടെന്ന് വേണം പറയാൻ. ജനപ്രിയരായിരുന്ന ഫിയറ്റും ഷെവർലെയും എല്ലാം പോയിട്ടും വണ്ടിഭ്രാന്തൻമാർ ഇത്ര കണ്ണീരണിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം. പക്ഷേ ഇന്ത്യയില്‍ തിരിച്ചുവരവിനു സൂചന നല്‍കിയിരിക്കുകയാണ് ഫോർഡ്.
കമ്പനിയുടെ ചെന്നൈയിലെ പ്ലാന്റ് ജെഎസ്‌ഡബ്ല്യു ഗ്രൂപ്പിന് വില്‍ക്കാനുള്ള കരാര്‍ റദ്ദാക്കിയതിലൂടെയാണ് ഫോര്‍ഡ് ഇന്ത്യ വിടുന്നില്ലെന്ന സൂചന ശക്തമായത്. തുടർന്ന് എൻഡവർ എസ്‌യുവിക്ക് പേറ്റന്റ് നൽകിയതോടെ തിരിച്ചുവരവിന് സാധ്യത തെളിയുകയും ചെയ്‌തു. ഇതിനു പിന്നാലെ ഇപ്പോഴിതാ ഒരു ഇലക്ട്രിക് കാറിന്റെ പേറ്റന്റ് കൂടി നേടിയിരിക്കുകയാണ് ബ്രാൻഡ്. വിപണിയിൽ താങ്ങാനാവുന്ന വിലയ്ക്ക് ഫോർഡ് ഒരു പുതിയ ഇവി പ്ലാറ്റ്‌ഫോം തയാറാക്കിവരികയാണിപ്പോൾ.

അതായത് എൻഡവറിന് പുറമെ ഒരു ഇലക്‌ട്രിക് വാഹനവും ഫോർഡ് ഇന്ത്യയിൽ കൊണ്ടുവരാൻ പോവുകയാണെന്നാണ് ഇതിനർഥം. ഇതിന്റെ ഭാഗമായി മസ്‌താംഗ് മാക്-ഇ കോംപാക്‌ട് ക്രോസ്ഓവർ ഇലക്ട്രിക് എസ്‌യുവിയുടെ ട്രേഡ്‌മാർക്ക് ഫയലിംഗും കമ്പനി പൂർത്തിയാക്കി കഴിഞ്ഞു. നിലവിൽ ബജറ്റ് ഇവി രംഗത്ത് ടാറ്റ മോട്ടോർസാണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ആഡംബര വാഹന രംഗത്ത് കൂടുതൽ ഇവികൾ കടന്നുവരുന്നുണ്ട്.
ഹ്യുണ്ടായി അയോണിക് 5, കിയ EV6 പോലുള്ള പ്രീമിയം വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത ഫോർഡിന് പ്രചോദനമായിട്ടുണ്ട്. എന്തായാലും ഒരു കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി (CBU) മസ്‌താംഗ് മാക്-ഇ ഇറക്കുമതി ചെയ്യാനാണ് സാധ്യത. ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുകടക്കുന്ന സമയത്ത് കമ്പനി പുറത്തിറക്കിയ പ്രസ്താവനകൾ ശരിവെക്കുന്നതാവും ഈ ഇവിയുടെ വരവ്. നിലവിൽ ക്രോസ്ഓവർ ഇലക്ട്രിക് എസ്‌യുവിയുടെ അസംബ്ലി മെക്സിക്കോയിലും ചൈനയിലുമാണ് നടക്കുന്നത്.

ഡിമാന്റ് ഉണ്ടെങ്കിൽ മസ്‌താംഗ് മാക്-ഇ ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യാനും കമ്പനി ശ്രമിച്ചേക്കും. തുടക്കത്തിൽ ഇറക്കുമതി ചെയ്യുന്നതിനാൽ ഏകദേശം 70 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം. ഈ വില നിലവാരത്തിൽ കിയ EV6, വോൾവോ XC40 റീചാർജ്, ബിഎംഡബ്ല്യു i4, ബിഎംഡബ്ല്യു iX1 മുതലായ വമ്പൻമാരുമായാവും ഫോർഡിന് മത്സരിക്കേണ്ടി വരിക. ഇന്ത്യയെ ആഭ്യന്തര, കയറ്റുമതി വിപണികളുടെ ഒരു നിർമ്മാണ കേന്ദ്രമായി ഫോർഡ് പരിഗണിക്കാൻ സാധ്യതയുണ്ട്.
പക്ഷേ ഇതൊന്നും ഉടനടി നടന്നേക്കണമെന്നില്ല ഇന്ത്യയിൽ മുൻകാല അനുഭവങ്ങൾ ആവർത്തിക്കാൻ ഫോർഡ് കൃത്യമായ പ്ലാനിംഗായിരിക്കും നടപ്പിലാക്കുക. റിയർ-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനുകളോട് കൂടിയ 72 kWh, 91 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് മസ്‌താംഗ് മാക്-ഇ ഇപ്പോൾ ആഗോള വിപണികളിൽ ലഭ്യമാവുന്നത്. ഇതിലെ ബേസ് മോഡൽ 269 bhp കരുത്തിൽ പരമാവധി 430 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം വലിയ ബാറ്ററി പായ്ക്ക് വേരിയൻ്റിന് 294 bhp പവറിൽ 530 Nm torque നൽകാനാവും. ഒറ്റ ചാർജിൽ 600 കിലോമീറ്റർ വരെ റേഞ്ചാണ് ഫോർഡ് മത്‌താംഗ് മാക്-ഇ അവകാശപ്പെടുന്നത്. പെർഫോമൻസ് പ്രേമികൾക്കായി 487 bhp, 850 Nm torque എന്നിവ നൽകുന്ന ടോപ്പ്-സ്പെക്ക് ജിടി AWD ഓപ്ഷനും ഇലക്‌ട്രിക് എസ്‌യുവിയിലുണ്ട്. ഇന്ത്യയിൽ ഏതൊക്കെ വേരിയൻ്റുകളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഇതുവരെ അറിവായിട്ടില്ല.
ഇതിന് 489 കിലോമീറ്റർ റേഞ്ചാണ് കമ്പനി പറയുന്നത്. എന്തായാലും ഇന്ത്യയിൽ ഏതുതരം ഇവികൾക്കും സാധ്യതയുണ്ടെന്ന് ഈ കഴിഞ്ഞ കാലങ്ങളെല്ലാം തെളിയിച്ചതാണ്. അതിനാൽ രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങുമ്പോൾ മാക്-ഇ കമ്പനിക്ക് മുതൽക്കൂട്ടാവുമെന്ന് ഉറപ്പാണ്. 1995-ലാണ് ഫോര്‍ഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് ഐക്കണ്‍, ഫിയസ്റ്റ, ഫിഗോ, ഫ്യൂഷന്‍, എൻഡവർ, ഇക്കോസ്പോര്‍ട്ട് തുടങ്ങി നിരവധി ഇതിഹാസ വാഹനങ്ങൾ ഇന്ത്യക്ക് സമ്മാനിക്കാനും ഫോർഡിന് സാധിച്ചിട്ടുണ്ട്.
ആധുനിക കാലത്തിനൊത്ത് വാഹനങ്ങളെ പരിഷ്ക്കരിക്കാതിരുന്നതാണ് ഒരുപരിധി വരെ തോൽവി സമ്മതിക്കാൻ കാരണമായതെന്ന് പറയാം. ഫിഗോയും ഇക്കോസ്പോർട്ടും എൻഡവറും കുറച്ചുകൂടി മോഡേണാക്കിയിരുന്നെങ്കിൽ ഫോർഡിന്റെ ഭാവി തന്നെ വേറെ ലെവലാവുമായിരുന്നു. 2021 സെപ്റ്റംബറിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അമേരിക്കൻ വാഹന നിർമാതാക്കൾ അറിയിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷം തിരികെയെത്തിയാൽ ഫാൻസിന് അതൊരു ബലമാവും.


Click it and Unblock the Notifications








