നിവൃത്തിയില്ലാതെ ഹോണ്ടയും ആ തീരുമാനം എടുത്തു, നടപ്പിലാക്കുക ജനുവരി മുതൽ; പുതിയ അമേസിനും ബാധകം
അന്തസ് എന്ന വാക്ക് കേൾക്കുമ്പോഴേ പലർക്കും ആദ്യം ഓർമ വരുന്ന മുഖം സിനിമ നടൻ മുകേഷിന്റേതാവും. ആ ഫോൾ കോൾ റെക്കോർഡിംഗ് കേട്ട മലയാളികളാരും തന്നെ അന്തസെന്ന വാക്ക് ജീവിതത്തിൽ മറക്കാനിടയുണ്ടാവില്ല. എന്നാൽ വാഹനങ്ങളുടെ കാര്യങ്ങളിലേക്ക് വരുമ്പോൾ ഈയൊരു രണ്ടക്ഷരം ഏറ്റവും കൂടുതൽ യോജിക്കുന്ന കമ്പനിയായിരിക്കും ഹോണ്ട. സിറ്റി സെഡാനിലൂടെ പടുത്തുയർത്തിയ ഇമേജ് ഒന്ന് വേറെ തന്നെയാണ്. കാലം ഏറെയായി വിപണിയിലുണ്ടെങ്കിലും ഇന്നും പലരും സിറ്റിയെ സ്റ്റാറ്റസ് സിമ്പലായാണ് കണക്കാക്കുന്നത് തന്നെ. വീടിന്റെ മുറ്റത്തൊരു ഹോണ്ട കാറുണ്ടെങ്കിൽ അതിന്റെ അന്തസ് ഒന്ന് വേറെ തന്നെയാണ്.
പണ്ട് ബ്രിയോ പോലെ ചെറിയ ബജറ്റിൽ വരെ കാറുകൾ പുറത്തിറക്കിയിരുന്ന ഹോണ്ടയുടെ എൻട്രി ലെവൽ മോഡലിന് പോലും 8 ലക്ഷം രൂപയോളം എക്സ്ഷോറൂം വില മുടക്കേണ്ട അവസ്ഥയാണ്. പക്ഷേ കൊടുക്കുന്ന കാശിന് വണ്ടികൾ മുതലാണെന്നതിൽ തർക്കമൊന്നും വേണ്ട. പുതുവർഷത്തോട് അനുബന്ധിച്ച് രാജ്യത്തെ വാഹന നിർമാതാക്കളെല്ലാം വില വർധനവ് നടപ്പിലാക്കുന്ന സമയമാണിത്.

ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ്, സിട്രൺ, ജീപ്പ്, മഹീന്ദ്ര, കിയ, എംജി, ടൊയോട്ട തുടങ്ങിയ വമ്പൻമാരെല്ലാം ഇതിനോടകം വില വർധനവ് നടപ്പിലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയിതാ നിവൃത്തിയില്ലാതെ ഹോണ്ടയും ആ തീരുമാനം എടുത്തു കഴിഞ്ഞിരിക്കുകയാണ്. മോഡൽ നിരയിൽ വില പരിഷ്ക്കാരം കമ്പനി 2025 ജനുവരി 1 മുതൽ നടപ്പിലാക്കും.
ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ അമേസ് സബ് കോംപാക്‌ട് സെഡാൻ ഉൾപ്പെടെ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മോഡലുകൾക്കും വില വർധന ബാധകമാണെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഡിസംബർ നാലിനാണ് അമേസ് വിപണിയിലെത്തിയതെങ്കിലും വില ഉയർത്താതെ വേറെ തരമില്ലെന്നാണ് കമ്പനിയുടെ വാദം. ഇത് വിൽപ്പനെയേയും ബുക്കിംഗിനേയും ബാധിക്കുമോയെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

കഷ്ടിച്ച് രണ്ടാഴ്ച മുമ്പ് പുറത്തിറക്കിയ പുതിയ അമേസ് സെഡാന് വിലക്കയറ്റത്തിൽ നിന്ന് രക്ഷപ്പെടാനാവാത്തത് എന്തായാലും ആശങ്കാജനകമാണ്. ജനുവരി രണ്ടാം വാരത്തോടെ പുതിയ മൂന്നാം തലമുറ അമേസിനും വില പരിഷ്‌കരണം ഉണ്ടാകുമെന്ന് ഹോണ്ട അറിയിച്ചു. നിലവിൽ 8 ലക്ഷം രൂപ മുതൽ 10.90 ലക്ഷം രൂപ വരെയാണ് കോംപാക്‌ട് സെഡാന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ഇതുവരെ കാറിന്റെ ഡെലിവറിയും ഹോണ്ട ആരംഭിച്ചിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്തായാലും ഒരാൾ വാങ്ങാൻ തീരുമാനിക്കുന്ന മോഡലുകളെ ആശ്രയിച്ച് വില വർധനവ് വ്യത്യാസപ്പെടും. ഹോണ്ട നിലവിൽ പുതുതലമുറ അമേസിന് പുറമെ സിറ്റി, എലിവേറ്റ് മോഡലുകളാണ് ഇന്ത്യയിൽ വിപണനം ചെയ്യുന്നത്. ഇൻപുട്ട് സാമഗ്രികളുടെ വില വർധിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ നിർമാണച്ചെലവ് മൊത്തത്തിൽ താളംതെറ്റിയിരിക്കുകയാണ്.

ഇക്കാരണത്താലാണ് ഹോണ്ടയും വിലക്കയറ്റം നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇൻപുട്ട് ചെലവുകളും ലോജിസ്റ്റിക്‌സ് ചെലവുകളും തുടർച്ചയായി വർധിക്കുന്നതിനാൽ ഈ ആഘാതത്തിൻ്റെ ഒരു ചെറിയ ഭാഗം പുതിയ വർഷം മുതൽ വില പരിഷ്‌കരണത്തിലൂടെ ഉപഭോക്താക്കളിലേക്ക് കൈമാറുമെന്ന് ഹോണ്ട കാർസ് ഇന്ത്യയുടെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡൻ്റ് കുനാൽ ബെൽ പറഞ്ഞു.
V, VX, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് അമേസ് വിപണിയിലെത്തിയിരിക്കുന്നത്. മുഖ്യശത്രുവായ മാരുതി സുസുക്കി ഡിസയർ അടുത്തിടെ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയപ്പോൾ ഇതിനെ മറികടക്കാൻ ADAS ടെക് അമേസിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് ഹോണ്ട ചെക്ക് വെച്ചിരിക്കുന്നത്. അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം ലഭിക്കുന്ന രാജ്യത്തെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ കാറാണ് ഇതിപ്പോൾ.
1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനോടെയാണ് ഹോണ്ട അമേസ് വാങ്ങാനാവുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായി വരുന്ന എഞ്ചിന് 90 bhp കരുത്തിൽ പരമാവധി 110 Nm torque വരെ നൽകാനുമാവും. 3 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയും അമേസിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം എക്സ്റ്റൻഡഡ് വാറണ്ടി പായ്ക്ക് 7 വർഷത്തേക്കും അൺലിമിറ്റഡ് കിലോമീറ്ററുകളിലേക്കും ലഭ്യമാണ്.


Click it and Unblock the Notifications








