എലിവേറ്റിനും സിറ്റിക്കും പിടിച്ചുനിൽക്കാനായില്ല, പോയ മാസത്തെ വിൽപ്പനയിൽ നഷ്‌ടക്കച്ചോടവുമായി ഹോണ്ട
ജാപ്പനീസ് കാറുകൾ എന്താണെന്ന് ഇന്ത്യക്കാർക്ക് കാട്ടിക്കൊടുത്ത വാഹന നിർമാണ കമ്പനിയാണ് ഹോണ്ട. സിറ്റി, സിവിക് പോലുള്ള സെഡാൻ മോഡലുകളിലൂടെ രാജ്യത്ത് വേരുറപ്പിച്ച ബ്രാൻഡ് മൊത്തത്തിൽ അടിപൊളിയാണ്. സിറ്റിയും അമേസും മാത്രം വെച്ച് ആഭ്യന്തര വിപണിയിൽ പിടിച്ചുനിന്ന ഹോണ്ട പിന്നീട് എലിവേറ്റ് എന്ന എസ്‌യുവിക്കും രൂപംകൊടുത്ത് ജീവൻ നിലനിർത്തി. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾക്ക് എത്രത്തോളം ഡിമാന്റുണ്ടെന്ന് അന്നായിരിക്കും ഹോണ്ട പഠിച്ചതെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. പിന്നീട് വിൽപ്പന റോക്കറ്റ് പോലെയാണ് കൂടിയത്. ഒരൊറ്റ എഞ്ചിൻ ഓപ്ഷൻ മാത്രമാണുള്ളതെങ്കിലും എലിവേറ്റ് വാങ്ങാൻ ആളുകൾ എത്തുന്നുണ്ട്.
ഒരിടയ്ക്ക് റോക്കറ്റ് പോലെ കയറിയ വിൽപ്പന പതിയെ താഴ്ന്ന് വരുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാനാവുന്നത്. 2024 ഒക്ടോബറിലെ വിൽപ്പന കണക്കുകൾ പുറത്ത് വിടുമ്പോഴും സമാനമായ രീതിയിലാണ് ഹോണ്ടയുടെ പോക്ക്. 2024 ഒക്ടോബറിൽ മൊത്തം 10,080 യൂണിറ്റ് വിൽപ്പനയാണ് ജാപ്പനീസ് ബ്രാൻഡിന് നേടാനായത്. 2023 ഒക്ടോബറിൽ നടത്തിയ 13,083 യൂണിറ്റുകളുടെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക കണക്കിൽ 23 ശതമാനം ഇടിവാണ് കമ്പനി നേരിട്ടിരിക്കുന്നത്.

രാജ്യമെമ്പാടുമുള്ള ഉത്സവ സീസൺ ആരവങ്ങൾക്കിടയിലും എലിവേറ്റ് അപെക്‌സ് എഡിഷൻ പോലുള്ള പ്രത്യേക വേരിയന്റുകളുടെ വരവും ഒന്നും തന്നെ ഹോണ്ടയെ സഹായിക്കാനായിട്ടില്ലെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹോണ്ടയുടെ 10,080 യൂണിറ്റ് മൊത്ത വിൽപ്പനയുടെ 5,546 യൂണിറ്റുകളാണ് ഇന്ത്യൻ നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 9,400 യൂണിറ്റുകളെ അപേക്ഷിച്ച് ആഭ്യന്തര വിൽപ്പനയിൽ 41 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നിരുന്നാലും 2023 ഒക്ടോബറിൽ വിറ്റ 3,683 യൂണിറ്റിൽ നിന്ന് ഒക്ടോബറിൽ കയറ്റുമതി 4,534 യൂണിറ്റായി വളർന്നത് ഹോണ്ടയെ സംബന്ധിച്ച് ആശ്വാസമേകുന്ന സംഗതിയാണ്. മാസാടിസ്ഥാനത്തിലുള്ള കണക്കുകളിലേക്ക് നോക്കിയാൽ ഈ വർഷം സെപ്റ്റംബറിലെ 10,911 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്‌താലും ഹോണ്ടയുടെ വിൽപ്പന കുറഞ്ഞുവെന്ന് കാണാം. ഇതിൽ ആഭ്യന്തര വിൽപ്പനയിൽ 5,675 യൂണിറ്റുകളും കയറ്റുമതിയിൽ 5,236 യൂണിറ്റുകളും ഉൾപ്പെടുന്നതായിരുന്നു.

ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് നിലവിൽ അമേസ്, സിറ്റി, എലവേറ്റ് എന്നീ മൂന്ന് മോഡലുകളാണ് ഇന്ത്യയിൽ വിപണനത്തിന് എത്തിക്കുന്നത്. ഒക്ടോബറിൽ നവരാത്രി, ദുർഗാപൂജ, ദസറ, ധന്തേരാസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾക്കൊപ്പമുള്ള ഉത്സവ സീസൺ വിൽപ്പന പ്രതീക്ഷകൾ നിലനിർത്തിയെന്ന് ഹോണ്ട കാർസ് ഇന്ത്യ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡൻ്റ് കുനാൽ ബെൽ പറഞ്ഞു.
ഉടൻ തന്നെ ജനപ്രിയനായ അമേസിന്റെ പുതുതലമുറ ആവർത്തനത്തെ വിപണിയിലെത്തിക്കാനുള്ള നീക്കവും ഹോണ്ട ആരംഭിച്ചിട്ടുണ്ട്. സിറ്റിക്കും എലിവേറ്റിനും അടിവരയിടുന്ന പ്ലാറ്റ്‌ഫോമിൻ്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും വരാനിരിക്കുന്ന ഹോണ്ട അമേസും ഉപയോഗിക്കുകയെന്നാണ് വിവരം. പക്ഷേ ഇതിൽ മാറ്റങ്ങളുമുണ്ടാവുമെന്നത് പ്രത്യേകം ഓർമിപ്പിക്കാം. ലുക്കിലും വർക്കിലും ആള് പരിഷ്ക്കാരിയായിരിക്കും.

എന്നിരുന്നാലും എഞ്ചിൻ നിലവിലെ കോംപാക്‌ട് സെഡാന് സമാനമായിരിക്കും. അതായത് 90 bhp പവറിൽ പരമാവധി 110 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.2 ലിറ്റർ, ഫോർ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും മൂന്നാം തലമുറ അമേസിനും തുടിപ്പേകാനെത്തുകയെന്ന് സാരം. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്കും കമ്പനി അണിനിരത്തും.
നിലവിൽ 7.20 ലക്ഷം മുതൽ 9.96 ലക്ഷം രൂപ വരെ വിലയുള്ള അമേസിൻ്റെ എക്‌സ്ഷോറൂം വിലയിലും മാറ്റമുണ്ടായേക്കാം. പുതുതലമുറ അമേസിന് ശേഷം എലിവേറ്റിന്റെ ഇലക്ട്രിക് മോഡലായിരിക്കും ഹോണ്ട ഇന്ത്യയുടെ നിരയിൽ നിന്നും വിപണനത്തിന് എത്തുക. ഇലക്ട്രിക് വാഹനത്തിനായി നിലവിലുള്ള എലിവേറ്റ് പ്ലാറ്റ്‌ഫോമിൽ ഹോണ്ട ചില മാറ്റങ്ങൾ വരുത്തും. വരാനിരിക്കുന്ന എലിവേറ്റ് ഇവിയുടെ ഔദ്യോഗിക ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും നിലവിലെ പതിപ്പിന്റെ അടിസ്ഥാന രൂപം തന്നെയായിരിക്കും ഇവിയിലുമുണ്ടായിരിക്കുക.
ഇലക്ട്രിക് എസ്‌യുവിയിൽ ഫ്രണ്ട് ആക്‌സിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറിനൊപ്പം ഏകദേശം 40-50 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പായ്ക്ക് അവതരിപ്പിക്കാനാണ് സാധ്യതയുള്ളത്. അങ്ങനെയെങ്കിൽ ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം റേഞ്ച് വരെ നൽകാൻ പുതിയ ഹോണ്ട എലിവേറ്റ് ഇലക്ട്രിക് എസ്‌യുവിക്ക് സാധിക്കും. ഹ്യുണ്ടായി ക്രെറ്റ ഇവി, മാരുതി eVX, ടാറ്റ കർവ് ഇവി തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും എലിവേറ്റിന്റെ വൈദ്യുത പതിപ്പ് മാറ്റുരയ്ക്കുക.


Click it and Unblock the Notifications








