വിലകൂടിയെന്ന് കരുതി ബേജാറാവണ്ട, എലിവേറ്റ് വരെ വിലക്കുറവിൽ വാങ്ങാൻ പറ്റും; അന്തസുള്ള ഓഫറുമായി ഹോണ്ട
എലിവേറ്റിന്റെ (Elevate) വരവോടെ പുതുജീവൻ കിട്ടിയ ഹോണ്ട വിപണിയിൽ വമ്പൻ നീക്കങ്ങളുമായി എതിരാളികളെ വരെ വിറപ്പിക്കുകയാണിപ്പോൾ. അതിനിടയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയായ എലിവേറ്റിന് വരെ ഓഫറും ഡിസ്കൗണ്ടുമിട്ട് ജീപ്പനീസ് വാഹന നിർമാതാക്കൾ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിലാണ്.
2024 ഏപ്രിൽ മാസം ഹോണ്ട കാറുകൾ വാങ്ങാനെത്തുന്ന ഉപഭോക്താക്കൾക്ക് വമ്പൻ ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പരമാവധി ഡിസ്കൗണ്ടുകളോടെ അമേസ് വിപണനം ചെയ്യുമ്പോൾ ഏറെ ജനപ്രിയരായ സിറ്റിക്കും എലിവേറ്റിനും വരെ കിടിലൻ ഓഫറുകളാണ് ബ്രാൻഡ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. ഇനി അതിന്റെ വിശദാംശങ്ങളിലേക്ക് വരാം. ഹോണ്ടയുടെ കോംപാക്‌ട് സെഡാൻ മോഡലായ അമേസിന് 83,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഈ മാസം കിട്ടുന്നത്.

ഇതിൽ 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കിൽ 12,349 രൂപ വരെയുള്ള ആക്‌സസറികളുമായി ഹോണ്ട അമേസ് ഏപ്രിൽ മാസം വീട്ടിലെത്തിക്കാം. സ്റ്റോക്കുള്ള സെഡാന്റെ ബേസ് E വേരിയന്റിന് 5,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കിൽ 6,298 രൂപയുടെ ആക്‌സസറികൾ ലഭിക്കും. ഇതുകൂടാതെ പ്രത്യേക കോർപ്പറേറ്റ് കിഴിവായി 20,000 രൂപയും കമ്പനി ഒരുക്കിയിട്ടുണ്ട്. ഓഫറുകളുടെ പൂരം കഴിഞ്ഞില്ല.
ഹോണ്ട അമേസിന് മേൽപറഞ്ഞ കിടിലൻ ആനുകൂല്യങ്ങൾക്ക് പുറമെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 3,000 രൂപ, കൺസ്യൂമർ ലോയൽറ്റി ബോണസായി 4,000 രൂപ, കാർ എക്സ്ചേഞ്ച് ബോണസായി 10,000 രൂപ, ഹോണ്ട കാർ എക്സ്ചേഞ്ച് ബോണസായി 6,000 രൂപ എന്നിവയും സെഡാൻ വാങ്ങാനെത്തുന്നവർക്ക് ഏപ്രിൽ മാസം ഉപയോഗപ്പെടുത്താനാവും. അമേസ് എലൈറ്റ് എഡിഷൻ എന്നറിയപ്പെടുന്ന പ്രത്യേക പതിപ്പും വിപണനത്തിന് എത്തിക്കുന്നുണ്ട്. ഇത് തെരഞ്ഞെടുക്കുന്നവർക്ക് 30,000 രൂപ വരെ ആനുകൂല്യങ്ങളും ലഭിക്കുന്നണ്ട്.

ഹോണ്ട സിറ്റിയുടെ ഓഫറുകളിലേക്ക് വന്നാൽ പ്രീമിയം സെഡാന് 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കിൽ 10,897 രൂപ വരെയുള്ള ആക്‌സസറികളും ബ്രാൻഡ് വാഗ്ദാനം ചെയ്യും. ZX പതിപ്പിന് 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കിൽ 16,296 രൂപയുടെ ആക്‌സസറികളും വാങ്ങാനെത്തുന്നവരുടെ താത്പര്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാൻ അവസരമുണ്ട്. കൂടാതെ 15,000 രൂപ കാർ എക്‌സ്‌ചേഞ്ച് ബോണസും ഉപയോഗപ്പെടുത്താം.
അതോടൊപ്പം അധികമായി കാർ എക്‌സ്‌ചേഞ്ച് ബോണസാി 10,000 രൂപ, കസ്റ്റമർ ലോയൽറ്റി ബോണസായി 4,000 രൂപ, ഹോണ്ട കാർ എക്സ്ചേഞ്ച് ബോണസായി 6,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 5,000 രൂപ എന്നിവയും ഹോണ്ട സിറ്റിക്കൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രീമിയം സെഡാന്റെ എലഗന്റ് എഡിഷൻ എന്നറിയപ്പെടുന്ന സ്പെഷ്യൽ പതിപ്പാണ് നോക്കുന്നതെങ്കിൽ 36,500 രൂപയുടെ ആനുകൂല്യങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഹോണ്ടയുടെ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന എലിവേറ്റ് എസ്‌യുവിയിൽ 'സെലിബ്രേഷൻ ഓഫർ' എന്ന പേരിൽ 19,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഏപ്രിൽ മാസത്തേക്കായി ജാപ്പനീസ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെ വില കൂട്ടിയ മോഡലിന് ഇപ്പോൾ 11.69 ലക്ഷം മുതൽ 16.51 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. വില വർധനവ് പണിയായല്ലോയെന്ന് വിചാരിച്ചിരിക്കുന്നവർക്ക് ആശ്വാസമേകുന്നതാണ് ഈ ആനുകൂല്യങ്ങൾ.
വേരിയന്റിനെ ആശ്രയിച്ച് 40,000 രൂപ വരെയാണ് ഹോണ്ട എലിവേറ്റിനായി വർധിപ്പിച്ചത്. എസ്‌യുവിയുടെ V, VX പതിപ്പുകൾക്കാണ് 40,000 രൂപയുടെ ഏറ്റവും ഉയർന്ന വില വർധനവ് ലഭിച്ചിരിക്കുന്നത്. തുടർന്ന് എൻട്രി ലെവൽ SV വേരിയന്റിന് 33,000 രൂപയുടെ പരിഷ്ക്കാരവും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. എലിവേറ്റ് ZX മാനുവൽ പതിപ്പിന് 31,000 രൂപയുടെ പരിഷ്ക്കാരമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം V CVT, VX CVT എന്നിവയ്ക്ക് ഇപ്പോൾ 30,000 രൂപ വില കൂടിയിട്ടുണ്ടെന്നും ഹോണ്ട അറിയിച്ചു.

എലിവേറ്റ്, സിറ്റി, അമേസ് എന്നീ കാറുകളിൽ അധിക സേഫ്റ്റി ഫീച്ചറുകളും കൂട്ടിച്ചേർത്ത് ഹോണ്ട അടുത്തിടെ പരിഷ്ക്കരിച്ചിരുന്നു. എലിവേറ്റ്, സിറ്റി, അമേസ് എന്നീ മോഡലുകളിലേക്ക് ആറ് എയർബാഗുകൾ, ത്രീ-പോയിൻ്റ് എമർജൻസി ലോക്കിംഗ് റിട്രാക്ടർ (ELR) സീറ്റ് ബെൽറ്റുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളാണ് ഹോണ്ട സമ്മാനിച്ചത്. എന്തായാലും അടക്കടി വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ കമ്പനി കാണിക്കുന്ന പ്രത്യേക താത്പര്യം വിൽപ്പനയിലും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications








