അന്തസോടെ കാർ വാങ്ങാൻ പറ്റിയ സമയം ഇതാണ്, 1.11 ലക്ഷം രൂപയുടെ കൊതിപ്പിക്കുന്ന ഓഫറുമായി ഹോണ്ട
വലിയ എസ്‌യുവികളും എക്‌സിക്യൂട്ടീവ് സെഡാൻ മോഡലുകളുമെല്ലാം പുറത്തിറക്കി രാജകീയമായ തുടക്കമാണ് ഇന്ത്യയിൽ ഹോണ്ട നേടിയെടുത്തത്. പിന്നീട് സെഡാനുകളുടെ അവസാനവാക്കായി ഹോണ്ട മാറിയതും ചരിത്രമായിരുന്നു. പിന്നീട് എസ്‌യുവികൾ വിപണി പിടിച്ചപ്പോൾ സിറ്റിയിലേക്കും അമേസിലേക്കും ചുരുങ്ങിയ കമ്പനിയുടെ നില പരുങ്ങലിലായിരുന്നു. പക്ഷേ കൃത്യസമയത്ത് എലിവേറ്റിനെ കൊണ്ടുവന്ന് എതിരാളികൾക്ക് മറുപടി കൊടുക്കാനും കമ്പനിക്കായി.
വിൽപ്പന മുന്നോട്ട് കുതിക്കുമ്പോൾ നില മെച്ചപ്പെടുത്താനായി മോഡൽ നിരയിൽ ഗംഭീര ഓഫറുകളും ആനുകൂല്യം കൊടുക്കാനും ഹോണ്ട പ്രത്യേക മനസ് കാണിക്കുന്നുണ്ട്. ഫെബ്രുവരി മാസത്തേക്കായി ഹോണ്ട കാർസ് തങ്ങളുടെ മോഡലുകളിലുടനീളം ഡിസ്‌കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. ഈ മാസം അവസാനം വരെ അവതരിപ്പിച്ചിരിക്കുന്ന ഓഫറിനു കീഴിൽ ഒരു ലക്ഷം രൂപയിലധികം രൂപയാണ് ലാഭിക്കാനാവുന്നത്.

കാർ നിർമാക്കളുടെ മുൻനിര സെഡാനുകളായ സിറ്റി, അമേസ് എന്നിവയിലാണ് ഫെബ്രുവരി മാസത്തെ ഓഫറുകൾ ഉപയോഗപ്പെടുത്താനാവുക. കഴിഞ്ഞ വർഷം പുറത്തിറക്കിയ എലിവേറ്റ് എസ്‌യുവിയും സിറ്റിയുടെ ഹൈബ്രിഡ് പതിപ്പും ഈ മാസത്തെ ആനുകൂല്യങ്ങൾക്കായി ഉൾപ്പെടുത്തിയിട്ടില്ല. ഈ മാസം 1.11 ലക്ഷം രൂപയാണ് സിറ്റി പെട്രോൾ മോഡൽ വാങ്ങിയാൽ പോക്കറ്റിലിരിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ വരെ നിർമിച്ച സിറ്റി സെഡാനുകൾക്ക് 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കിൽ 26,947 രൂപയുടെ സൗജന്യ ആക്‌സസറികൾ ഈ ആനുകൂല്യങ്ങളിലൂടെ ഉപയോഗപ്പെടുത്താനാവും. കൂടാതെ 2023 മോഡലുകൾക്ക് 15,000 രൂപ വരെ കാർ എക്സ്ചേഞ്ച് ബോണസും ലഭിക്കും. 4,000 രൂപയുടെ കസ്റ്റമർ ലോയൽറ്റി ബോണസ്, 6,000 രൂപ വരുന്ന എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ മൂല്യമുള്ള കോർപ്പറേറ്റ് ഡിസ്‌കൗണ്ടും സിറ്റി സെഡാൻ വാങ്ങുന്നവരെ കാത്തിരിപ്പുണ്ട്.

20,000 മൂല്യമുള്ള പ്രത്യേക കോർപ്പറേറ്റ് ഡിസ്‌കൗണ്ട് തുടങ്ങിയ പ്രോത്സാഹനങ്ങളോടെയുള്ള ഫ്ലാറ്റ് ഡിസ്‌കൗണ്ടുകളും ഹോണ്ട സിറ്റിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ജനുവരിയിലോ അതിനു ശേഷമോ നിർമിച്ച സിറ്റി സെഡാനുകൾക്ക് കമ്പനി 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കിൽ 16,296 രൂപ വിലയുള്ള സൗജന്യ ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നുണ്ട്. 10,000 രൂപയുടെ കാർ എക്സ്ചേഞ്ച് ബോണസും അധികമായി കിട്ടും.
ഇതുകൂടാതെ ഉടമസ്ഥാവകാശം ലഘൂകരിക്കുന്നതിനായി എക്സ്റ്റൻഡഡ് വാറണ്ടി ഓഫറുകളും ഫെബ്രുവരി മാസത്തെ ഓഫറിനു കീഴിൽ ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. സെഡാൻ്റെ VX, ZX വേരിയൻ്റുകൾക്ക് ഇവ ബാധകമാണ്. നാലാമത്തെയും അഞ്ചാമത്തെയും വർഷത്തേക്ക് വാറൻ്റി എടുക്കുന്നതിന് 13,651 രൂപയുടെ ഇൻസെൻ്റീവും കമ്പനി നൽകുന്നുണ്ട്. സിറ്റിയുടെ എലഗൻ്റ് എഡിഷൻ തെരഞ്ഞെടുക്കുന്നവർക്ക് 36,500 രൂപയുടെ സ്പെഷ്യൽ എഡിഷൻ ആനുകൂല്യവും ജാപ്പനീസ് ബ്രാൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹോണ്ട അമേസ് സബ് കോംപാക്ട് സെഡാൻ വാങ്ങുമ്പോളും കിടിലൻ ലാഭമാണ് സ്വന്തമാക്കാനാവുന്നത്. ഈ മാസം അവസാനത്തിന് മുമ്പ് അമേസ് വാങ്ങാൻ എത്തുന്നവർക്ക് 92,000 രൂപ വരെ കിഴിവാണ് വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. കാറിന്റെ വേരിയൻ്റുകളിലുടനീളം 27,000 രൂപ വരെയുള്ള ഫ്ലാറ്റ് ഡിസ്‌കൗണ്ടും ഓഫറിൽ ഉൾപ്പെടുന്നുണ്ട്. ഈ ഇടപാടിൻ്റെ ഭാഗമായി 20,000 രൂപയുടെ പ്രത്യേക കോർപ്പറേറ്റ് കിഴിവും, 3,000 രൂപയുടെ അധിക കോർപ്പറേറ്റ് ആനുകൂല്യവും, 4,000 രൂപയുടെ കസ്റ്റമർ ലോയൽറ്റി ബോണസും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.
ഇവ കൂടാതെ 2023 മോഡൽ അമേസ് മോഡലുകൾക്ക് 36,346 രൂപ വരെ ഡിസ്‌കൗണ്ടാണ് ഹോണ്ട ഒരുക്കിയിട്ടുള്ളത്. ജനുവരിക്ക് മുമ്പ് നിർമിച്ചിരിക്കുന്ന എല്ലാ മോഡലുകളുടെയും S വേരിയൻ്റിന് 30,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കിൽ 36,346 രൂപയുടെ സൗജന്യ ആക്‌സസറികൾ ലഭിക്കും. E വേരിയന്റാണ് വാങ്ങുന്നതെങ്കിൽ 12, 349 രൂപയുടെ സൗജന്യ ആക്‌സസറികളം 10,000 ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം വീട്ടിലെത്തിക്കാം.

അമേസിന്റെ VX വേരിയൻ്റിനും എലൈറ്റ് എഡിഷനും 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടായി അല്ലെങ്കിൽ സൗജന്യ ആക്‌സസറികളുടെ രൂപത്തിൽ 24,346 രൂപയും ആനുകൂല്യമായി ഉപയോഗപ്പെടുത്താനാവും. 2023 മോഡൽ സെഡാന്റെ S വേരിയൻ്റിന് 20,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കിൽ 24,346 രൂപയുടെ സൗജന്യ ആക്‌സസറികൾ ലഭിക്കും. സെഡാൻ്റെ മറ്റെല്ലാ വകഭേദങ്ങൾക്കും സൗജന്യ ആക്‌സസറികളുടെ രൂപത്തിൽ 10,000 രൂപ അല്ലെങ്കിൽ 12,349 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും.
2024 അമേസാണ് നോക്കുന്നതെങ്കിൽ 10,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. അമേസിൻ്റെ എലൈറ്റ് എഡിഷന് 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 30,000 രൂപ വരെ വിലയുള്ള സ്‌പെഷ്യൽ എഡിഷൻ ഓഫറും ലഭിക്കും. അങ്ങനെ മൊത്തത്തിൽ ഫെബ്രുവരി മാസം ഹോണ്ട കാർ സ്വന്തമാക്കാൻ പറ്റിയ മാസമാണ്. സിറ്റി ഹൈബ്രിഡിനും എലിവേറ്റിനും ഓഫറുകളൊന്നുമില്ലെങ്കിലും ഷോറൂമിൽ ആളെ കയറ്റാൻ ഈ പ്രഖ്യാപനം മതിയാവും.


Click it and Unblock the Notifications








