പെട്രോൾ അടിക്കേണ്ട ആവശ്യമേയില്ല, ഹൈഡ്രജനിൽ ഓടുന്ന എസ്‌യുവിയുമായി ഹോണ്ട
ഏത് ദുർഘട പാതകളും അനായാസം തരണം ചെയ്യുന്ന സൂപ്പർ ഹീറോകളായിരുന്നു ഒരുകാലത്ത് എസ്‌യുവികൾ. പക്ഷേ ഇന്നത്തെ കാലത്ത് അൽപം ഉയർന്ന ഗ്രൌണ്ട് ക്ലിയറൻസും സീറ്റിംഗ് പൊസിഷനുമുണ്ടെങ്കിൽ അതിനെയെല്ലാം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ ഗണത്തിൽ പെടുത്തുന്നതാണ് ട്രെൻഡ്. റഫ് ആന്റ് ടഫ് ലുക്കിൽ നിന്ന് മാറി ലൈഫ് സ്റ്റൈൽ മോഡലുകളായതോടെ ഏവർക്കും എസ്‌യുവികൾ സ്വന്തനമാക്കാനാണ് ഇഷ്‌ടം.
ഇക്കാലത്ത് എസ്‌യുവിയില്ലെന്നും പറഞ്ഞ് പലരും മാറ്റി നിർത്തിയ ബ്രാൻഡായിരുന്നു ഹോണ്ട. ജാപ്പനീസ് ബ്രാൻഡിന്റെ ഭൂതകാലം അറിയാത്തവരായിരിക്കും കൂടുതൽ. സിറ്റി, അമേസ്, സിവിക്ക് പോലുള്ള സെഡാൻ മോഡലുകൾ മാത്രം പരിചയമുള്ളവർക്ക് അത്ര പെട്ടന്നൊന്നും CR-V എന്ന തട്ടുപൊളിപ്പൻ എസ്‌യുവിയെ ഓർമയുണ്ടാവില്ല. പ്രീമിയം ലക്ഷ്വറി മോഡലുകളിലെ മികച്ചൊരു വാഹനമായിരുന്നു പിൽക്കാലത്ത് ഹോണ്ട CR-V.

കരുത്തും സ്റ്റൈലും ഹോണ്ടയുടെ വിശ്വാസ്യതയും കോർത്തിണക്കിയ എസ്‌യുവിക്ക് കാര്യമായി ശോഭിക്കാനായില്ലെന്നതാണ് സത്യം. കാലത്തിനും മുമ്പേ വിപണിയിലെത്തിയ വാഹനം എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. ഇന്ന് എലിവേറ്റിലൂടെയാണ് എസ്‌യുവി വിഭാഗത്തിൽ ഹോണ്ട പിടിച്ചുനിൽക്കുന്നതെങ്കിലും ആഗോളതലത്തിൽ ഇന്നും CR-V കളംനിറഞ്ഞുനിൽപ്പുണ്ട്. ദേ ഇപ്പോൾ ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന CR-V എസ്‌യുവിയുടെ പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചിരിക്കുകയാണ് കമ്പനി.
ഹൈഡ്രജൻ ഫ്യുവൽ സെല്ലും ബാറ്ററി പായ്ക്കും ഉപയോഗിച്ചാണ് ഈ പ്രൊട്ടോടൈപ്പിനെ പണികഴിപ്പിച്ചിരിക്കുന്നത്. ഇത് ഹൈഡ്രജൻ ഇന്ധനത്തിലോ പൂർണമായും ഇലക്ട്രിക് മോഡിലോ പ്രവർത്തിക്കാൻ വാഹനത്തെ പ്രാപ്തമാക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം ഹോണ്ട കാർസ് ഈ വർഷാവസാനം ജപ്പാനിൽ ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതിക വിദ്യയോടെ CR-V അവതരിപ്പിക്കുമെന്നാണമ റിപ്പോർട്ടുകൾ. പിന്നീട് അമേരിക്കയിലും എസ്‌യുവി എത്താൻ സാധ്യതയുണ്ട്.

ഹോണ്ട CR-V ഫ്യുവൽ-സെൽ ഇലക്ട്രിക് വെഹിക്കിൾ അല്ലെങ്കിൽ FCEV പതിപ്പ് ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്യുവൽ സെല്ലുള്ള ഇടത്തരം ശേഷിയുള്ള ബാറ്ററി പായ്ക്ക് കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ ബാറ്ററികൾ അതിൻ്റെ ഫ്യൂവൽ സെൽ പ്രവർത്തനക്ഷമമാക്കാതെ തന്നെ പൂർണമായും ഇലക്ട്രിക് വാഹനമായി പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യും. ഹൈഡ്രജൻ ഇന്ധനം നിറയ്ക്കാൻ സമീപത്ത് സ്ഥലങ്ങളൊന്നും ഇല്ലെങ്കിൽ ഒരു പരിധിവരെ റേഞ്ച് ഉത്കണ്ഠ ഒഴിവാക്കാൻ സഹായിക്കുന്ന കാര്യമാണിത്.
ആഗോളതലത്തിൽ ഈ എസ്‌യുവിയുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പ് ഉപയോഗിക്കുന്ന ബാറ്ററിക്ക് 17.7 kWh ശേഷിയുണ്ടെന്നാണ് ഹോണ്ട പറയുന്നത്. ഇത് ഇലക്ട്രിക് മോഡിൽ 81 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ അനുവദിക്കുന്നു. എക്സ്റ്റേണൽ ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് ചാർജ് നൽകാൻ ശേഷിയുള്ള വെഹിക്കിൾ ടു ലോഡിന് (V2L) ശേഷി ലഭിക്കാൻ ബാറ്ററി അനുവദിക്കുമെന്നും ഹോണ്ട വെളിപ്പെടുത്തിയിട്ടുണ്ട്.

CR-V എസ്‌യുവിയുടെ ഹൈഡ്രജൻ പ്രോട്ടോടൈപ്പ് പ്രവർത്തിപ്പിക്കുന്ന ബാറ്ററി ഉപയോഗിച്ച് ഒരു വ്യക്തി തൻ്റെ കോഫി മേക്കർ ഉപയോഗിക്കുന്നത് ടീസർ വീഡിയോയിൽ കമ്പനി കാണിക്കുന്നുമുണ്ട്. ഡിസൈനിൻ്റെ കാര്യത്തിൽ CR-V ഹൈഡ്രജൻ എസ്‌യുവി ആഗോള വിപണിയിൽ വിൽക്കുന്ന സ്റ്റാൻഡേർഡ് മോഡലിൽ നിന്നും അല്പം വ്യത്യസ്തമാണ്. പുതിയ സെറ്റ് ടെയിൽ ലൈറ്റുകളും ഇടതുവശത്തെ ഫ്രണ്ട് ഫെൻഡറിൽ സ്ഥാപിച്ചിരിക്കുന്ന ചാർജിംഗ് പോർട്ടുമാണ് ഏറ്റവും പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങൾ.
റിപ്പോർട്ടുകൾ പ്രകാരം പ്രതിവർഷം CR-V ഹൈഡ്രജൻ ഫ്യൂവൽ സെൽ എസ്‌യുവിയുടെ 2,000 യൂണിറ്റുകൾ നിർമിക്കാനാണ് ഹോണ്ട കാർസ് ഇപ്പോൾ പദ്ധതിയിടുന്നത്. 2021-ൽ നിർത്തലാക്കിയ ക്ലാരിറ്റിക്ക് പകരമായി ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഹരിതമാകാനുള്ള ബദൽ ഇന്ധന പരിഹാരമായി ഹൈഡ്രജൻ ഫ്യൂവൽ സെൽ കാറുകളെ ഹോണ്ട നേരത്തെ വാദിച്ചിരുന്നു. ഫ്യുവൽ സെൽ സംവിധാനം നിർമിക്കുന്നതിന് മൂന്നിൽ രണ്ട് ചെലവ് കുറവും ഇവികളേക്കാൾ ഇരട്ടി ഈടുമാണ് ഹോണ്ട അവകാശപ്പെടുന്നത്.

നിലവിൽ CR-V ഹൈബ്രജൻ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഹോണ്ടയ്ക്ക് പദ്ധതികളൊന്നുമില്ല. ഹിറ്റായ എലിവേറ്റിന്റെ ഓൾ-ഇലക്ട്രിക് വകഭേദമായിരിക്കും ഇതിനു പകരമായി കമ്പനി ആഭ്യന്തര വിപണിക്കായി സമ്മാനിക്കുക. മിഡ്-സൈസ് എസ്‌യുവിയുടെ പിൻബലത്തോടെ കഴിഞ്ഞ മാസം ഇന്ത്യയില്‍ മൊത്തം 8,681 കാറുകളാണ് ഹോണ്ട വിറ്റഴിച്ചത്. പോയ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികം വളര്‍ച്ചയാണ് കമ്പനി 2024 ജനുവരിയില്‍ രേഖപ്പെടുത്തിയത്.


Click it and Unblock the Notifications








