എലിവേറ്റും സിറ്റിയും അമേസും വിലക്കുറവിൽ വാങ്ങാം, 1.14 ലക്ഷത്തിന്റെ അന്തസുള്ള ഓഫറുമായി ഹോണ്ട
ഒരുപിടി നല്ല കാറുകൾ ഇന്ത്യക്കാർക്ക് സമ്മാനിച്ച് ജനകീയനായ വാഹന നിർമാതാക്കളാണ് ഹോണ്ട (Honda). സിറ്റി, സിവിക്, അമേസ്, ബ്രിയോ, BR-V, CR-V, എലിവേറ്റ് അങ്ങനെ ജാപ്പനീസ് ബ്രാൻഡിന്റെ കിടിലൻ മോഡലുകളുടെ ലിസ്റ്റ് ഇങ്ങനെ നീളും. സെഡാനുകളായിരുന്നു ഹോണ്ട എക്കാലത്തെയും സൂപ്പർ ഹിറ്റുകളെങ്കിലും യൂട്ടിലിറ്റി വാഹനങ്ങളും ഹാച്ച്ബാക്കുകളും തങ്ങൾക്ക് നിർമിക്കാൻ അറിയാമെന്ന് ഇന്ത്യക്കാരെ ബോധ്യപ്പെടുത്താനും കമ്പനിക്കായിട്ടുണ്ട്. ഇപ്പോൾ എസ്‌യുവികൾ ട്രെൻഡായപ്പോൾ എലിവേറ്റിലൂടെ വേറിട്ടുനിൽക്കാനും ഹോണ്ടയ്ക്ക് സാധിക്കുന്നുണ്ട്. ഉത്സവ സീസൺ ഇങ്ങടുക്കുമ്പോൾ വിൽപ്പന കൂട്ടാനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കാനും ബ്രാൻഡ് മറന്നില്ല.
ഓണം പോലുള്ള ആഘോഷ നാളുകൾ പടിവാതിലിൽ എത്തി നിൽക്കുമ്പോൾ 2024 സെപ്റ്റംബർ മാസത്തേക്കായി മോഡൽ നിരയിൽ ഗംഭീര ഓഫറുകളും അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. തങ്ങളുടെ എല്ലാ മോഡലുകൾക്കും വലിയ ഡിസ്‌കൗണ്ടാണ് ഓണത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ആനുകൂല്യങ്ങളിൽ ക്യാഷ് ഡിസ്കൗണ്ടുകൾ, ലോയൽറ്റി, എക്സ്ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് സ്കീമുകൾ എന്നിവയെല്ലാം ഒരുക്കിയാണ് ഹോണ്ട കാത്തിരിക്കുന്നത്.

ഈ മാസം പുതിയ ഹോണ്ട എലിവേറ്റ്, സിറ്റി, സിറ്റി ഹൈബ്രിഡ്, അമേസ് എന്നിവയിൽ ലഭ്യമാവുന്ന ഓഫറുകൾ എന്തെല്ലാമെന്ന് നോക്കിയാലോ? അതിന് മുമ്പ് ഒരുകാര്യം കൂടി ഓർമപ്പെടുത്താം. ഈ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഓരോ സ്ഥലത്തേയും നഗരത്തേയും അനുസരിച്ച് വ്യത്യാസപ്പെടാനും സാധ്യതയുണ്ട്. കൂടാതെ സ്റ്റോക്കിൻ്റെ ലഭ്യതയ്ക്ക് വിധേയവുമാണ് ഹോണ്ടയുടെ ഓഫറുകൾ. കൃത്യമായ കാര്യങ്ങളറിയാൻ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.
ഹോണ്ട എലിവേറ്റ്: വേരിയന്റിനെ ആശ്രയിച്ച് എലിവേറ്റിൽ ഈ മാസം 75,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. 6 എയർബാഗുകൾ, ത്രീ-പോയിൻ്റ് ELR സീറ്റ് ബെൽറ്റുകൾ, അഞ്ച് സീറ്റുകൾക്കുള്ള സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവ ഉൾപ്പെടെയുള്ള അധിക സുരക്ഷാ സാങ്കേതികതകളോടെ എസ്‌യുവി ഏപ്രിലിൽ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.

ഈ അപ്‌ഡേറ്റിന് മുമ്പ് നിർമിച്ച മോഡലുകൾക്ക് മാത്രമേ മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾ ബാധകമാകൂ. കൂടാതെ പുതുക്കിയ വേരിയന്റുകൾക്ക് 65,000 രൂപ വരെ ഡിസ്‌കൗണ്ടുകളും ലഭിക്കും. ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും എതിരാളിയായ എലിവേറ്റിന് 11.91 ലക്ഷം മുതൽ 16.51 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഓഫറിടുന്നതോടെ വാഹനം വാങ്ങാൻ ആളുകൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹോണ്ട സിറ്റി: മിഡ്-സൈസ് സെഡാനെ അധിക സുരക്ഷാ ഫീച്ചറുകളോടെ ഹോണ്ട അടുത്തിടെ പരിഷ്ക്കരിക്കുകയുണ്ടായി. എലിവേറ്റിനെ പോലെ ഈ അപ്‌ഡേറ്റിന് മുമ്പ് നിർമിച്ച മോഡലുകളുടെ വിറ്റഴിക്കാത്ത സ്റ്റോക്കുകൾക്കാണ് കമ്പനി ഓഫറിട്ടിരിക്കുന്നത്. അതും ഈ മാസം വാങ്ങുകയാണെങ്കിൽ 1.14 ലക്ഷം രൂപ വരെയാണ് ലാഭിക്കാനാവുന്നത്. ഇനി എല്ലാ സജ്ജീകരണങ്ങളുമുള്ള പുതുക്കിയ പതിപ്പ് മതിയെങ്കിൽ 94,000 രൂപ വരെ ഓഫർ ലഭിക്കും.

ഹോണ്ട സിറ്റി ഹൈബ്രിഡ്: സിറ്റിയുടെ മൈലേജുള്ള ഹൈബ്രിഡ് സെഡാൻ വാങ്ങുന്നവരെ ഈ മാസം കാത്തിരിക്കുന്നത് 70,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും കോംപ്ലിമെൻ്ററിയായി 20,000 രൂപയുടെ 3 വർഷത്തെ സർവീസ് പാക്കേജുമാണ്. 19 ലക്ഷം രൂപ മുതൽ വിലയുള്ള സിറ്റി ഹൈബ്രിഡിന് വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ലെന്നതിനാൽ വാങ്ങിയിട്ടാൽ മുതലാണ് കേട്ടോ. രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഇ-സിവിടി ഗിയർബോക്സും ഘടിപ്പിച്ച 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം.
ഹോണ്ട അമേസ്: കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കോംപാക്‌ട് സെഡാന്റെ ആനുകൂല്യങ്ങൾ 12,000 രൂപ വരെ ഉയർന്നിട്ടുണ്ട്. അമേസ് VX, എലൈറ്റ് വേരിയൻ്റുകളിൽ 1.12 ലക്ഷം രൂപ വരെയും S വേരിയൻ്റിൽ മൊത്തം 82,000 രൂപ വരെയും എൻട്രി ലെവൽ E വേരിയൻ്റിന് 72,000 രൂപ വരെയും മൂല്യമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. മാരുതി ഡിസയർ, ഹ്യുണ്ടായി ഓറ എന്നിവയുമായി മത്സരിക്കുന്ന അമേസിന് ഈ വർഷം അവസാനത്തോടെ പുതുതലുറ മോഡലും കമ്പനി സമ്മാനിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








