പഴയ വിലയ്ക്ക് ഹോണ്ടയുടെ വണ്ടിയിനി കിട്ടില്ല, 90 ദിവസത്തിന് ശേഷം ആ കടുത്ത തീരുമാനം വീണ്ടുമെടുത്ത് കമ്പനി
എസ്‌യുവികളില്ലെങ്കിൽ വിൽപ്പന പിടിക്കാൻ ലേശം പാടാണെന്ന കാര്യം തെളിയിച്ചവരാണ് നമ്മുടെ ഹോണ്ട. സെഡാൻ മോഡലുകൾ മാത്രം പുറത്തിറക്കി പിടിച്ചു നിൽക്കാനുള്ള ശ്രമങ്ങൾ ഇടക്കുണ്ടായെങ്കിലും അധികകാലം ഇതൊന്നും വിലപ്പോവില്ലെന്ന് മനസിലായതോടെയാണ് എലിവേറ്റ് എന്ന മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് ഹോണ്ട ജൻമം കൊടുക്കുന്നത്. പിന്നീട് ഷോറൂമിൽ വണ്ടി വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിലും വമ്പൻ വർധനവാണുണ്ടായത്.
ഹ്യുണ്ടായി ക്രെറ്റയും മാരുതി ഗ്രാൻഡ് വിറ്റാരയുമെല്ലാം അരങ്ങുവാഴുന്ന വിഭാഗത്തിൽ എലിവേറ്റ് ഉണ്ടാക്കിയെടുത്ത ഓളം ചെറുതല്ലെന്നു വേണം പറയാൻ. കോലാഹലങ്ങളുള്ള ഡിസൈനും എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളുടെ നീണ്ടനിരയില്ലാഞ്ഞിട്ടു പോലും ഹോണ്ടയുടെ മിഡ്-സൈസ് എസ്‌യുവി ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. കൂട്ടത്തിൽ ഈ മാസം മുതൽ വണ്ടിക്ക് ഓഫറും കൂടിയിട്ടതോടെ ആളുകളെല്ലാം ഡബിൾ ഹാപ്പിയാണ്.

എന്നാൽ ഇപ്പോഴിതാ മുഖത്തെ പുഞ്ചിരി മായ്ക്കുന്ന തീരുമാനവുമായി എത്തിയിരിക്കുകയാണ് ഹോണ്ടയിപ്പോൾ. 2024 ഏപ്രിൽ മുതൽ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ മോഡൽ ശ്രേണിയിലുടനീളം വില വർധിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജനുവരിയിൽ നടന്ന ആദ്യ വില വർധനവിന് ശേഷം ഈ വർഷം കാർ നിർമാതാക്കൾ നടപ്പിലാക്കാൻ പോവുന്ന രണ്ടാമത്തെ വില പരിഷ്‌ക്കാരമായിരിക്കും ഇത്.
പുതിയ സാമ്പത്തിക വർഷം ആരംഭിക്കാൻ പോവുന്നതിനാലാണ് ഈ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തോട് അനുബന്ധിച്ച് വിപണിയിലെ മറ്റ് നിർമാതാക്കളും സമാനമായ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോണ്ടയുടെ നിലവിലെ ഇന്ത്യയിലെ മോഡൽ നിരയിൽ അമേസ്, സിറ്റി, സിറ്റി ഹൈബ്രിഡ്, എലവേറ്റ് എന്നീ നാല് വാഹനങ്ങളാണ് ഉൾപ്പെടുന്നത്.

ഇതിൽ കോംപാക്‌ട് സെഡാനായ അമേസിന് 7.16 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം 11.58 ലക്ഷം രൂപ മുതലാണ് എലിവേറ്റിന് വില തുടങ്ങുന്നത്. സിറ്റി, സിറ്റി ഹൈബ്രിഡ് എന്നിവയുടെ എക്സ്ഷോറൂം വില യഥാക്രമം 11.71 ലക്ഷം രൂപ, 18.89 ലക്ഷം രൂപ എന്നിങ്ങനെയുമാണ് ആരംഭിക്കുന്നത്. 2024 ഏപ്രിൽ മുതൽ നടപ്പിലാക്കാൻ പോവുന്ന വില വർധനവിന്റെ അളവ് എത്രത്തോളമെന്ന് ജാപ്പനീസ് വാഹന നിർമാതാക്കൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇൻപുട്ട് ചെലവുകളിലേയും നിർമാണ ചെലവിലേയും വർധനവായിരിക്കാം പുതിയ വില പരിഷ്ക്കാരത്തിന് പിന്നിൽ പ്രവത്തിച്ചിട്ടുണ്ടാവുക. എന്നാൽ വരാനിരിക്കുന്ന മാസം വില കൂടുന്നതിനു മുമ്പ് ഹോണ്ട കാറുകളിൽ ഏതെങ്കിലും വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ ഏറ്റവും നല്ല സമയമാണിത് എന്നുവേണം പറയാൻ. കാരണം മാർച്ച് മാസത്തേക്കായി മോഡൽ നിരയിൽ ഗംഭീര ഡിസ്കൌണ്ട് ഓഫറുകൾ കമ്പനി ഒരുക്കിയിട്ടുണ്ട് എന്നതു തന്നെയാണ്.

അമേസ്, സിറ്റി എലിവേറ്റ് തുടങ്ങി വണ്ടികളിൽ ഈ മാസം കിട്ടുന്ന ഓഫറിലേക്ക് വന്നാൽ എലിവേറ്റ് 50,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. സിറ്റിക്കും അമേസിനും യഥാക്രമം 90,000 രൂപയും 1.19 ലക്ഷം രൂപയും വരെ ഓഫർ കിട്ടും. ഈ സ്പെഷ്യൽ ബെനഫിറ്റുകൾ 2024 മാർച്ച് 31 വരെയാണ് ലഭ്യമാവുക. എന്നാൽ ഡീലർഷിപ്പ്, സ്ഥലം, വേരിയൻ്റ്, കളർ ഓപ്ഷൻ, എഞ്ചിൻ, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാനും സാധ്യതയുണ്ട് കേട്ടോ.
ഇനി ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം. അമേസിലേക്ക് നോക്കിയാൽ മൊത്തത്തിൽ 90,000 രൂപ വരെ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറിനു കീഴിൽ സ്പെഷ്യൽ കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 20,000 രൂപയും, എക്സ്ചേഞ്ച് ബോണസായി 10,000 രൂപ വരെയും, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 6,000 രൂപയും, ലോയൽറ്റി ബോണസായി 4,000 രൂപയും, സ്പെഷ്യൽ എഡിഷൻ ഓഫറായി 30,000 രൂപയുമാണ് ഹോണ്ട ഒരുക്കിയിട്ടുള്ളത്.

അതേസമയം ഹോണ്ട സിറ്റിയിൽ 1.19 ലക്ഷം രൂപ വരെ ഈ മാസം ലാഭിക്കാനാവും. ഇതിൽ 30,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 15,000, രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപ ലോയൽറ്റി ബോണസ്, എക്‌സ്‌ചേഞ്ച് ബോണസായി 6,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 8,000 രൂപ, സ്പെഷ്യൽ കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 20,000 രൂപ, സ്പെഷ്യൽ എഡിഷൻ ബെനിഫിറ്റായി 36,500 രൂപ എന്നിവയും ഉപയോഗപ്പെടുത്താനും.
കഴിഞ്ഞില്ല, ഇതുകൂടാതെ നാലാമത്തെയും അഞ്ചാമത്തെയും വർഷത്തേക്കുള്ള കോംപ്ലിമെൻ്ററി എക്സ്റ്റെൻഡഡ് വാറണ്ടിയായി 13,651 രൂപ ഓഫറും ഹോണ്ട സിറ്റി സെഡാനിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. 2024 മാർച്ചിൽ എലിവേറ്റ് വാങ്ങുന്നവർക്ക് 50,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് ലഭിക്കുന്നത്. വിൽപ്പന മുന്നോട്ട് കുതിക്കുമ്പോൾ നില മെച്ചപ്പെടുത്താനായി മോഡൽ നിരയിൽ ഗംഭീര ഓഫറുകളും ആനുകൂല്യം കൊടുക്കാനും ഹോണ്ട എല്ലാ മാസവും പ്രത്യേകം ശ്രമിക്കാറുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണിത്.


Click it and Unblock the Notifications








